കുരിശുപള്ളിക്കു നേരെയുണ്ടായ ആക്രമണം; ആക്രി ശേഖരിക്കുന്ന ആളെ തിരയുന്നു
Mail This Article
എടൂർ∙ അൽഫോൻസ് ഭവൻ ആശ്രമം വക നിത്യസഹായ മാതാ കുരിശുപള്ളിക്കു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രദേശത്തു പഴയ സാധനങ്ങൾ ശേഖരിക്കാനെത്തിയ ആളെ പൊലീസ് തിരയുന്നു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണു സംശയകരമായ സാഹചര്യത്തിൽ പഴയ സാധനങ്ങൾ ശേഖരിക്കുന്ന വ്യക്തി കടന്നു പോകുന്നതായി കണ്ടെത്തിയത്. പാന്റ്സും ഷർട്ടും ധരിച്ച വ്യക്തി തോളിൽ വലിയ പ്ലാസ്റ്റിക് ചാക്കും തൂക്കി കടയ്ക്കു മുന്നിലൂടെ കടന്നുപോയി കുറച്ചു സമയത്തിനു ശേഷം കുരിശുപള്ളിക്കു സമീപത്തു നിന്നും ശബ്ദം കേൾക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്.
കടയിലെത്തി മുട്ട ചോദിച്ചു
∙ സമീപത്തെ പച്ചക്കറിക്കടയിൽ ഇയാൾ എത്തിയിരുന്നതായും മുട്ട ചോദിച്ചപ്പോൾ തരില്ലെന്നു പറഞ്ഞ ഉടൻ കയ്യിൽ ഉണ്ടായിരുന്ന കല്ലു കൊണ്ട് എറിയാൻ ശ്രമിച്ചതായും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. കടക്കാർ മുട്ട നൽകിയതോടെ നടന്നു നീങ്ങി. ഹിന്ദിയാണു സംസാരിച്ചിരുന്നതെന്നും കയ്യിൽ വ്രണങ്ങൾ ഉള്ളതായും പറഞ്ഞതായാണു സൂചന.
ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു സംഭവം. സമീപത്തെ വീട്ടുകാരും വഴിയിൽ നിന്നു ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിരുന്നു.
ദിവ്യരക്ഷക സഭയുടെ സെമിനാരിയും ആശ്രമവും പ്രവർത്തിക്കുന്ന സ്ഥലത്തിനു മുന്നിൽ മാടത്തിൽ – കീഴ്പ്പള്ളി റോഡിനു അഭിമുഖമായുള്ള കുരിശുപള്ളിയുടെ ചില്ലുകൾ എറിഞ്ഞുടച്ച നിലയിൽ ഞായറാഴ്ച വൈകിട്ടാണു അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ, സിഐ പി.കെ.ജിജേഷ്, എഎസ്ഐ കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.