ADVERTISEMENT

കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ മാത്രം 7 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക നൽകിയത്. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ, എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ, എൻഡിഎ സ്ഥാനാർഥി സി രഘുനാഥ്, ഭാരതീയ ജവാൻ കിസാൻ പാർട്ടി സ്ഥാനാർഥി രാമചന്ദ്രൻ ബാവിലേരി, സ്വതന്ത്ര സ്ഥാനാർഥികളായ കെ.പി.നാരായണകുമാർ, ബാലകൃഷ്ണൻ ചെമ്മഞ്ചേരി, വാടി ഹരീന്ദ്രൻ എന്നിവരാണ് ഇന്നലെ പത്രികകൾ സമർപ്പിച്ചത്.

രാമചന്ദ്രൻ ബാവിലേരി ഡെസിഗ്‌നേറ്റഡ് എആർഒ ആയ (എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ) സറീന എ.റഹ്മാൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മറ്റുള്ളവർ കലക്ടറേറ്റിൽ എത്തി ജില്ലാ വരണാധികാരിയായ കലക്ടർ അരുൺ കെ.വിജയനു മുൻപാകെയാണ് പത്രികകൾ സമർപ്പിച്ചത്. തുടർന്ന് കലക്ടറുടെ മുന്നിൽ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ നൽകി.

എം.വി.ജയരാജൻ 3 സെറ്റ് നാമനിർദേശ പത്രികകളാണ് സമർപ്പിച്ചത്. കെ.സുധാകരൻ 4 സെറ്റ് പത്രികയും രഘുനാഥ് 2 സെറ്റുമാണ് സമർപ്പിച്ചത്. എൽഡിഎഫിനു വേണ്ടി ഡമ്മി സ്ഥാനാർഥിയായി എൻ.ചന്ദ്രനും യുഡിഎഫിനു വേണ്ടി ചന്ദ്രൻ തില്ലങ്കേരിയും പത്രിക സമർപ്പിച്ചു.

കെ.സുധാകരൻ
∙ ‌ഡിസിസി ഓഫിസിൽ നിന്നു പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ വാദ്യമേളവും മുദ്രാവാക്യം വിളിയുമായാണ് യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ പത്രിക സമർപ്പണത്തിന് എത്തിയത്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽകരീം ചേലേരി, നേതാക്കളായ സോണി സെബാസ്റ്റ്യൻ, സി.എ.അജീർ, ടി.ഒ.മോഹനൻ, ഇല്ലിക്കൽ അഗസ്തി, വട്ടക്കണ്ടി അഹമ്മദ്, മേയർ മുസ്‌ലിഹ് മഠത്തിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഗാന്ധി ശിൽപത്തിലും യുദ്ധസ്മാരകത്തിലും പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിലും പുഷ്പാർച്ചന നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ആസ്ഥാനത്തെത്തി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

നാമനിർദേശ പത്രികാ സമർപ്പണത്തിനു മുൻപായി എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ കണ്ണൂർ കാൽടെക്സിലെ ഗാന്ധി സർക്കിളിലെത്തി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഭരണഘടനയുടെ ആമുഖം വായിക്കുന്നു. വി.ശിവദാസൻ എംപി, സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്, കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൻ.ചന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
നാമനിർദേശ പത്രികാ സമർപ്പണത്തിനു മുൻപായി എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ കണ്ണൂർ കാൽടെക്സിലെ ഗാന്ധി സർക്കിളിലെത്തി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഭരണഘടനയുടെ ആമുഖം വായിക്കുന്നു. വി.ശിവദാസൻ എംപി, സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്, കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൻ.ചന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

എം.വി.ജയരാജൻ
∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന്‌ നൂറുകണക്കിന്‌ പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ്‌ എം.വി.ജയരാജൻ പത്രിക സമർപ്പണത്തിനായി കലക്ടറേറ്റിൽ എത്തിയത്‌. കാൾടെക്‌സിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പചക്രം സമർപ്പിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് എം.വി.ജയരാജൻ നാമനിർദേശ പത്രിക സമർപ്പിച്ചത്‌. എകെജി പ്രതിമയിലും പുഷ്‌പചക്രം അർപ്പിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി,  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ.ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്‌കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.


