ആശങ്ക മാറിയില്ല വന്യജീവികൾക്കായി തിരച്ചിൽ തുടരുന്നു
Mail This Article
കണിച്ചാർ∙ വന്യജീവികളുള്ളതായി പരാതിയുയർന്ന പ്രദേശങ്ങളിൽ വനം വകുപ്പിന്റെ തിരച്ചിൽ തുടരുന്നു. കണിച്ചാർ കാളികയം, കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട്, കരിയംകാപ്പ്, ശാന്തിഗിരി, രാമച്ചി, കൊട്ടിയൂർ ടൗൺ, കൊട്ടിയൂർ ക്ഷേത്ര പരിസരം, മന്ദംചേരി, പാൽച്ചുരം എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. അമ്പായത്തോട്ടിൽ കാട്ടാനയുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് രാത്രിയും പരിശോധന നടത്തി. കൊട്ടിയൂർ പഞ്ചായത്തിലും കേളകം പഞ്ചായത്തിലെ ശാന്തിഗിരി മേഖലയിലുമാണ് കാട്ടാനയുടെ ശല്യമുള്ളത്.
കണിച്ചാറിലും കേളകത്തും കടുവയും പുലിയുമാണ്. കേളകം കരിയംകാപ്പ് മേഖലയിൽ ചെന്നായക്കൂട്ടത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടില്ലെങ്കിലും ആനമതിലിന് മറുവശത്ത് ഇവ ധാരാളമുണ്ട്. ആനമതിലിന്റെ തകർന്ന ഭാഗങ്ങളിലൂടെ ഇവ ജനവാസ കേന്ദ്രത്തിൽ എത്താനുള്ള സാധ്യത ഏറെയാണ്. വേനൽച്ചൂട് ഏറിയതോടെ രാജവെമ്പാലകളും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയത് ഭീതി വർധിപ്പിക്കുകയാണ്.