ചെറുപുഴയിൽ ചെക്ഡാമിന്റെ ഷട്ടർ മാറ്റിയതായി പരാതി

Mail This Article
ചെറുപുഴ ∙ തേജസ്വിനിപ്പുഴയുടെ ചെറുപുഴ കമ്പിപ്പാലത്തിനു സമീപം നിർമിച്ച ചെക്ഡാമിൽ ജലം സംഭരിക്കാൻ സ്ഥാപിച്ച മരപ്പലക കൊണ്ടുള്ള ഷട്ടർ എടുത്തു മാറ്റിയതായി പരാതി. ഇതോടെ പുഴയിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നു. ഏതാനും ദിവസങ്ങൾക്കുള്ളിലാണു ജലനിരപ്പ് വൻതോതിൽ കുറഞ്ഞതെന്നു നാട്ടുകാർ പറയുന്നു.

തേജസ്വിനിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ തിരുമേനിപ്പുഴയുടെ ചെറുപുഴ ടൗണിനോട് ചേർന്നുകിടക്കുന്ന ഭാഗം പൂർണമായും വറ്റിവരണ്ട നിലയിലാണ്. തേജസ്വിനിപ്പുഴയിലെ ചെക്ഡാമിനോട് ചേന്നു കിടക്കുന്ന ഭാഗത്താണു വൻതോതിൽ ജലശേഖരമുണ്ടായിരുന്നത്. ഇപ്പോൾ ചെക്ഡാമിൽ മണൽപ്പരപ്പ് മാത്രമെ കാണാനുള്ളൂ.
പുഴയിലെ മണൽ നീക്കം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല. മലയോരത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള സാധ്യത വളരെ വിരളമാണ്.ചെക്ഡാമിൽ നിലവിലുള്ള മരപ്പലകളെല്ലാം തകർന്ന നിലയിലാണ്.
ഇതുമൂലം വൻതോതിൽ വെള്ളം നഷ്ടപ്പെടുന്നു. ചെക്ക്ഡാമിലെ മരപ്പലക കൊണ്ടുള്ള ഷട്ടറുകൾ കല്ലുവച്ച് ഉയർത്തിയ നിലയിലാണ്. ഇതുമൂലം ഡാമിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുകുന്നത് വർധിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു ജലവിഭവവകുപ്പിനോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ പറഞ്ഞു.