ADVERTISEMENT

കെ. സുധാകരൻ
∙ തളാപ്പ്  ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയാണു യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ അഴീക്കോട് നിയോജക മണ്ഡലത്തിലെ പര്യടനത്തിനു തുടക്കമിട്ടത്. ക്ഷേത്ര പരിസരത്തു കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് പര്യടനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പു സമയത്തു പ്രതിപക്ഷ പാർട്ടികളുടെ ഫണ്ടുകൾ  മരവിപ്പിച്ചു മുന്നോട്ടു പോകുന്ന ഫാഷിസ്റ്റ് വേട്ടയ്ക്ക് ഇന്ത്യൻ ജനത തിരിച്ചടി നൽകുമെന്നു ടി.സിദ്ദിഖ് പറഞ്ഞു. 

യുഡിഎഫ് അഴീക്കോട് മണ്ഡലംതല തിരഞ്ഞെടുപ്പ് പ്രചാരണം കണ്ണൂർ തളാപ്പിൽ ഉദ്ഘാടനം ചെയ്ത കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎയും സജീവ് ജോസഫ് എംഎൽഎയും സ്ഥാനാർഥി കെ.സുധാകരനുമായി നർമം പങ്കിട്ടപ്പോൾ. ചിത്രം: മനോരമ
യുഡിഎഫ് അഴീക്കോട് മണ്ഡലംതല തിരഞ്ഞെടുപ്പ് പ്രചാരണം കണ്ണൂർ തളാപ്പിൽ ഉദ്ഘാടനം ചെയ്ത കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎയും സജീവ് ജോസഫ് എംഎൽഎയും സ്ഥാനാർഥി കെ.സുധാകരനുമായി നർമം പങ്കിട്ടപ്പോൾ. ചിത്രം: മനോരമ

‘ഇന്ത്യയിലെ അറുപതോളം സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം എങ്ങനെയാണു ബിജെപിക്കു ബദലാവുക? കേന്ദ്ര സർക്കാരിനെതിരെയും നരേന്ദ്ര മോദിക്കെതിരെയും ഒരക്ഷരം മിണ്ടാൻ തയാറാകാത്ത പിണറായി വിജയൻ എങ്ങനെ ജനങ്ങളുടെ സംരക്ഷകനാവും? സിപിഎം സ്വന്തം ചിഹ്നം സംരക്ഷിക്കാൻ മത്സരിക്കുമ്പോൾ രാജ്യത്തെ സംരക്ഷിക്കാനാണു കോൺഗ്രസ് മത്സരിക്കുന്നത്.’

കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനെ ചേലോറ പ്രസാദ് പീടികയിൽ  വാളും പരിചയും കീരിടവുമണിയിച്ച് സ്വീകരിച്ചപ്പോൾ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമീപം.
കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനെ ചേലോറ പ്രസാദ് പീടികയിൽ വാളും പരിചയും കീരിടവുമണിയിച്ച് സ്വീകരിച്ചപ്പോൾ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമീപം.

സിദ്ദിഖ് പറഞ്ഞു. അബ്ദുൽ കരിം ചെലേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, വി.എ.നാരായണൻ,  പി.ടി.മാത്യു, ടി.ഒ.മോഹനൻ, സി.എ.അജീർ, സുനിൽ, റിജിൽ മാക്കുറ്റി എന്നിവർ പ്രസംഗിച്ചു. കെ.സുധാകരന്റെ ഇന്നത്തെ പര്യടനം 11.30ന് കാക്കോത്തു നിന്നു തുടങ്ങും. 8.30ന് ചാല ഹൈസ്കൂളിൽ സമാപിക്കും. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിലെത്തിയപ്പോൾ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയിലെത്തിയപ്പോൾ.

എം.വി.ജയരാജൻ
എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ കണ്ണൂർ മണ്ഡലത്തിൽ പര്യടനം നടത്തി. മുണ്ടേരി പഞ്ചായത്തിലും കണ്ണൂർ കോർപറേഷൻ വാർഡുകളിലുമായിരുന്നു പര്യടനം. തലമുണ്ടയിൽ തുടങ്ങി വെത്തിലപ്പള്ളിയിൽ സമാപിച്ചു.  ചേലോറ കോളനി, പള്ളിപ്പൊയിൽ എന്നിവിടങ്ങളിലെത്തിയപ്പോൾ വിദ്യാർഥികൾ കളരിയഭ്യാസ പ്രകടനത്തോടെയായാണു സ്വീകരിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. സഹദേവൻ, എൻ. ചന്ദ്രൻ, ഇ. പി.ആർ വേശാല, കെ.ബാബു രാജ്, എം. പ്രകാശൻ, പി. ചന്ദ്രൻ, കെ. രാജീവൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. ഇന്ന് പൊതുപര്യടനം ഇല്ല. നാളെ പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണും.

