ADVERTISEMENT

കണ്ണൂർ∙ പിഎസ്​സി അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം ലഭിക്കാതായതോടെ ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസിനു മുന്നിൽ 3 ആഴ്ചയായി യുവതിയുടെ കുത്തിയിരിപ്പ്. കൂത്തുപറമ്പ് ചെറുവാഞ്ചേരി വേളായി സ്വദേശി എൻ.സൗമ്യ നാണുവാണ് നിശ്ശബ്ദ സമരത്തിലുള്ളത്.ദിവസവും രാവിലെ യുവതി ഓഫിസിനു മുന്നിലെത്തും. ഉദ്യോഗസ്ഥരെ സമീപിക്കും. തന്റെ ജോലിക്കാര്യം ചോദിക്കും. എല്ലാവരും കൈമലർത്തും. ഓഫിസ് അടയ്ക്കുമ്പോൾ തിരികെ വീട്ടിലേക്കു പോകും. 3 ആഴ്ചയായി യുവതി ഇതു തുടരുകയാണ്. ജനുവരി 4നാണ് സൗമ്യയ്ക്കു പിഎസ്​സി നിയമന ഉത്തരവ് നൽകുന്നത്.

ഒഴിവുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന വകുപ്പ് അറിയിച്ചതിനെ തുടർന്ന് പെരിങ്ങോത്ത് മോഡൽ റസി‍ഡൻഷ്യൽ സ്കൂളിലെ ‘ആയ’ ഒഴിവിലേക്കായിരുന്നു നിയമനശുപാർശ. എന്നാൽ പിഎസ്​സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവിലേക്കു ഉദ്യോഗാർഥിക്കു നിയമന ശുപാർശ നൽകിയശേഷം ഇപ്പോൾ ഒഴിവ് ഇല്ല എന്നാണ് ജില്ലാ പട്ടികജാതി ഓഫിസിൽനിന്ന് പറയുന്നത്. ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസിന്റേത് ഉത്തരവാദിത്തരഹിത നടപടിയെന്ന് ചൂണ്ടിക്കാട്ടി പിഎസ്​സി ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസർ‌ക്ക് കത്ത് നൽകിയിട്ടുണ്ട്. പിഎസ്​സിക്ക് ഒരിക്കൽ റിപ്പോർട്ട് ചെയ്ത ഒഴിവ് പിന്നീട് റദ്ദാക്കാൻ പാടില്ലെന്ന് സർക്കാർ നിഷ്ക്കർഷിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കത്ത് നൽകിയത്. 

ഒന്നാം റാങ്കുകാരിക്ക് ജോലിയില്ല!
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പെരിങ്ങോത്ത് നിർമാണം പൂർത്തിയായ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 8 തസ്തികകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ അഭാവം കാരണം സ്കൂൾ പ്രവർത്തനം തുടങ്ങിയില്ല. മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നതിനായി പട്ടിക വർഗ വികസന വകുപ്പിന് കൈമാറുകയും ചെയ്തു. ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ ‘ആയ’ തസ്തികയിൽ ഒഴിവില്ലാത്തതിനാൽ സൗമ്യയുടെ നിയമനോത്തരവിന്റെ കാര്യത്തിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറിൽ നിന്നു നിർദേശം തേടിയതിൽ നിയമനോത്തരവ് നൽകാൻ നിർവാഹമില്ലെന്നാണ് ഉപദേശം കിട്ടിയതെന്നും ജില്ലാ പട്ടിക ജാതി വികസന വകുപ്പ് ഓഫിസ് പറയുന്നു. പട്ടികയിൽ ഒന്നാം റാങ്കുകാരിയായ സൗമ്യയ്ക്ക് നിയമനം നൽകിയില്ലെങ്കിലും സൗമ്യയ്ക്ക് ശേഷമുള്ള 2 ഉദ്യോഗാർഥികൾക്ക് മറ്റ് തസ്തികയിൽ നിയമനം ലഭിച്ചിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com