മരം കടപുഴകി വീണ് 5 പേർക്ക് പരുക്ക്
Mail This Article
ഇരിട്ടി∙ വള്ള്യാട് മൈതാനിയിൽ ബേസ്ബോൾ പരിശീലന ക്യാംപിൽ മരം കടപുഴകി വീണു 5 കായിക താരങ്ങൾക്കു പരുക്കേറ്റു. പരിശീലകന്റെ ബൈക്ക് മരത്തിനടിയിൽ പെട്ടു. ഇരിട്ടി വള്ള്യാട് പഴശ്ശി പദ്ധതി പുറംപോക്കിൽ ബേസ് ബോൾ ജില്ലാ ടീമിന്റെ പരിശീലനം നടക്കുന്നതിനിടെയാണു അപകടം. പരിശീലനത്തിന്റെ ഇടവേളയിൽ മരത്തിനു ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു വിദ്യാർഥികൾ. മൈതാനത്തിനു സമീപത്തുണ്ടായിരുന്ന കൂറ്റൻ തണൽ മരം ചുവട് പിളർന്ന് മൈതാനിയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
മരത്തിന്റെ ചില്ലകൾ തട്ടി 5 കായിക താരങ്ങൾക്ക് നിസ്സാര പരുക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. പരിശീലകൻ മുഹമ്മദ് ഷാഫിയുടെ ബൈക്കാണു മരത്തിനടിയിൽപ്പെട്ടത്. ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി. നിരവധി തണൽ മരങ്ങൾ മൈതാനത്തിനു ചുറ്റും അപകടകരമായ നിലയിൽ ഉണ്ട്. ഇരിട്ടി മേഖലയിൽ കായിക പരിശീലനത്തിനു സൗകര്യമുള്ള മൈതാനം ഇല്ലാത്തതിനാൽ വള്യാട് പഴശ്ശി പദ്ധതിയുടെ പുറപോക്കു ഭൂമിയിലാണു കായിക താരങ്ങൾ പരിശീലനം നടത്തുന്നത്. 100 കണക്കിനു കായിക താരങ്ങൾ വിവിധ കായിക ഇനങ്ങളിൽ പരിശീലനത്തിനായി ഇവിടെ എത്താറുണ്ട്.