സി.രഘുനാഥ്
എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ് ഇരിട്ടി മേഖലയിലെ മലയോര പ്രദേശത്തു പര്യടനം നടത്തി. വനവാസി കോളനികളും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ചു. മതമേലധ്യക്ഷൻമാരെയും നേരിൽക്കണ്ട് വോട്ടു ചോദിച്ചു.  കരിക്കോട്ടക്കരിയിൽ നിന്ന് ആരംഭിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

ന്യൂജെൻ ട്രെൻഡ്... കെഎസ്‌യു പ്രവർത്തകർ ബാക്ക്പാക്ക് എൽഇഡി പ്രചാരണബോർഡ് ദേഹത്തു തൂക്കി കണ്ണൂർ കക്കാട് പ്രചാരണത്തിനിറങ്ങിയപ്പോൾ. ചിത്രം: മനോരമ
ന്യൂജെൻ ട്രെൻഡ്... കെഎസ്‌യു പ്രവർത്തകർ ബാക്ക്പാക്ക് എൽഇഡി പ്രചാരണബോർഡ് ദേഹത്തു തൂക്കി കണ്ണൂർ കക്കാട് പ്രചാരണത്തിനിറങ്ങിയപ്പോൾ. ചിത്രം: മനോരമ

മിന്നി മിന്നി വോട്ട് തേടി...
കണ്ണൂർ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വാശിയേറുമ്പോൾ പുതുമകൾ പരീക്ഷിച്ച് മുന്നണികൾ. കെ.സുധാകരനു വേണ്ടി വോട്ടു ചോദിക്കുന്ന ചെറിയ എൽഇഡി വോൾ ബാക്ക്പായ്ക്കുമായി സന്ധ്യയോടെ ഇറങ്ങിനടക്കുന്ന യുഡിഎഫ് പ്രവർത്തകരാണു പ്രചാരണപ്പുതുമകളിൽ ഏറ്റവും പുതിയത്. പയ്യാമ്പലത്തു തുടങ്ങിയ എൽഇഡി ബാക്ക് പായ്ക്ക് പ്രചാരണം, മണ്ഡലത്തിലെ പല കവലകളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണു യുഡിഎഫ്. സുധാകരന്റെ പേരും ചിത്രവും കവറിലുള്ള ചോക്ലേറ്റുകളും പ്രചാരണത്തിന്റെ ഭാഗമായി അടുത്തു ദിവസം വിതരണം ചെയ്യുമെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു.

വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, ഇന്ന് രാവിലെ 6ന് തലശ്ശേരി മുകുന്ദ് ജംക്‌ഷനിലെ സ്വകാര്യ ടർഫിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കും. രാവിലെ തുടങ്ങി വൈകുന്നേരത്തോടെ പ്രചാരണം അവസാനിക്കുന്ന രീതിയും മാറിത്തുടങ്ങി. റംസാൻ മാസവും കനത്ത ചൂടും പരിഗണിച്ച്, സജീവ പ്രചാരണം രാത്രി വൈകും വരെ നീളുകയാണ്. നൈറ്റ് മാർച്ചുകൾ പലതവണ പരീക്ഷിച്ചു, മുന്നണികൾ. എൽഇഡി വോൾ പോലുള്ള പുതുമകൾ എൽഡിഎഫും പരീക്ഷിക്കാനൊരുങ്ങുകയാണ്.

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും യുവജന–വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മകളും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കൂട്ടായ്മകളുടെ പേരിൽ വികസന സെമിനാറുകളാണ് എൽഡിഎഫിന്റെ മറ്റൊരു തന്ത്രം. ഇടതുമുന്നണി യുവജന, വിദ്യാർഥി സംഘടനകൾ ചേർന്നു നടത്തുന്ന സെമിനാർ വൈകാതെ നടക്കും. പരമ്പരാഗത ശൈലിയിൽ, ചൂടും വെയിലും വകവയ്ക്കാതെയുള്ള പ്രചാരണത്തിലാണ് എൻഡിഎ ശ്രദ്ധയൂന്നുന്നത്. ഒരു ദിവസം 2 മണ്ഡലങ്ങളെന്ന നിലയിൽ സ്ഥാനാർഥിയുടെ പര്യടനം തുടരുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിന്ന്.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിന്ന്.

