ADVERTISEMENT

പരിയാരം∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്ഥാപനങ്ങളിലെ ശുചിമുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ രണ്ടു വർഷമായി മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്കാണ് എത്തുന്നത്. ഇതുമൂലം ജനങ്ങൾ ആശ്രയിക്കുന്ന അലക്യം തോട്ടിലെ വെള്ളത്തിൽ ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കൂടി. പരിയാരം ആയുർവേദ കോളജിന്റെ കിണറും ഈ തോടിനു സമീപത്താണു സ്ഥിതി ചെയ്യുന്നത്.

മലിനജലം വെള്ളത്തിൽ കലർന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയിലാണു ജനങ്ങൾ.അതിനിടെയാണു പൈപ്പ് പൊട്ടിയുള്ള ചോർ‍ച്ച. ദേശീയപാത നിർമാണത്തിനിടെയാണ് മെഡിക്കൽ കോളജിൽ നിന്നു മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കു മലിനജലം പോകുന്ന പൈപ്പ് പൊട്ടിയത്. ഇതോടെ, ദേശീയപാത കഴിഞ്ഞ ദിവസം മാലിന്യത്തോടായി മാറി. വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരുടെ ദേഹത്തേക്കു തെറിക്കുന്നതിനാൽ യാത്രയും ദുരിത പൂർണമാകുന്നുണ്ട്.

മലിനജലം ഒഴുക്കുന്നത് ആശുപത്രിപരിസരത്ത്
ദേശീയപാതയിൽ നിന്ന് 200 മീറ്ററോളം മാറിയാണ് മെഡിക്കൽ കോളജിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റ്. 10 ലക്ഷം ലീറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റാണിത്. 2004ൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ചെയർമാനായ എം.വി.രാഘവന്റെ ഭരണസമിതിയാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. അന്ന് 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിച്ചിരുന്നു. ഇന്ന്, പ്ലാന്റിലെ പത്ത് മോട്ടറുകളിൽ ഒന്നു മാത്രമാണു പ്രവർത്തിക്കുന്നത്. അതും ചിലപ്പോൾ പണിമുടക്കും. അതുകൊണ്ട്, മലിനജലം ആശുപത്രി പരിസരത്തും മറ്റും ഒഴുക്കുകയാണു പതിവ്.

പ്ലാന്റ് അറ്റകുറ്റപ്പണി നടത്താൻ 76 ലക്ഷം രൂപ അനുവദിച്ചതായി  5 മാസം മുൻപേ ആശുപത്രി  അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മലിനജല സംസ്കരണ പ്ലാന്റ് നവീകരിക്കുന്ന യാതൊരു പ്രവൃത്തിയും  ഇതുവരെ നടന്നില്ല. കേന്ദ്ര സർക്കാരിന്റെ ‘സ്വഛ്ഭാരത്’ പദ്ധതിയിൽ 12 കോടി ഫണ്ടിൽ അത്യാധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വാദം. മെഡിക്കൽ കോളജിനു പിന്നിൽ കടന്നപ്പള്ളി റോഡിനോട് ചേർന്നു പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ഉടൻ നടപടി തുടങ്ങുമത്രേ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com