ADVERTISEMENT

കണ്ണൂർ ∙ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇന്നു പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ ഡിസിസി ഓഫിസിൽ നിന്നു യു‍ഡിഎഫ് പ്രവർത്തകരുടെ പ്രകടനത്തോടെയെത്തി ഉച്ചകഴിഞ്ഞ് രണ്ടിനാണു പത്രിക സമർപ്പിക്കുക. എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ 11ന് കലക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും. 10ന് താളിക്കാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നു പ്രകടനം തുടങ്ങും. എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് 10.30ന് റോഡ്ഷോ നടത്തിയാണു കലക്ടറേറ്റിലെത്തി പത്രിക നൽകുക.

വോട്ടഭ്യർഥിച്ച് ഇരിക്കൂർ മണ്ഡലത്തിലെ ഏളയാടെത്തിയ കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനെ വോട്ടർമാർ കാർഷികോൽപന്നങ്ങൾ നൽകി സ്വീകരിക്കുന്നു.
വോട്ടഭ്യർഥിച്ച് ഇരിക്കൂർ മണ്ഡലത്തിലെ ഏളയാടെത്തിയ കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജനെ വോട്ടർമാർ കാർഷികോൽപന്നങ്ങൾ നൽകി സ്വീകരിക്കുന്നു.

യുഡിഎഫ്
∙ കെ.സുധാകരന്റെ ഇന്നലത്തെ പര്യടനം മട്ടന്നൂർ നിയോജക മണ്ഡലത്തിലായിരുന്നു. ആയിപ്പുഴയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കല്യാട്, മഞ്ഞാങ്കരി,  ഊരത്തൂർ, മണ്ണൂർ, പൊറോറ, ഏളന്നൂർ, കളറോഡ് എന്നിവിടങ്ങളിൽ സ്വീകരണ സമ്മേളനങ്ങൾ നടന്നു.

എൽഡിഎഫ്
∙ എം.വി.ജയരാജന്റെ പര്യടനം ഇരിക്കൂർ മണ്ഡലത്തിലെ ഏളയാട് നിന്ന് ആരംഭിച്ചു. രാവിലെ എട്ടിന് ആരംഭിച്ച പര്യടനം മുയിപ്രയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി.വി.ഗോപിനാഥ്, എം.കരുണാകരൻ, സജി കുറ്റിയാനിമറ്റം, സാജൻ കെ.ജോസഫ്,  എ.ജെ.ജോസഫ്, ജോസ് ചെമ്പേരി, കെ.ജി.ദിലീപ്, സി.ജെ.ജോൺ, കെ.കെ.രത്നകുമാരി, പി.കെ.മധുസൂദനൻ, പി.പി.രാജേഷ്, ബിജു പുതുക്കള്ളിൽ എന്നിവർ പ്രസംഗിച്ചു.

എൻഡിഎ
∙ സി.രഘുനാഥിന്റെ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനാൽ ഇന്നലെ പര്യടനം ഉണ്ടായിരുന്നില്ല.  ആം ആദ്മി പാർട്ടിയിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നവർക്ക് ബിജെപി ജില്ലാ ആസ്ഥാനമായ കണ്ണൂർ മാരാർജി ഭവനിൽ സ്വീകരണം നൽകി. ആംആദ്മി പാർട്ടി പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് വാസുദേവ് ആർ.പൈ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഇരിക്കൂർ വയക്കരയിലെ കെ.വി.ലിപിൻ ചന്ദ്രൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.

ആദ്യ പത്രികസമർപ്പിച്ചു 
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി കെ.സി.സലീം കണ്ണൂർ മണ്ഡലത്തിൽ ആദ്യ നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ വരണാധികാരിയായ കലക്ടർ അരുൺ കെ.വിജയന് മുമ്പാകെയാണ് ഒരു സെറ്റ് പത്രിക സമർപ്പിച്ചത്. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com