ADVERTISEMENT

മാഹി ∙ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മാഹിക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന പ്രസംഗം നടത്തിയ ബിജെപി നേതാവ് പി.സി.ജോർജിനെതിരെ മാഹിയിൽ പ്രതിഷേധം ഇരമ്പി. മാഹിയെ അപമാനിച്ച പി.സി.ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാഹിയിലെ സ്ത്രീ സമൂഹത്തെ ഒന്നടങ്കം ജനങ്ങളെയാകെ അപമാനിച്ചത് പ്രതിഷേധാർഹമാണ്.

ഈ കാര്യത്തിൽ ദേശീയ വനിതാ കമ്മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇടപെടണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണം. ഇയാൾക്കെതിരെ നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.മോഹനൻ, നളിനി ചാത്തു, പി.പി.വിനോദ്, പി .ടി .സി .ശോഭ, ആശാലത ,കെ.പി.രജിലേഷ് എന്നിവർ പറഞ്ഞു.
∙ പി.സി. ജോർജ് മയ്യഴി ജനതയെ അധിക്ഷേപിച്ചതിൽ നടപടി ആവശ്യപ്പെട്ട് സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ.പി.സുനിൽ കുമാർ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി,
∙ പി.സി.ജോർജിനെതിരെ നിയമ നടപടിയെടുക്കാൻ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ തയാറാവണമെന്നും പി.സി.ജോർജിന്റെ വഴി വിട്ട വാക്കുകളിൽ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
∙ പി.സി ജോർജിന്റെ മാഹിയെ കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവും ആണ് എന്ന് മാഹി മേഖല ബിജെപി പ്രസിഡന്റ് എ.ദിനേശൻ പറഞ്ഞു.

ജോർജ് അടുത്ത കാലത്ത് ബിജെപിയിലേക്ക് വന്നയാളാണ്, അതിന്റെ അനുഭവരാഹിത്യം അയാൾക്കുണ്ട്. അദ്ദേഹം ബിജെപിയുടെ വക്താവല്ല, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തികച്ചും വ്യക്തിപരമാണ്, ഭാരതീയ ജനതപാർട്ടി മാഹി മേഖല കമ്മിറ്റിയുടെ പ്രതിഷേധം കേരള സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. അതുപോലെ പുതുച്ചേരി സംസ്ഥാന പ്രസിഡന്റും ജോർജിന്റെ വാക്കുകളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ദിനേശൻ പറഞ്ഞു.

പി.സി.ജോർജ് മാഹിയിൽ വന്ന് പൊതുവേദിയിൽ മാപ്പ് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളിൽ മാറി മാറി ചേക്കേറി ബിജെപിയിൽ എത്തിയ വാ തുറന്നാൽ അസഭ്യം മാത്രം പറയുന്ന പി.സി ജോർജിനെ മാഹിയിലെ ബിജെപിക്കാർ അംഗീകരിക്കുമോ. പി.സി.ജോർജിന്റെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണർക്കും മാഹി എസ്പിക്കും പരാതി നൽകിയതായി സിപിഎം ലോക്കൽ സെക്രട്ടറി കെ.പി.സുനിൽ കുമാർ പറഞ്ഞു.

മാഹിയിലെ സ്ത്രീകളെ അപമാനിച്ച പി.സി.ജോർജിന്റെ കോലത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചെരുപ്പു കല്ലും എറിഞ്ഞ് പ്രതിഷേധിക്കുന്നു.
മാഹിയിലെ സ്ത്രീകളെ അപമാനിച്ച പി.സി.ജോർജിന്റെ കോലത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ചെരുപ്പു കല്ലും എറിഞ്ഞ് പ്രതിഷേധിക്കുന്നു.

‘പരാമർശം പ്രതിഷേധാർഹം’
മാഹി ∙ ദേശീയ തലത്തിൽ അടിസ്ഥാന വികസന സൗകര്യങ്ങൾ നടപ്പിലാക്കുന്നതിൽ മുൻ നിരയിൽ നിൽക്കുന്ന ചെറിയ ജില്ല മാഹി ആണെന്ന പ്രഖ്യാപനത്തിനു അധികൃതർ ഒരുങ്ങുന്ന സന്ദർഭത്തിൽ മാഹിയെ കുറിച്ച് ഒന്നും അറിയാത്ത പി.സി ജോർജ് നടത്തിയ പരാമർശം പ്രതിഷേധാർഹമാണെന്ന് മുൻ മന്ത്രി ഇ.വത്സരാജ് പറഞ്ഞു. സ്ത്രീകളെ അപമാനിക്കുക വഴി ജോർജ് ചെയ്ത ഗുരുതരമായ കുറ്റത്തിനു ബന്ധപ്പെട്ടവർ കേസ് എടുക്കണം. ജോർജിനെ കൊണ്ട് മാഹിക്കാരോട് മാപ്പ് പറയുവാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയും തയാറാവണം എന്ന് വത്സരാജ് ആവശ്യപ്പെട്ടു.

മാഹി ∙ പി.സി. ജോർജിനെ കേരളീയ സമൂഹം ഭൃഷ്ട് കൽപ്പിച്ച് നാട് കടത്തണമെന്ന് സാമൂഹിക പ്രവർത്തകയും മാഹി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അഡീഷനൽ ഡ്യൂട്ടി കൗൺസലുമായ അഡ്വ.എൻ.കെ. സജ്ന ആവശ്യപ്പെട്ടു.ജോർജിനെതിരെ അധികൃതർ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യണം. ജോർജ് മയ്യഴി ജനതയോട് മാപ്പ് പറയണം. പൊതു സമൂഹത്തിന് ബാധ്യതയായി മാറുന്ന ജോർജിനെ ബി.ജെ.പി പുറത്താക്കണം എന്നും അവർ ആവശ്യപ്പെട്ടു.
∙ പി.സി.ജോർജിന്റെ മാഹിയെ കുറിച്ചുള്ള പരാമർശം നാടിനനോടുള്ള വെല്ലുവിളിയാണെന്നും നികൃഷ്ഠമായ വാക്കുകൾക്ക് എതിരെ നിയമ നടപടി എടുക്കണമെന്നും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദനൻ ആവശ്യപ്പെട്ടു.
∙ പി.സി.ജോർജ് മാഹിയിലെ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ ആവശ്യപ്പെട്ടു.
∙സ്ത്രീ സമൂഹത്തിനു നേരെ നിലവാരം ഇല്ലാത്ത വാക്കുകൾ ഉപയോഗിച്ച് അപമാനിച്ച പി.സി. ജോർജ് മാഹിക്കാരോട് മാപ്പ് പറയണം എന്ന് ജയ്ഹിന്ദ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കുന്നുമ്മൽ, ശ്രീഗോഷ് ബാബു, എം.പി.ശ്രീനിവാസൻ കെ.പി.ജനാർദനൻ എന്നിവർ പ്രസംഗിച്ചു.
പള്ളൂർ ∙ പി.സി.ജോർജിന്റെ മാഹിയിലെ സ്ത്രീകളെ കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എ.കെ.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വടക്കൻ ജനാർദനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിടി.സുരേന്ദ്രൻ, ടി.കെ.ഗംഗാധരൻ, സി.വി.അജിത, ടി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com