സിന്തറ്റിക് ട്രാക്കുണ്ട്, അകലെയകലെ...
Mail This Article
ധർമടം∙ വാഹനസൗകര്യത്തിലെ അപര്യാപ്തതമൂലം സായി–ബ്രണ്ണൻ കോളജ് സിന്തറ്റിക് ട്രാക്കിൽ പരിശീലനം നേടാൻ സായി താരങ്ങൾക്കാകുന്നില്ല. സായ് താരങ്ങൾ ഇപ്പോഴും ദൈനംദിന പരിശീലനം നടത്തുന്നത് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ്. പാലയാട്ടെ സിന്തറ്റിക് ട്രാക്കിൽ എത്താൻ വാഹന സൗകര്യമില്ലാത്തതാണ് കാരണം. പാലയാട് അംബേദ്കർ കോളനി പരിസരത്ത് ഗവ. ബ്രണ്ണൻ കോളജിന്റെ കൈവശമുണ്ടായിരുന്ന അഞ്ച് ഏക്കറിലാണ് സിന്തറ്റിക് ട്രാക്ക്.
തലശ്ശേരി സായ് കേന്ദ്രത്തിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന താരങ്ങൾ രാവിലെ ഇവിടെ നിന്നു മേലൂർ ബസിൽ കയറി ബ്രണ്ണൻ കോളജ് സ്റ്റോപ്പിൽ ഇറങ്ങി ഒരു കിലോമീറ്ററോളം നടന്നു വേണം സായ് സിന്തറ്റിക് ട്രാക്കിൽ എത്താൻ. ഇതു പരിശീലനത്തിന് ശേഷം സ്കൂളിലും കോളജുകളിലും എത്തേണ്ട താരങ്ങൾക്ക് സമയ നഷ്ടത്തിനിടയാക്കുന്നു.അതേസമയം, പാലയാട്ടെ സിന്തറ്റിക് ട്രാക്ക് ഇപ്പോൾ രാവിലെ നടക്കാനും വ്യായാമത്തിനുമായി എത്തുന്ന പ്രദേശവാസികൾക്ക് അനുഗ്രഹമാണ്.
ഹോസ്റ്റൽ വരുമോ?
∙ സിന്തറ്റിക് ട്രാക്കിനോട് അനുബന്ധിച്ച് 120 കിടക്കകളുള്ള ഹോസ്റ്റലും ഇൻഡോർ കോർട്ടും ഫെസിലിറ്റി സെന്ററുമുൾപ്പെടെ 40 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇതിനുള്ള മണ്ണ് പരിശോധന ഉൾപ്പെടെ പൂർത്തിയായെങ്കിലും നേരത്തെ നൽകിയ പ്ലാനിൽ മാറ്റം വരുത്തേണ്ടതിനാൽ വീണ്ടും ഡിസൈൻ ചെയ്തു ഡൽഹിയിൽ അയച്ച് അനുമതി ലഭിച്ചാൽ മാത്രമേ ഹോസ്റ്റൽ നിർമാണം ആരംഭിക്കാനാവുകയുള്ളു.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നു. ഹോസ്റ്റൽ യാഥാർഥ്യമായാൽ മാത്രമേ സായ് താരങ്ങൾക്ക് പൂർണാർഥത്തിൽ സിന്തറ്റിക് ട്രാക്കിന്റെ പ്രയോജനം ലഭിക്കുകയുള്ളു. അല്ലെങ്കിൽ തലശ്ശേരിയിലെ ഹോസ്റ്റലിൽ നിന്ന് പരിശീലനത്തിന് എത്താൻ യാത്രാ സൗകര്യം ഏർപ്പെടുത്തണം.