ADVERTISEMENT

എടക്കാട്∙ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്നലെ നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കെഎസ്ആർടിസി പകരം സർവീസും നടത്തിയില്ല. ദേശീയപാത നിർമാണം പൂർത്തിയായാൽ താഴെചൊവ്വ–തോട്ടട വഴി നടാൽ റെയിൽവേ ഗേറ്റ് കടന്ന് തലശ്ശേരിയിലേക്കു പോകേണ്ട വാഹനങ്ങൾക്ക് മൂന്നര കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കിയത്.ബസുകൾ ഓടാതിരുന്നിട്ടും അധികൃതർ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും ഒരാഴ്ചയ്ക്കകം തീരുമാനമില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് ഓട്ടം നിർത്തിവയ്ക്കുമെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

പ്രശ്നം പരിഹരിക്കാൻ അടിപ്പാത നിർമിക്കാൻ സാധിക്കില്ലെങ്കിൽ നടാൽ റെയിൽവേ ഗേറ്റ് കടന്നുപോകുന്ന ബസുകളെ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി എടക്കാട് ടൗൺ അടിപ്പാത വരെ ഓടാൻ അനുവദിക്കണമെന്നു ബസുടമകൾ ആവശ്യപ്പെടുന്നു. ഈ അടിപ്പാതയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാം. ഇതിന് വേണ്ടി എടക്കാട് അടിപ്പാത മുതൽ നടാൽ വരെ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടണമെന്നും ആവശ്യപ്പെടുന്നു.

താഴെചൊവ്വ–തോട്ടട–നടാൽ റൂട്ടിലൂടെ നടാൽ റെയിൽവേ ഗേറ്റ് കടന്ന് തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾ മൂന്നര കിലോ മീറ്റർ വീണ്ടും പിന്നോട്ട് ഓടേണ്ട സാഹചര്യം അംഗീകരിക്കാൻ പറ്റില്ല. അഥവാ അങ്ങനെ ഓടിയാൽ തന്നെ യാത്രക്കാർ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കും. ഇത് റൂട്ടിലെ സ്വകാര്യ ബസ് സർവീസ് നിലയ്ക്കുന്നതിന് കാരണമാകുമെന്നു ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.ബസ് സമരം മൂലം എടക്കാട്, മുഴപ്പിലങ്ങാട് ഭാഗത്തുള്ളവർ ചാല ബൈപാസ് വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ആശ്രയിച്ചു. കിഴുന്നപ്പാറ–തോട്ടട പ്രാദേശിക റൂട്ടിലെ ബസുകൾ ഓടിയത് തോട്ടട മുതൽ താഴെചൊവ്വ വരെയുള്ള യാത്രക്കാർക്ക് അൽപം ആശ്വാസമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com