പഴയ ദേശീയപാതയാണ്; എന്നിട്ടും ഈ റൂട്ടിനോട് മാത്രമെന്തേ ഇത്ര അവഗണന?
Mail This Article
എടക്കാട്∙ പഴയ ദേശീയപാതയാണ്, എന്നിട്ടും ഈ റൂട്ടിനോട് മാത്രമെന്തേ ഇത്ര അവഗണന? ചോദിക്കുന്നത് താഴെചൊവ്വ–തോട്ടട–നടാൽ റൂട്ടിലെ യാത്രക്കാരാണ്. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ റൂട്ടുതന്നെ അപ്രസക്തമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
എന്താണ് പ്രശ്നം?
ദേശീയപാത പൂർത്തിയായാൽ താഴെചൊവ്വ–തോട്ടട– വഴി നടാൽ റെയിൽവേ ഗേറ്റ് കടന്ന് തലശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ മൂന്നര കിലോമീറ്റർ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ ചാല അമ്പലം ഭാഗത്തേക്ക് പോയി വേണം തലശ്ശേരിയിലേക്ക് കടക്കാൻ. മിക്കപ്പോഴും പത്തോ, പതിനഞ്ചോ മിനിറ്റ് ഗേറ്റ് അടഞ്ഞുകിടക്കുന്ന സാഹചര്യമാണ് നടാൽ റെയിൽവേ ഗേറ്റിലുള്ളത്.
കാത്തുനിന്നാൽ മാത്രം പോരാ അതിൽ കൂടുതൽ സമയമെടുത്ത് വളഞ്ഞുചുറ്റി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടാവുക.അങ്ങനെ ഉണ്ടായാൽ ഈ റൂട്ടിലൂടെ സർവീസ് നടത്താൻ ബസുകൾ മടിക്കും. അവർ പഴയ ദേശീയപാതയിൽ നിന്ന് നേരിട്ട് ചാലയിലേക്ക് കടക്കും.അപ്പോൾ നടാൽ വരെയുള്ള 7 കിലോമീറ്ററിലെ കണ്ണൂർ ഗവ.പോളിടെക്നിക്ക്, ഐടിഐ, വനിതാ ഐടിഐ, ടെക്നിക്കൽ സ്കൂൾ, എസ്എൻ കോളജ്, എസ്എൻ ട്രസ്റ്റ് സ്കൂൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി എന്നിവയിലേക്കുള്ള യാത്രക്കാരും പ്രദേശവാസികളും യാത്രാമാർഗമില്ലാതെ വലയും.