നാമനിർദേശപത്രികാ സമർപ്പണത്തിനു മുൻപായി എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് കണ്ണൂരിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്.
നാമനിർദേശപത്രികാ സമർപ്പണത്തിനു മുൻപായി എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് കണ്ണൂരിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്.

സി.രഘുനാഥ്
∙ സ്റ്റേഡിയം കോർണറിൽ നിന്ന് റോഡ് ഷോ ആയാണ് എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് പത്രിക സമർപ്പിക്കാനായി കലക്ടറേറ്റിലേക്ക് എത്തിയത്. മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, അംബികാസുതൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ പൈലി വാത്യാട്ട് തുടങ്ങിയവരും ഉണ്ടായിരുന്നു.

ഇന്നുകൂടി മാത്രം
∙ ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാനദിവസം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിൻവലിക്കാനുള്ള തീയതി എട്ടാണ്.

സ്ഥാനാർഥികളുടെ കയ്യിൽ എന്തുണ്ട്?
കണ്ണൂർ ∙ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ കൈവശമുള്ളത് 8100 രൂപ, എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെയും എൻഡിഎ സ്ഥാനാർഥി സി.രഘുനാഥിന്റെയും കൈവശം 5000 രൂപ വീതം. നാമനിർദേശ പത്രികയിലാണ് ഈ വിവരങ്ങളുള്ളത്.
∙ കെ.സുധാകരന്റെ ബാങ്ക് അക്കൗണ്ടുകളിലായി 2,09,861 രൂപയും ഭാര്യ കെ.സ്മിതയുടെ വിവിധ അക്കൗണ്ടുകളിലായി 7,07,800 രൂപയുമുണ്ട്. മൂന്നു ലക്ഷം രൂപ മൂല്യമുള്ള 48 ഗ്രാം സ്വർണം സുധാകരന്റെ കൈവശവും 12,50,000 രൂപ മൂല്യമുള്ള 200 ഗ്രാം സ്വർണം ഭാര്യയുടെ കൈവശവുമുണ്ട്. സുധാകരന്റെ മൊത്തം ആസ്തി 5,77,811 രൂപയും ഭാര്യയുടേത് 35,21,108 രൂപയുമാണ്. സുധാകരന് 53,29,655 രൂപയുടെയും 6,03,969 രൂപയും ബാധ്യതയുണ്ട്.
∙ എം.വി.ജയരാജന്റെ ബാങ്ക് അക്കൗണ്ടുകളിൽ 2,81,387 രൂപയും ഭാര്യ ലീനയുടെ ബാങ്ക് അക്കൗണ്ടുകളിലായി 31,56,703 രൂപയുമുണ്ട്. ജയരാജന്റെ കൈവശം സ്വർണാഭരണങ്ങൾ ഒന്നുമില്ല. ഭാര്യയുടെ കൈവശം 16,80,000 രൂപ മൂല്യമുള്ള 320 ഗ്രാം സ്വർണാഭരണങ്ങളുണ്ട്. ജയരാജന്റെ മൊത്തം ആസ്തി 2,97,387 രൂപയും ഭാര്യയുടേത് 62,17,405 രൂപയുമാണ്. ഇരുവർക്കും ബാധ്യതകളില്ല.
∙ എൻഡിഎ സ്ഥാനാർഥി സി.രഘുനാഥിന്റെ മൊത്തം ആസ്തി 80,37,960 രൂപയും ഭാര്യ മോണിക്കയുടെ ആസ്തി 25,03,000 രൂപയുമാണ്. രഘുനാഥിന് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 1,05,70,777 രൂപയുടെ ബാധ്യതയുണ്ട്.

സ്ഥാനാർഥികൾക്ക് ഹരിതകിറ്റ് നൽകി
കണ്ണൂർ∙ ഹരിത പെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ചേർന്ന്, പത്രിക സമർപ്പിക്കാനെത്തിയ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്ക് ഹരിതകിറ്റ് നൽകി. ഒരു സ്റ്റീൽ ഫ്ലാസ്‌ക്, സ്റ്റീൽ ഗ്ലാസ്, മൺകപ്പ്, കോട്ടൺ ടൗവൽ, ഹാൻഡ് ബുക്ക്, ലഘുലേഖ, ബ്രോഷറുകൾ എന്നിവയാണ് കിറ്റിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com