ADVERTISEMENT

കുറ്റ്യാട്ടൂർ ∙ വായനയുടെയും എഴുത്തിന്റെയും വസന്തമൊരുക്കി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വേശാല ഈസ്റ്റ് എഎൽപി സ്കൂളിലെ ഒന്നാം ക്ലാസുകാർ. പാഠ്യവിഷയ സംബന്ധമായ ഏത് ചിത്രങ്ങൾ നൽകിയാലും അതിന് അനുയോജ്യമായ കഥകളും കവിതകളും രചിച്ചാണ് ഒന്നാം ക്ലാസിലെ കുരുന്നുകൾ താരങ്ങളായി മാറിയത്. 

ഈ അധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസിൽ നടപ്പാക്കിയ സചിത്ര പുസ്തകം, സംയുക്ത ഡയറി എന്നിവയിലൂടെയാണ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ഒന്നാം ക്ലാസുകാർ പ്രവേശിച്ചത്. ജൂൺ മാസം മുതൽ ആരംഭിച്ച ഡയറി പുസ്തകമാക്കി ഡിസംബറിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ മുതൽ ചെറിയ കഥകൾ എഴുതാനുള്ള ശ്രമം രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ് അധ്യാപിക എം.എം.വിജയകുമാരി നടപ്പാക്കി.

വായനശാലയിൽകുഞ്ഞെഴുത്തുകളും
ചിത്രങ്ങൾ നൽകി ചെറിയ വരികളിലൂടെ ആശയം കുട്ടികളെ കൊണ്ട് പറയിക്കുകയും പിന്നീടത് എഴുത്തിലേക്കും വായനയിലേക്കും എത്തിക്കുകയാണ് ചെയ്തത്. 'ഏകദേശം 40 കഥാ പുസ്തകങ്ങൾ ഒന്നാം ക്ലാസിന്റേത് മാത്രമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സ്കൂളിനു സമീപമുള്ള നവപ്രഭ വായനശാല, മഹാത്മാ ഗ്രാമോദ്ധാരണ വായനശാല, എൻ.കൃഷ്ണൻ സ്മാരക വായനശാല എന്നീ വായനശാലകളിൽ ഒന്നും, രണ്ടും ക്ലാസുകളിലെ കുട്ടികളുടെ പുസ്തകങ്ങൾ ഇടംനേടിയതോടെ വായനശാലകളിൽ നിന്നു നാട്ടുകാർക്കും പുസ്തകങ്ങൾ വായിക്കാം.

ഇംഗ്ലിഷിലും പുസ്തകം തയാർ
ഒന്നാം ക്ലാസിലെ മിടുക്കികളും മിടുക്കൻമാരും ആയ കുരുന്നുകൾ മലയാളത്തിൽ മാത്രമല്ല, ഇംഗ്ലിഷിലും എഴുതിയിട്ടുണ്ട് ആറ് കഥാ പുസ്തകങ്ങൾ. ഇംഗ്ലിഷിലെ ഓരോ പാഠഭാഗത്തിനും അനിമേഷൻ വിഡിയോ തയാറാക്കി അനുയോജ്യമായ ശബ്ദങ്ങൾ കുട്ടികൾ തന്നെ നൽകി അത്തരം വിഡിയോ ക്ലാസിൽ പ്രദർശിപ്പിച്ച് അതിൽ നിന്ന് കഥകൾ എഴുതിക്കുന്ന രീതിയും ഒന്നാം ക്ലാസ്സിൽ നടപ്പാക്കിയിരുന്നു. 

തളിപ്പറമ്പ് സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം പഠന നിലവാരത്തിലും കലാകായിക മേഖലയിലും ഏറെ മുൻപന്തിയിലാണ്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും വിജയങ്ങൾക്കു പിന്നിലും അധ്യാപികമാരായ എം.എം.വിജയകുമാരി, എം.പ്രഭിത, ഇ.ശ്രുതി, കെ.രമ്യ, എന്നിവരുടെ നിരന്തരമായ പരിശ്രമമാണെന്നു പിടിഎ പറയുന്നു. 

പിടിഎ, എംപിടിഎ പ്രസിഡന്റുമാരായ മഹേഷ് കൊട്ടോരാൻ, സി.രൂപ, മാനേജ്മെന്റ് പ്രതിനിധികളായ എൻ.കെ.നളിനി, എസ്.പി.മധുസൂദനൻ എന്നിവരും രക്ഷിതാക്കളും നാട്ടുകാരും പൂർണ സഹകരണവുമായി സ്കൂളിനു ഒപ്പമുണ്ടെന്ന് പ്രധാനാധ്യാപിക ഒ.എം.ശൈലജ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com