ബീച്ചിന് പുതുചേല്; മുഴപ്പിലങ്ങാടും ധർമടത്തും 233.71 കോടിയുടെ പദ്ധതി പുരോഗമിക്കുന്നു

Mail This Article
മുഴപ്പിലങ്ങാട്∙ ഡ്രൈവ് ഇൻ ബീച്ചിന്റെയും ധർമടം ബീച്ചിന്റെയും മുഖം മാറുന്നു. 233.71 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ബീച്ചിനെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.എടക്കാട് ഭാഗം മുതൽ മുഴപ്പിലങ്ങാട് മഠം വരെ നിർമിക്കുന്ന, പാർക്ക് സഹിതമുള്ള 1.5 കിലോമീറ്റർ നടപ്പാതയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ബീച്ച് ടൂറിസം പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് ഇവയുടെ പ്രവൃത്തി നടത്തുക. ബീച്ചിൽ നിശ്ചിത അകലത്തിൽ പൈലിങ് നടത്തി ഉയരത്തിലാണ് ഉല്ലാസ കേന്ദ്രങ്ങളൊരുക്കുന്നത്.
ആദ്യ ഘട്ടത്തിന് 79.51 കോടി രൂപ
∙ 3 ഘട്ടങ്ങളായാണ് ഡ്രൈവ് ഇൻ ബീച്ചിന്റെ നവീകരണ പ്രവൃത്തികൾ നടത്തുക. നിലവിൽ നടക്കുന്ന ഒന്നാം ഘട്ട നവീകരണ പ്രവൃത്തികൾക്ക് 79.51 കോടിയാണ് നീക്കി വച്ചിട്ടുള്ളത്. നേരത്തേയുണ്ടായിരുന്ന ഇരിപ്പിടമുൾപ്പെടെയുള്ള നടപ്പാത, തിരമാലകളടിച്ച് നശിച്ചതിനെ തുടർന്നാണു പൊളിച്ചു മാറ്റിയത്.
ഇതു പരിഹരിക്കാനായി, കടൽവെള്ളത്തിന് അടിയിലൂടെ പോകാവുന്ന തരത്തിലുള്ളതാണു പുതിയ പാർക്കിന്റെയും നടപ്പാതയുടെയും നിർമിതി. ബീച്ചിന്റെ വടക്ക്, തെക്ക് ധർമടം ബീച്ച്, ധർമടം ദ്വീപ് എന്നീ ഭാഗങ്ങളായി തരം തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫാസ്ട്രക്ചർ ഡവലപ്പ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല.
സുന്ദരമാകും, മാറ്റങ്ങളിങ്ങനെ
∙ എടക്കാട് ഭാഗത്ത് കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്കിങ് കേന്ദ്രങ്ങൾ, കിയോസ്കുകൾ എന്നിവയും ഒരുക്കുന്നുണ്ട്.
∙ ബീച്ചിന്റെ തെക്ക് ഭാഗത്ത് വാട്ടർ സ്പോർട്സ്, ഇരിപ്പിടകേന്ദ്രം, ശുചിമുറികൾ എന്നിവയും ഒരുക്കും.
∙ ധർമടം ബീച്ചിൽ ഫ്ളോട്ടിങ് ഡെക്ക്, ജയന്റ് വീൽ, മ്യൂസിക് ഫൗണ്ടെയ്ൻ, നടക്കാനും സൈക്കിളിങ്ങിനുമുള്ള വഴി എന്നിവയും ഒരുക്കും.
∙ ധർമടം ദ്വീപിൽ ദേശാടന പക്ഷികൾക്കായി നേച്വർ ഹബ്ബ്, പൂന്തോട്ടം, പ്രകൃതിയെ തൊട്ടറിഞ്ഞ് നടക്കാനുള്ള വഴി എന്നിവയുമുണ്ടാകും.