സമാധാനപരമായ തിരഞ്ഞെടുപ്പിന് എല്ലാവരും സഹകരിക്കണം: കലക്ടർ
കണ്ണൂർ∙ സമാധാനപരവും സുഗമവുമായ ലോക്‌സഭ തിരഞ്ഞെടുപ്പിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ അരുൺ കെ.വിജയൻ. ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഇക്കാര്യം പറഞ്ഞത്. നിയമ ലംഘനനങ്ങൾക്കെതിരെ നിഷ്പക്ഷമായി ശക്തമായ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള വാഹനം, ഉച്ചഭാഷിണി എന്നിവയ്ക്ക് മുൻകൂട്ടി അനുമതി വാങ്ങണം. ക്യാംപെയ്നുകൾ പാർട്ടി പ്രവർത്തകർ സംഘർഷമില്ലാത്ത രീതിയിൽ നടത്തണം.

85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പോസ്റ്റൽ വോട്ടുകൾക്ക് അർഹതയുണ്ടെന്ന് ഉറപ്പാക്കി മാത്രമേ പോസ്റ്റൽ ബാലറ്റ് നൽകുകയുള്ളൂവെന്നും കലക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ കേസുകളിൽ പോലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ പറഞ്ഞു. പോളിങ് സമയം കഴിഞ്ഞതിനു ശേഷം ബൂത്തുകളിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി എം.ഹേമലത പറഞ്ഞു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സിആർപിഎഫ് കമൻഡാന്റ് ഫബാഗ്രാവത്ത്, ചെലവ് നിരീക്ഷകരായ ആരുഷി ശർമ (കണ്ണൂർ), ആനന്ദരാജ് (കാസർകോട്), എഡിഎം കെ.നവീൻ ബാബു, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ ബി.രാധാകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി.ഹരികൃഷ്ണൻ, ടി.ഒ.മോഹനൻ, സി.എം.ഗോപിനാഥൻ, എം.പി.മുഹമ്മദലി, സി.പി.സന്തോഷ് കുമാർ, കെ.അംബിക സുധൻ, അജയകുമാർ മീനോത്ത്, എം.രാമചന്ദ്രൻ, ശ്രീകാന്ത് രവിവർമ എന്നിവർ പ്രസംഗിച്ചു.

കലക്ടർക്കു പരാതി നൽകി യുഡിഎഫ്
കണ്ണൂർ∙ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സിപിഎം സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് യുഡിഎഫ് ജില്ലാ ഇലക്‌ഷൻ ഓഫിസറായ കലക്ടർക്കു പരാതി നൽകി. വ്യാജ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടു.

സന്ദർശിച്ചു
കണ്ണൂർ∙ കെ.സുധാകരൻ  വെള്ളിയാഴ്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരെയും അവരുടെ വീടുകളിലെത്തി സന്ദർശിച്ചു. ലീഗുമായി കോൺഗ്രസിനു നല്ല ബന്ധമാണെന്നും അതാണു യുഡിഎഫിന്റെ കരുത്തെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കെ.സുധാകരൻ പറഞ്ഞു. ‘പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടിയുടെ ഭാഗമായാണു വീണക്കെതിരായ കേസ് എന്ന് കരുതുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കിൽ പിണറായി എന്നേ അകത്തുപോയേനെ?  എത്ര കേസുകളുണ്ട് ഇഡിക്ക് അന്വേഷിക്കാൻ. അതൊന്നും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?’ കെ.സുധാകരൻ പറ‍ഞ്ഞു.

കലക്ടറേറ്റ് സന്ദർശിച്ചു
കണ്ണൂർ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിന്റെ ചെലവു നിരീക്ഷക ആരുഷി ശർമ കലക്ടറേറ്റ് സന്ദർശിച്ചു. കലക്ടർ അരുൺ കെ. വിജയനുമായി ചർച്ച നടത്തി. ചെലവു നിരീക്ഷണത്തിന്റെ നോഡൽ ഓഫിസർ കൂടിയായ സീനിയർ ഫിനാൻസ് ഓഫിസർ ശിവപ്രകാശൻ നായർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കേണ്ടത്: 9188406486, 9188406487.  foeleknr@gmail.com

പരിശോധിച്ചു
കണ്ണൂർ∙ വോട്ടിങ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ് വിതരണ കേന്ദ്രങ്ങളുടെ (സ്‌ട്രോങ് റൂം) സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. കലക്ടർമാരായ അരുൺ കെ. വിജയൻ, കെ. ഇമ്പശേഖർ, കണ്ണൂർ അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ്‌ എന്നിവരുടെ നേതൃത്വത്തിലാണു  സ്‌ട്രോങ് റൂമുകൾ സന്ദർശിച്ചത്.

മദ്യവും പണവും പിടികൂടി
കണ്ണൂർ∙ ഇലക്‌ഷൻ ഫ്ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് ടീമുകൾ, പൊലീസ് എന്നിവർ മദ്യവും പണവും പിടിച്ചെടുത്തു. അഞ്ചിടങ്ങളിൽ നിന്നായി8.52 ലക്ഷം രൂപയും 36 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും മൊബൈൽ ഫോണുകളുമാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com