പ്രവാസികളെ പ്രതിസന്ധിയിലാക്കി കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്; വന്നുപോകാൻ ചെലവിങ്ങനെ
![flight പ്രതീകാത്മക ചിത്രം. Image credit Jag_cz / Shutterstock](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/8/5/flight.jpg?w=1120&h=583)
Mail This Article
മട്ടന്നൂർ∙ പെരുന്നാളും വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ചില സെക്ടറിൽ 3 ഇരട്ടിയോളമാണു വർധന. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതോടെ ദോഹയിലേക്കുള്ള ഇൻഡിഗോയുടെ സർവീസ് ഒഴികെ മറ്റെല്ലാ രാജ്യാന്തര റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തുന്നത്. മത്സരം ഇല്ലാതായതോടെ നിരക്കും കൂടി. നിരക്ക് തീരുമാനിക്കുന്നതു വിമാന കമ്പനികൾ നേരിട്ടാണ്.
വന്നുപോകാൻ ചെലവിങ്ങനെ
∙ മാർച്ച് 28ന് ജിദ്ദയിൽ നിന്ന് കണ്ണൂരിലെത്താൻ 60,500 രൂപ മുടക്കണം. ഏപ്രിൽ 2ന് 55,000 രൂപയും 10ന് 50,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആഘോഷങ്ങൾ കഴിഞ്ഞ് തിരിച്ച് പോകാൻ ഏപ്രിൽ 14ന് ശേഷം ജിദ്ദയിലേക്ക് 30,000 നും 35,000 നും ഇടയിൽ ചെലവാക്കണം.
∙ സാധാരണഗതിയിൽ ബഹ്റൈനിൽ നിന്ന് 12,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഏപ്രിൽ ആദ്യവാരത്തിൽ ഇത് 26,000 രൂപയ്ക്ക് മുകളിലാണ്. ഏപ്രിൽ പകുതിക്ക് ശേഷം തിരിച്ച് ബഹ്റൈനിലേക്ക് പോകാനും ഇതേ നിരക്കിലാണ് ടിക്കറ്റ്.
∙ റിയാദിൽ നിന്ന് മാർച്ച് 28ന് നാട്ടിലെത്താൻ 39,000 രൂപയ്ക്ക് മുകളിൽ നൽകണം. തിരിച്ച് പോകാനും 35,000 നും 37,000 നും ഇടയിലാണ് ടിക്കറ്റ് നിരക്ക്.
ഉയർന്നുപൊങ്ങാൻ ഉഡാനില്ല
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സമ്മർ ഷെഡ്യൂളിലും ഉഡാൻ സർവീസ് ഇല്ല. വിമാനത്താവളത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ഉഡാൻ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു.വിമാനത്താവളത്തിന്റെ തുടക്കത്തിൽ ഇൻഡിഗോ എയർലൈൻസ് ആണ് 2019 ജനുവരി മുതൽ 2022 ജനുവരി വരെ ഉഡാൻ പദ്ധതിയിൽ (സാധാരണക്കാർക്ക് ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചത്) ഉൾപ്പെടുത്തി ഗോവ, ഹുബ്ബള്ളി ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസ് നടത്തിയത്.
3 വർഷത്തേക്കുള്ള കരാർ കാലാവധി കഴിഞ്ഞതോടെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ സെക്ടറിൽ സർവീസ് നടത്താൻ വിമാന കമ്പനി താൽപര്യം കാണിച്ചിരുന്നില്ല. കോവിഡിന് ശേഷം പദ്ധതിയുടെ കാലാവധി കഴിഞ്ഞ ശേഷം സമ്മർ ഷെഡ്യൂളിൽ സാധാരണ സർവീസ് തുടങ്ങിയപ്പോൾ ഉഡാൻ പദ്ധതിയിലെ ഗോവ, ഹുബ്ബള്ളി അവസാനിപ്പിച്ചു. ഡൽഹിയിലേക്ക് സർവീസ് കുറവായതിനാൽ പലരും ഗോവ വഴിയാണ് ഡൽഹിക്ക് പോയിരുന്നത്. വേനൽക്കാലത്ത് കണ്ണൂരിനും ഗോവയ്ക്കും ഇടയിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു.