ADVERTISEMENT

കണ്ണൂർ∙ സർവകലാശാലാ സെനറ്റിലേക്കു ഗവർണർ നാമനിർദേശം ചെയ്തവരുടെ പട്ടികയെച്ചൊല്ലി വിവാദം തുടരുന്നു. സിൻഡിക്കറ്റ് നൽകിയ പട്ടികയിലെ പ്രമുഖരെ വെട്ടി മാറ്റി, ബിജെപി ചായ്‌വുള്ളവരെ ഉൾപ്പെടുത്തിയെന്നാരോപിച്ചു സിപിഎം ശക്തമായ പ്രതിഷേധത്തിലാണ്. ഗവർണറുടെ നടപടി തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി രംഗത്തെത്തി. തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിട്ടുമുണ്ട്.  

സിൻ‍ഡിക്കറ്റ് തയാറാക്കി ഗവർണർക്കു നൽകിയ പട്ടികയിൽ എഴുത്തുകാരായ ടി.പത്മനാഭൻ, ഡോ.ഇ.വി.രാമകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, മാധ്യമപ്രവർത്തകരുടെ വിഭാഗത്തിൽ ശശികുമാർ, വെങ്കിടേഷ് രാമകൃഷ്ണൻ, ദൂരദർശൻ ഡയറക്ടറായിരുന്ന കൃഷ്ണദാസ്, കായിക വിഭാഗത്തിൽ സി.കെ.വിനീത്, കെ.സി.ലേഖ, പ്രഫ. പി.കെ.ജഗന്നാഥൻ, ആരോഗ്യവിദഗ്ധരുടെ വിഭാഗത്തിൽ ഡോ. വി.പി.ഗംഗാധരൻ, ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ, ഗവേഷകസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാര ജേതാവ് ഡോ.സതീഷ് രാഘവൻ, ഐഎസ്ആർഒയിൽ നിന്നു വിരമിച്ച ശാസ്ത്രജ്ഞൻ പി.കുഞ്ഞിക്കൃഷ്ണൻ, വ്യവസായികളുടെ വിഭാഗത്തിൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവു‍ഡ്സ് എംഡി: പി.കെ.മായൻ മുഹമ്മദ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ഐടി വിദഗ്ധനും റെഡിഫ് സ്ഥാപകനുമായ അജിത് ബാലകൃഷ്ണൻ, അഭിഭാഷക വിഭാഗത്തിൽ സി.ഷുക്കൂർ, ഒ.ജി.പ്രേംരാജ്, പാലയാട് ക്യാംപസിലെ ഗവേഷണ വിദ്യാർഥി ആയിഷ ഫിദ എന്നിവരടങ്ങിയ പട്ടികയാണു സിൻഡിക്കറ്റ് ഗവർണർക്കു നൽകിയത്.

എന്നാൽ, ഇതിൽ ടി.പത്മനാഭനും ആയിഷ ഫിദയും മാത്രമാണു ഗവർണർ സർവകലാശാലയ്ക്കു കൈമാറിയ പട്ടികയിൽ ഉൾപ്പെട്ടത്. ഡിസിസി ജനറൽ സെക്രട്ടറിമാരായ ഇ.ആർ.വിനോദ്, ബിജു ഉമ്മർ, ജന്മഭൂമി ചീഫ് റിപ്പോർട്ടറും നാടൻ കലാഗവേഷകനുമായ യു.പി.സന്തോഷ്, സംഘപരിവാർ സംഘടനയായ സഹകാർ ഭാരതി ദേശീയ സമിതി അംഗം കെ.കരുണാകരൻ നമ്പ്യാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ ഭാരവാഹിയുമായ മഹേഷ് ചന്ദ്ര ബാലിഗ, ഡോ.എം.രത്നാകര, ഡോ. കെ.പ്രപഞ്ച്, കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഡോ.കെ.മുരളീധരൻ, പ്രഫ. പി.സോമൻ, ശ്രുതി രമേശൻ, കെ.സി.അഷിക സന്തോഷ്,  കൊച്ചുറാണി അഗസ്റ്റിൻ, പി.ഹർഷ, മഹേഷ് ചെറിയാണ്ടി എന്നിവരാണു ഗവർണറുടെ പട്ടികയിലുള്ളത്. 

