ADVERTISEMENT

ഇരിട്ടി∙ പഴശ്ശി പദ്ധതി ജലാശയത്തോടു ചേർന്നു നട്ടുച്ചയ്ക്കും തണൽ വിരിച്ചുനിൽക്കുന്ന നേരംപോക്കിലെ വടക്കേക്കര പ്രദേശത്ത് പ്രകൃതി സൗഹൃദ പാർക്കും നീന്തൽ കുളവും സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. പാരിസ്ഥിതിക വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ പാർക്കും സ്ഥാപിക്കണം. പഴശ്ശി അണക്കെട്ടിൽ ഷട്ടർ അടയ്ക്കുന്നതോടെ 3 ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹര തീരം ആണിത്. കടുത്ത വെയിലിലും തണുപ്പ് നൽകുന്ന കാലാവസ്ഥയിൽ ഹരിത ജലാശയ കാഴ്ചയും സമ്മാനിക്കുന്ന 6 ഏക്കറോളം ഭൂപ്രദേശമാണ് ഇവിടെ സഞ്ചാരികളെ മാടിവിളിക്കുന്നത്.


ഇരിട്ടി നേരംപോക്കിൽ ഇക്കോ പാർക്ക് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്ന സ്ഥലം.
ഇരിട്ടി നേരംപോക്കിൽ ഇക്കോ പാർക്ക് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്ന സ്ഥലം.

ഇവിടം പ്രകൃതി സൗഹൃദ പാർക്കായി മാറ്റുന്നതിലൂടെ മേഖലയുടെ വികസന വേഗം വർധിക്കും. നിരവധി പേർക്കു തൊഴിലും ലഭിക്കും. ഇരിട്ടി നഗരത്തിൽ സായന്തനം ചെലവഴിക്കാൻ പറ്റിയ ഒരു തരത്തിലുള്ള വിനോദോപാധികളും ഇല്ലെന്നിരിക്കെ ഈ പ്രദേശത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇരിട്ടി നഗരത്തിൽ നിന്നും കീഴൂർ കവലയിൽ നിന്നും ഇവിടെ എത്തിച്ചേരാൻ 1 കിലോമീറ്ററിൽ താഴെ മാത്രമാണു ദൂരം.

ഇരിട്ടി - എടക്കാനം - പഴശ്ശി പദ്ധതി റോഡും കീഴൂർ- എടക്കാനം റോഡും സംഗമിക്കുന്ന സ്ഥലം കൂടിയാണ്. ഇരിട്ടിയിലെ പ്രധാന ക്ഷേത്രങ്ങളായ കീഴൂർ മഹാദേവക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവയും സമീപത്തായി ഉണ്ട്. പ്രകൃതി സൗഹൃദ പാർക്ക് വരുന്നതോടെ വള്ള്യാട്‌ സഞ്ജീവനി വനം, പുഴക്കക്കരെയുള്ള പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന സോളർ ബോട്ട് സർവീസിനും പഴശ്ശി ജലാശയത്തിൽ സാധ്യത ഉണ്ട്.

നിർദിഷ്ട പാർക്കിനും എടക്കാനം റോഡിനും ഇടയിലുള്ള വെള്ളം കയറി കിടക്കുന്ന പ്രദേശം ഉൾപ്പെടുത്തി ഒരു ദേശീയ നിലവാരത്തിലുള്ള നീന്തൽ കുളവും കൂടി നിർമിക്കാൻ കഴിയുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലയിലെയും മലയോര മേഖലയിലെയും നീന്തൽ താരങ്ങളെ വളർത്തിയെടുക്കുന്നതിനും കായികമേഖലയ്ക്കു കുതിപ്പേകുന്നതിനും സഹായകമാകും. കലാപരിപാടികൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവയ്ക്കുള്ള വേദിയും ഒരുക്കാൻ കഴിയും. നിരവധി സിനിമകൾക്കും ഹ്രസ്വ ചിത്രങ്ങൾക്കും വിവാഹ വിഡിയോ ചിത്രീകരണങ്ങൾക്കും ഈ പ്രദേശം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഒരു പാട് ചരിത്രം നേരംപോക്ക് വടക്കേക്കര പ്രദേശത്തിനുണ്ട്. 30 വർഷം മുൻപ് ഇവിടെ നാട്ടുകാർ പാർക്ക് നിർമിക്കാൻ ശ്രമിച്ചിരുന്നു. പ്രകൃതി സൗഹൃദ പാർക്ക് നിർമിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com