നികുതി അടയ്ക്കാൻ കൈക്കൂലി: വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ
Mail This Article
പയ്യന്നൂർ ∙ നികുതി അടയ്ക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ രാമന്തളി വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് പി.ലിഗേഷിനെ (48) വിജിലൻസ് ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. ലിഗേഷിന്റെ കരിവെള്ളൂർ കൂക്കാനം യുപി സ്കൂളിന് സമീപത്തെ വീട്ടിലും വിജിലൻസ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. 8 വർഷമായി നികുതി അടയ്ക്കാത്ത സ്ഥലത്തിന്റെ നികുതി അടയ്ക്കാനാണ് 2000 രൂപ പരാതിക്കാരനായ രാമന്തളി കൊവ്വപ്പുറം സ്വദേശിയിൽ നിന്ന് കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് പൊലീസ് പറഞ്ഞു.
നേരത്തേ 2 തവണകളായി 3000 രൂപ വാങ്ങിയിരുന്നുവെന്നു പരാതിക്കാരൻ വിജിലൻസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ടി.മധുസൂദനൻ നായരാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.ആർ.മനോജ്, എസ്ഐമാരായ എൻ.കെ.ഗിരീഷ്, നിജേഷ്, പ്രവീൺ, അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത്ത്, ഹൈറേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.