ADVERTISEMENT

കണ്ണൂർ∙ പിഎസ്​സി അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം ലഭിക്കാത്തതിനാൽ ആഴ്ചകളോളം ജില്ലാ പട്ടികജാതി വികസനവകുപ്പ് ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച കൂത്തുപറമ്പ് ചെറുവാഞ്ചേരി വേളായി സ്വദേശി എൻ.സൗമ്യ നാണു ഇന്നു ജോലിയിൽ പ്രവേശിക്കും. ജില്ലാ ഓഫിസിൽ ആയയുടെ തസ്തികയിൽ 15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ പട്ടികജാതി വികസന വകുപ്പ് സൗമ്യയ്ക്ക് ഇന്നലെ ഉത്തരവു നൽകി.

സിവിൽ സ്റ്റേഷനിലെ ജില്ലാ ഓഫിസിനു മുന്നിൽ സൗമ്യയുടെ നിശ്ശബ്ദ സമരം മലയാള മനോരമ വാർത്തയാക്കിയിരുന്നു. ജോലിക്കു ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മാധ്യമങ്ങളോടു നന്ദിയുണ്ടെന്നും സൗമ്യ പറഞ്ഞു. ദിവസവും രാവിലെ ഓഫിസിനു മുന്നിലെത്തുന്ന സൗമ്യ, ഉദ്യോഗസ്ഥരോടു ജോലിക്കാര്യം ചോദിക്കും. ജീവനക്കാർ കൈമലർത്തും. അപ്പോൾ തന്നെ മടങ്ങാതെ, ഓഫിസ് അടയ്ക്കുമ്പോൾ തിരികെ വീട്ടിലേക്കു പോകും. ഇതായിരുന്നു പതിവ്. 

ഇന്നലെ വൈകിട്ട് 3.45ന് സൗമ്യയ്ക്കു ജില്ലാ ഓഫിസർ ഉത്തരവു കൈമാറി.  ഈ വർഷം ജനുവരി 4നാണ് സൗമ്യയ്ക്കു പിഎസ്​സി നിയമന ഉത്തരവ് നൽകുന്നത്. ഒഴിവുണ്ടെന്നു ജില്ലാ പട്ടികജാതി വികസന വകുപ്പ് അറിയിച്ചതിനെത്തുടർന്ന് പെരിങ്ങോത്ത് മോഡൽ റസി‍ഡൻഷ്യൽ സ്കൂളിലെ ‘ആയ’ ഒഴിവിലേക്കായിരുന്നു നിയമന ശുപാർശ. എന്നാൽ പിന്നീട് ഒഴിവ് നിലവിലില്ലെന്നു പറഞ്ഞാണു ജോലിക്കു ചേരുന്നതു വൈകിപ്പിച്ചത്.

പിഎസ്‌സി ഇക്കാര്യത്തിൽ സൗമ്യയ്ക്ക് അനുകൂലമായ നിലപാടാണെടുത്തത്. പിഎസ്​സിക്ക് ഒരിക്കൽ റിപ്പോർട്ട് ചെയ്ത ഒഴിവ് പിന്നീട് റദ്ദാക്കാനോ ഒഴിവുകളുടെ എണ്ണം കുറയ്ക്കാനോ പാടില്ലെന്നാണു സർക്കാർ ഉത്തരവെന്നും ഇതു കർശനമായി പാലിക്കണമെന്നും പിഎസ്‌സി വ്യക്തമാക്കി. ഇതുസംബന്ധിച്ചു പിഎസ്​സി ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസിനു കത്ത് നൽകുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com