വയസ്സ് 61; തങ്കം ഇത്തവണ സ്വയം വോട്ട് ചെയ്യും
Mail This Article
മാങ്ങാട്ടുപറമ്പ് ∙ കാഴ്ചപരിമിതി കാരണം 61ാം വയസ്സിനിടയിൽ ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ പി.വി.തങ്കത്തിന് സ്വയം വോട്ടു ചെയ്യാൻ കഴിഞ്ഞിട്ടില്ല. സഹായികളാണു തങ്കത്തിനായി വോട്ട് ചെയ്തിരുന്നത്. ഇത്തവണ തങ്കം ഒറ്റയ്ക്ക് വോട്ടു ചെയ്യാൻ പഠിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ജില്ലാ സാമൂഹിക നീതി വിഭാഗം എന്നിവയാണു ധർമശാലയിൽ കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് സഹായികളില്ലാതെ ബാലറ്റ് യൂണിറ്റിൽ നേരിട്ടു വോട്ട് ചെയ്യുന്നതിനു പരിശീലനം നൽകിയത്. ജില്ലാ സാമൂഹിക നീതി ഓഫിസർ പി.ബിജു ഉദ്ഘാടനം ചെയ്തു. ഇന്ന് തോട്ടട കെഎഫ്ബി ഓഫിസിൽ പരിശീലനം നടക്കും.
ബ്രെയ്‌ലി ലിപി: വോട്ട് ചെയ്യേണ്ടവിധം
സ്ഥാനാർഥിയുടെ ക്രമം അനുസരിച്ചു ബാലറ്റ് യൂണിറ്റിൽ ബ്രെയ്‌ലി ലിപിയിലും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ക്രമനമ്പർ തൊട്ടു ഉറപ്പുവരുത്തി അതിനു നേരെയുള്ള കുഴിയിലെ ബട്ടണിൽ വിരൽ അമർത്തണം. ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ട് ചെയ്തെന്നു ഉറപ്പുവരുത്താനാകും.സ്ഥാനാർഥിയുടെ ക്രമനമ്പർ അറിയണമെങ്കിൽ പോളിങ് ഓഫിസറുടെ കൈവശം ബ്രെയ്‌ലിയിൽ തയാറാക്കിയ ബാലറ്റ് പേപ്പർ ആവശ്യപ്പെടാം.