ADVERTISEMENT

കൊട്ടിയൂർ ∙ കണ്ണൂരിലെ മലയോരത്തു നിന്ന് ആലപ്പുഴയിലെത്തി കായലോളങ്ങളിൽ തുഴയെറിഞ്ഞ് നേട്ടം കൊയ്യുകയാണ് മൂന്നു സഹോദരിമാർ. ഒരു നീന്തൽക്കുളം പോലുമില്ലാത്ത കൊട്ടിയൂരിലെ പാൽച്ചുരത്തു നിന്ന് മലയിറങ്ങിയാണ് അലിൻ മരിയ, ആൻ പ്രിയ, അമല റോസ് എന്നീ സഹോദരിമാർ ആലപ്പുഴയിലെത്തി റോവിങ്ങിലും കനോയിങ്ങിലും സുവർണ നേട്ടങ്ങൾ കൊയ്തു കൂട്ടിയത്. പാൽച്ചുരത്തെ ഉറുമ്പിൽ ജേക്കബിന്റെയും ബിൻസിയുടെയും അഞ്ച് മക്കളിൽ മൂത്തവരാണ് ഇവർ. 

ആലപ്പുഴയിലെ സായിയുടെ കീഴിലാണ് മൂന്നു പേരും പരിശീലനം നേടുന്നത്. റോവിങ്ങിലാണ് അലിൻ റോസും ഇളയവൾ അമൽ റോസും നേട്ടം കൊയ്യുന്നത്. കനോയിങ്ങിലാണ് ആൻപ്രിയയുടെ മികവ്. അവിചാരിതമായാണ് ഇവർ തുഴയെറിയൽ പരിശീലനം നേടുന്നതിലേക്ക് എത്തിയതെന്ന് മൂത്ത സഹോദരി അലിൻ മരിയ പറയുന്നു. അലിൻ മരിയ നാഷനൽ ഗെയിംസിലും പങ്കെടുത്തു.

റോവിങ്, കനോയിങ് ദേശീയ ചാംപ്യൻഷിപ്പുകളിൽ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട് മൂവരും. അലിൻ മരിയ ബികോം പഠനം പൂർത്തിയാക്കി. ആൻ പ്രിയ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ ഇംഗ്ലിഷിൽ ഡിഗ്രി പഠനം തുടരുന്നു. അമൽ റോസ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു.

സിലക്‌ഷൻ ക്യാംപിൽ പോയത് വോളിബോൾ പരിശീലിക്കാൻ
വോളിബോൾ താരമായിരുന്നു പിതാവ് ജേക്കബ്. പിതാവിന്റെ പാത പിന്തുടർന്ന് വോളിബോൾ പരിശീലിക്കാനാണ് മൂത്ത സഹോദരിമാർ സിലക്‌ഷൻ ക്യാംപിൽ പങ്കെടുത്തത്. ഉയരം കൂടിയ പെൺകുട്ടികളെ വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കുന്നു എന്നായിരുന്നു സായിയുടെ അറിയിപ്പ് ഉണ്ടായിരുന്നത്.

എന്നാൽ സിലക്‌ഷന് ഒടുവിൽ ഇരുവരും തുഴച്ചിൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അലിനും അമലയും കേരള സ്പോർട്സ് കൗൺസിലിനു കീഴിൽ സിലക്‌ഷൻ നേടിയാണ് ആലപ്പുഴ സായിയിലേക്ക് എത്തിയത്. ചേച്ചിമാരുടെ നിർദേശവും പ്രോത്സാഹനവുമാണ് ഇളയസഹോദരിയേയും റോവിങ്ങിൽ എത്തിച്ചത്.

കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം സിലക‌്ഷൻ ലഭിച്ച് ആലപ്പുഴയിൽ പരിശീലനത്തിന് എത്തിയപ്പോഴാണ് അലിൻ മരിയ നീന്തൽ പോലും പഠിച്ചത്. റോവിങ്ങിനുള്ള ബോട്ട് കാണുന്നതു പോലും പരിശീലനത്തിനു ചെന്നപ്പോഴായിരുന്നു. എന്നാൽ തുടർന്നുള്ള നാളുകളിൽ കടുത്ത പരിശീലനം നടത്തിയാണ് ഈ മൂവർസംഘം നേട്ടങ്ങളിലേക്ക് തുഴഞ്ഞു മുന്നേറുന്നത്. ഇവരുടെ ഓരോ നേട്ടങ്ങളും നാട്ടുകാർക്കും ആഘോഷമാണ്. രാജ്യാന്തര മത്സരങ്ങൾ ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ് ഇവരിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com