പ്രഫ. കെ.ഗംഗാധരൻ, പ്രഫ. അനിൽ രാമചന്ദ്രൻ, ഡോ.സൂരജ് എം.ബഷീർ, ഡോ. സീത കക്കോത്ത് എന്നിവരാണ് സർവകലാശാലാ അക്കാദമിക് രംഗത്തു നിന്നുള്ള എക്സ്‌–ഒഫീഷ്യോ അംഗങ്ങൾ. ഇവർ സിൻഡിക്കറ്റ് നൽകിയ പട്ടികയിൽ നിന്നുള്ളവരാണ്. ഇതിൽ പ്രഫ.കെ.ഗംഗാധരൻ യുഡിഎഫ് സഹയാത്രികനും മറ്റു 3 പേർ ഇടതു സഹയാത്രികരുമാണ്.  ഗവർണറുടെ പട്ടികയിൽ എഴുത്തുകാരൻ ടി.പത്മനാഭനെ ഒഴിച്ചു നിർത്തിയാൽ, ബാക്കി 19 പേരിൽ മിക്കവരും വിവിധ രാഷ്ട്രീയ കക്ഷികളോടോ ആശയങ്ങളോടോ പ്രത്യക്ഷമായി തന്നെ ചായ്‌വ് ഉള്ളവരാണ്.

മികവു മാത്രം നോക്കിയാണു സിൻഡിക്കറ്റ് പട്ടിക തയാറാക്കിയതെന്നും കക്ഷിരാഷ്ട്രീയം നോക്കിയിട്ടില്ലെന്നും എന്നാൽ കക്ഷിരാഷ്ട്രീയ പരിഗണന വച്ചാണ് ഗവർണർ അംഗങ്ങളെ നാമനിർദേശം ചെയ്തതെന്നും സിപിഎം നേതാക്കൾ പറഞ്ഞു. കേരള, കാലിക്കറ്റ് സർവകലാശാലാ സെനറ്റുകളിലേക്കു ഗവർണർ നടത്തിയ നാമനിർദേശം എതിർപ്പുകൾക്കിടയാക്കിയിരുന്നു. 

ഇനി എന്ത്?
ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെ വിഭാഗത്തിലെ പ്രതിനിധിയായി ഗവർണർ ഉൾപ്പെടുത്തിയത് മഹേഷ് ചെറിയാണ്ടി പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററാണ്. ഇദ്ദേഹത്തെ മാറ്റി, ഹൈസ്കൂൾ പ്രതിനിധിയെ ഉൾപ്പെടുത്തി പട്ടിക പുതുക്കാനുണ്ട്. പുതിയ പേരും ഗവർണർ തന്നെയാണു നിർദേശിക്കുക. പട്ടിക മുഴുവനായാൽ, സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പരാതിയിൽ തീരുമാനമായിട്ടു മതി തുടർനടപടികളെന്നാണു സർവകലാശാലയുടെ തീരുമാനം. 

ചട്ടലംഘനമെന്ന് പി.കെ.ശ്രീമതി
കണ്ണൂർ∙ തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ച് ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സെനറ്റിലേക്കു നടത്തിയ നാമനിർദേശം റദ്ദാക്കണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ആവശ്യപ്പെട്ടു. ‘വ്യക്തിഗത ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനോ അനുവദിക്കാനോ പാടില്ലെന്ന ചട്ടം ലംഘിച്ചാണു സ്വന്തം താൽപര്യമനസുരിച്ച് അംഗങ്ങളെ നാമനിർദേശം ചെയ്‌തത്‌. സെനറ്റ്‌ അംഗമെന്ന പദവി വ്യക്തിഗത ആനുകൂല്യമാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ മുൻകൂർ അനുവാദം വാങ്ങിയില്ല എന്നാണ്‌ മനസ്സിലാക്കുന്നത്.’ പി.കെ.ശ്രീമതി പറഞ്ഞു.

ഡിവൈഎഫ്ഐ മാർച്ച് നടത്തി
കണ്ണൂർ∙ സെനറ്റിനെ ഗവർണർ കാവിവൽക്കരിക്കുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ സർവകലാശാലയിലേക്കു മാർച്ച് നടത്തി. സിപിഎം ജില്ലാ സെക്രട്ടറി ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഷിമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ്‌ സിറാജ്, പി.എം.അഖിൽ, ജില്ലാ ട്രഷറർ കെ.ജി.ദിലീപ് എന്നിവർ പ്രസംഗിച്ചു. 

