വളപട്ടണം പുഴയിൽ ഉപ്പുവെള്ളം

Mail This Article
ശ്രീകണ്ഠപുരം∙ വേനലായതോടെ വളപട്ടണം പുഴയിൽ കടലിൽ നിന്ന് ഉപ്പു വെള്ളം കയറുന്നതു കൊണ്ട് കുറുമാത്തൂർ, ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളിലെ കർഷകർ ദുരിതത്തിൽ. പുഴയോരത്തെ കിണറുകളിലും ഉപ്പിന്റെ അംശം എത്തുന്നുണ്ട്. ഇതു കാരണം വെള്ളത്തിലും ഉപ്പു കലരുകയാണ്. മുൻപ് ഈ പ്രശ്നം ഇല്ലായിരുന്നെന്ന് തേർളായി ദ്വീപിലെ പഞ്ചായത്ത് അംഗം മൂസാൻകുട്ടി തേർളായി പറയുന്നു. തേർളായി ദ്വീപിനു ചുറ്റുമുള്ള പുഴയുടെ ഭാഗങ്ങളിൽ വെള്ളത്തിന് ഉപ്പാണ്. പകൽ സമയത്ത് പുഴക്കരയിൽ എത്തിയാൽ വെള്ളം കൊണ്ട് മുഖം കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
മഴക്കാലത്ത് പുഴ നിറഞ്ഞ് കുത്തൊഴുക്ക് ശക്തിപ്പെട്ടാൽ മാത്രമേ വെള്ളത്തിൽ ഉപ്പിന്റെ അംശം ഇല്ലാതെയാകൂ എന്ന് കർഷകർ പറയുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ചെങ്ങളായി, മലപ്പട്ടം, കൊയ്യം , പെരുമ്പാറക്കടവ് പുഴകളിൽ നിറയെ വെള്ളമുണ്ട്. എന്നാൽ വേനലിന് കാഠിന്യം ഏറിയതോടെ മിക്ക സ്ഥലത്തും വെള്ളം ഉപയോഗ ശൂന്യമാണ്. വേലിയേറ്റ സമയത്ത് പുഴയിലെ വെള്ളത്തിലേക്ക് കടൽ വെള്ളം അടിച്ചു കയറിവരികയാണ്. കടലിലെ ഉപ്പു വെള്ളം അടിച്ചു കയറുന്നത് തടയാനായി നേരത്തേ പറശ്ശിനിക്കടവ് പുഴയിൽ 150 കോടിയുടെ പദ്ധതി ആലോചിച്ചെങ്കിലും നടന്നില്ല.