ADVERTISEMENT

കാളികയം ∙ കണിച്ചാർ പഞ്ചായത്തിലെ കാളികയത്ത് വന്യജീവി സാന്നിധ്യമുള്ളതായി കർഷകർ. വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും വന്യജീവിയെയോ അവയുടെ കാൽപ്പാടുകളോ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രി രണ്ട് മണിയോടെ കാളികയത്തെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനു പോയ കർഷകരാണ് വന്യജീവിയുടെ സാന്നിധ്യം ഉള്ളതായി പരാതിപ്പെട്ടത്. കൊള്ളിക്കൊളവിൽ ജോസ്, രമേശൻ, രോഹിണി എന്നിവരാണ് ടാപ്പിങ്ങിന് പോയത്. തോട്ടത്തിനു സമീപം കടുവയുടേതിനു സമാനമായ മുരൾച്ച കേട്ടു. 

അറുന്നൂറിലേറ റബർ മരങ്ങളുള്ള തോട്ടത്തിൽ ടാപ്പിങ് തുടങ്ങി ഏറെക്കഴിയും മുൻപായിരുന്നു മുരൾച്ച കേട്ടത്. പിന്നീട് പലവട്ടം മുരൾച്ച കേട്ടതോടെ കർഷകർ ടാപ്പിങ് ഉപേക്ഷിച്ച് തിരികെ വീടുകളിലേക്ക് പോയി. പഞ്ചായത്ത് അംഗം സുരേഖ സജിയുടെ നേതൃത്വത്തിൽ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും രാവിലെ തോട്ടത്തിലെത്തി. വന്യജീവിയുടേതെന്നു കരുതാവുന്ന അടയാളങ്ങളൊന്നും ഇവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് ധാരാളം കുറുക്കന്മാർ ഉണ്ടാകാറുണ്ടെന്നു ടാപ്പിങ് തൊഴിലാളികൾ പറയുന്നു. എന്നാൽ വന്യജീവിയുടെ മുരൾച്ച കേട്ട ദിവസം ഇവയെ തോട്ടത്തിനു പുറത്ത് റോഡിനപ്പുറമാണ് കണ്ടതെന്നു ജോസ് പറഞ്ഞു. 

മാസം 19 ന് രാത്രി 11ന് കാളികയം പാലത്തിനു സമീപത്തെ റോഡിലും കൃഷിയിടത്തിലും കടുവയെ കണ്ടതായി വാഹനത്തിൽ പോയവർ അറിയിച്ചിരുന്നു. കണിച്ചാർ ടൗണിൽ നിന്ന് 700 മീറ്ററോളം മാത്രമാണ് ഇവിടേക്കുള്ള ദൂരം. കടുവ സാന്നിധ്യം സംശയിക്കുന്ന മലയോരത്തെ മൂന്നാമത്തെ പഞ്ചായത്താണ് കണിച്ചാർ. കേളകം പഞ്ചായത്തിലെ കരിയംകാപ്പിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്ന അതേ സമയം തന്നെയാണ് കണിച്ചാർ ടൗണിന് സമീപത്തും വന്യജീവിയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്. വനം ഉദ്യോഗസ്ഥരും നാട്ടുകാരും അന്ന് രാത്രി തിരച്ചിൽ നടത്തിയെങ്കിലും ജീവികളെ കണ്ടെത്താനായില്ല.

കണക്കിൽപ്പെടാത്ത കടുവകൾ
കൊട്ടിയൂർ, കേളകം ഭാഗങ്ങളിൽ കണ്ടെത്തുകയും മയക്കുവെടിവച്ച് പിടികൂടിയ ശേഷം ജീവൻ നഷ്ടപ്പെടുകയും ചെയ്ത കടുവകളൊന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കിൽപ്പെടാത്തവയാണ്. ഇതുവരെ കടുവ സാന്നിധ്യം ഇല്ലാതിരുന്ന മേഖലയിലേക്ക് ഏതാനും മാസങ്ങൾക്കിടയിൽ എവിടെ നിന്നാണ് കടുവകൾ എത്തുന്നത് എന്നാണ് നാട്ടുകാരും കർഷക സംഘടനകളും ചോദിക്കുന്നത്.

പുലിപ്പേടിയിൽ ആറളം
ഇരിട്ടി∙ ഊഹാപോഹങ്ങളിലും സ്ഥിരീകരിക്കാത്ത വിവരങ്ങളിലും ഉറക്കം നഷ്ടപ്പെട്ട് ആറളം പുനരധിവാസ മേഖലയിലെ താമസക്കാരും വനപാലകരും. തങ്ങൾ കണ്ടത് പുലിയെ തന്നെയെന്നു പുനരധിവാസ കേന്ദ്രത്തിലെ താമസക്കാർ പറയുമ്പോൾ, പുലിയെന്നു സ്ഥിരീകരിക്കാൻ തക്ക തെളിവില്ലെങ്കിലും മറുത്തുപറയാൻ വനപാലകരും മടിക്കുന്നു. ഇനി പുലി തന്നെ ആണെങ്കിലോയെന്ന ഭയം വനപാലകർക്കും ഉണ്ട്. ആറളം പുനരധിവാസ മേഖലയിൽ പുലിയുടെ കാൽപ്പാടു കണ്ടെന്നും പുലി കാട്ടുപന്നിയെ പിടികൂടി തിന്നെന്നുമാണ് അവസാനമായി വന്ന വിവരം.

ബ്ലോക്ക് 7ൽ താമസിക്കുന്ന ബാലന്റെ വീടിനു സമീപം കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നീറുറവയ്ക്കു സമീപം പുലിയുടെ കാൽപ്പാടു കണ്ടെന്നാണു സമീപത്തെ താമസക്കാരൻ ബാലൻ പറയുന്നത്. ഇതിനു സമീപം കാട്ടുപന്നിയെ എതോ ജീവി കൊന്നു തിന്നതായും ഇതിന്റെ ജഡം പ്രദേശവാസികൾ മറവു ചെയ്തെന്നും പറയുന്നു. വനം വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപന്നിയെ കൊന്നു തിന്നതിനോ കാൽപ്പാടുകൾ പുലിയുടേതെന്നു സ്ഥിരീകരിക്കുന്നതിനോ കഴിഞ്ഞില്ല. ഒരാഴ്ച മുൻപ് ബ്ലോക്ക് 11ൽ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെ പുലി പിടിച്ചിരുന്നു. പുലിയെ കണ്ടെത്തുന്നതിനു 3 ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ പതിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഇരിട്ടി നഗരത്തോട് ചേർന്ന പയഞ്ചേരി കോറയിലും രണ്ട് ദിവസം മു‍ൻപ് കൂളിച്ചെമ്പ്രയിലും പുലിയെ കണ്ടെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com