പട്ടിക നൽകിയത് കെ.സുധാകരൻ: ടി.വി.രാജേഷ്
കണ്ണൂർ∙ സർവകലാശാല സെനറ്റിലേക്കുള്ള ഗവർണറുടെ പട്ടികയ്ക്കു പിറകിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ടി.വി.രാജേഷ് ആരോപിച്ചു. ‘കെ.സുധാകരന്റെ അടുത്ത അനുയായികളായ ബിജു ഉമ്മറിനെയും വിനോദിനെയും പട്ടികയിൽ ഉൾപ്പെടുത്തിയതു പിന്നെയാരാണ്? ഗവർണറുടെ പട്ടികയിൽ 7 പേർ വീതം കോൺഗ്രസ്, ആർഎസ്എസ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. യോഗ്യതയല്ല മാനദണ്ഡമാക്കിയതെന്നു വ്യക്തം. ഗവർണറുടെ പട്ടികയിലുൾപ്പെട്ടവരെ പുറത്താക്കാൻ കോൺഗ്രസ് തയാറാകുമോ? കോൺഗ്രസ് അനുകൂല കെപിസിടിഎ ഗവർണറുടെ പട്ടിക സ്വാഗതം ചെയ്തതും കൂട്ടുകെട്ടിന്റെ തെളിവാണ്. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും മുസ്‌ലിം ലീഗും നിലപാട് വ്യക്തമാക്കണം. എസ്ഡിപിഐയുടെയും ആർഎസ്എസിന്റെയും തോളിലിട്ടു നടക്കുന്നയാളാണു കെ.സുധാകരൻ.’ ടി.വി.രാജേഷ് പറഞ്ഞു. 

പട്ടികയിൽ സിപിഎമ്മുകാരും ഉണ്ടല്ലോ: കെ.സുധാകരൻ
കണ്ണൂർ∙ സർവകലാശാലാ സെനറ്റിലേക്കു കോൺഗ്രസ് പട്ടികയൊന്നും ഗവർണർക്കു നൽകിയിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ‘പത്രവാർത്ത കണ്ടപ്പോഴാണ് വിവരം അറിഞ്ഞതു തന്നെ. പട്ടികയിൽ സിപിഎമ്മുകാരുമുണ്ടല്ലോ? പട്ടികയെ പറ്റി ഗവർണറോടു തന്നെ ചോദിക്കുന്നതാണു നല്ലത്. അദ്ദേഹം നല്ല മനുഷ്യനല്ലേ?’ കെ.സുധാകരൻ പറഞ്ഞു.

പ്രതിഷേധിച്ച് സംഘടനകൾ സർവകലാശാല സംരക്ഷണ സമിതി
കണ്ണൂർ∙ സെനറ്റ് നോമിനേഷനിൽ ചാൻസലർ– ബിജെപി –കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപിച്ചു സർവകലാശാല സംരക്ഷണ സമിതി സർവകലാശാല താവക്കര ക്യാംപസിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സിൻഡിക്കറ്റ് അംഗം എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. പ്രമോദ് വെള്ളച്ചാൽ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, പ്രത്യുഷ് പുരുഷോത്തമൻ, ഡോ.ഷാനവാസ്, ഇസ്മായിൽ ഓലായിക്കര, ടി.പി.അഖില, വിപിൻ രാജ്, വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു.  

എഐവൈഎഫ്
കണ്ണൂർ∙ സെനറ്റ് നാമനിർദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. സർവകലാശാലാ  കവാടത്തിൽ പൊലീസ് തടഞ്ഞു. വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തുംതള്ളും നടന്നു. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രജീഷ് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.വി.സാഗർ, സി.ജസ്വന്ത്, പി.വി.വിജേഷ് എന്നിവർ പ്രസംഗിച്ചു.

എഐഎസ്എഫ് 
കണ്ണൂർ∙ സർവകലാശാലാ സെനറ്റിലും സംഘപരിവാറുകാരെയും കോൺഗ്രസുകാരെയും ഗവർണർ തിരുകിക്കയറ്റിയ നടപടി പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് പറഞ്ഞു. ‘സംഘപരിവാർ-കോൺഗ്രസ്‌ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരൻ എന്ന രീതിയിലാണു ഗവർണറുടെ പ്രവർത്തനം.’എഐഎസ്എഫ് ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com