ADVERTISEMENT

കണ്ണൂർ∙ യഥാർഥ പ്രതിയുടെ വീടിന് പകരം മറ്റൊരാളുടെ വീട്ടിൽ പരിശോധന നടത്തുകയും അവിടെയുണ്ടായിരുന്ന വയോധികയുമായി നടന്ന ബലപ്രയോഗത്തിൽ നിലത്തുവീണ വയോധികയ്ക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മട്ടന്നൂർ മുൻ എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. എസ്ഐക്കെതിരെ സ്വീകരിച്ച നടപടികൾ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കണമെന്നും കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകി.

എസ്ഐക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ കമ്മിഷൻ കൂടുതൽ ശിക്ഷാനടപടികൾ നിർദേശിച്ചില്ല. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരം സമീപനം പരിഷ്കൃത സമൂഹത്തിന്  ചേർന്നതല്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും അയയ്ക്കും. നിർമലഗിരി കണ്ടേരി കൊയിത്തിക്കണ്ടി വീട്ടിൽ കെ.കദീജ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

മട്ടന്നൂർ കോളാരി ബറോഡ മുക്കിൽ താമസിക്കുന്ന മകളുടെ കുടുംബത്തെ സന്ദർശിക്കാൻ 2021 ജൂലൈ 13ന് എത്തിയ പരാതിക്കാരിക്കാണു പൊലീസ് അതിക്രമത്തിൽ പരുക്കേറ്റത്. മട്ടന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത 586/21 നമ്പർ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് അന്നത്തെ മട്ടന്നൂർ സ്റ്റേഷനിലെ എസ്ഐ ഷിബു പി.പോൾ  വീട്ടിലെത്തിയത്.  പരാതിക്കാരിയെ തള്ളി മാറ്റിയപ്പോൾ നിലത്തു വീണ് നടുവിനും ഇടത് തോളിനും പരാതിക്കാരിക്ക് പരുക്കേറ്റു. തുടർന്ന് ചികിത്സ തേടി. മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് നേരിട്ട് അന്വേഷണം നടത്തി.

കുറ്റം സമ്മതിച്ച് എസ്ഐ
വീട് മാറി പോയതാണെന്ന് എസ്ഐ സമ്മതിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അയച്ചുതന്ന അഷ്ക്കറിന്റെ ചിത്രം വച്ചാണ് വീട് അന്വേഷിച്ചത്. തങ്ങൾ അന്വേഷിക്കുന്ന അഷ്കറുടെ വീടിന് പകരം മറ്റൊരു അഷ്കറുടെ വീടാണ് പരിശോധിച്ചത്. ഇക്കാര്യം പരിശോധനയ്ക്ക് ശേഷമാണ് മനസ്സിലായതെന്ന് എസ്ഐ അന്വേഷണ സംഘത്തെ അറിയിച്ചു. മനഃപൂർവമല്ലാത്ത വീഴ്ചയ്ക്ക് സിറ്റി പൊലീസ് കമ്മിഷണർ എസ്ഐയ്ക്കെതിരെ രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് എസ്ഐ കമ്മിഷനെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com