അപകടഭീഷണിയിൽ റോഡരിക്; ദുരിതത്തിൽ ചെറു വാഹനങ്ങളും കാൽനടയാത്രക്കാരും
Mail This Article
ചെറുപുഴ∙ മലയോരപാതയുടെ അരികുവശം കോൺക്രീറ്റ് ചെയ്യാത്തതുമൂലം ചെറു വാഹനങ്ങളും കാൽനടയാത്രക്കാരും ദുരിതത്തിൽ. ചെറുപുഴ മത്സ്യമാർക്കറ്റ് മുതൽ ചെറുപുഴ പുതിയപാലത്തിനു സമീപം വരെയുള്ള മലയോരപാതയുടെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യാത്തതാണു ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായി മാറിയത്. മലയോരപാതയുടെ നിർമാണ ഘട്ടത്തിൽ അരികുവശം കോൺക്രീറ്റ് ചെയ്തു ഗതാഗതസൗകര്യം ഒരുക്കുമെന്നു അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും, വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. ഈ ഭാഗങ്ങളിലെ വ്യാപാരികൾ റോഡരികിൽ മണ്ണിട്ടു നികത്തിയാണു ഗതാഗത സൗകര്യം ഒരുക്കിയത്.
ഇതുമൂലം വേനൽക്കാലത്തു പൊടിശല്യവും മഴക്കാലത്തു ചെളിശല്യവും മൂലം യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാണ്. ചിലയിടങ്ങളിൽ ഭൂമിയിൽ നിന്നു ഒരടി ഉയരത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ തുടങ്ങിയ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവു സംഭവമാണ്. റോഡിന്റെ അരികുവശം കോൺക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു വ്യാപാരി സംഘടനകളും നാട്ടുകാരും ഒട്ടേറെ തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഇനിയും ഉണ്ടായിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് റോഡിന്റെ അരികുവശം കോൺക്രീറ്റ് ചെയ്യണമെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.