സൗമ്യ ഇനി സർക്കാർ ജോലിക്കാരി
Mail This Article
കണ്ണൂർ∙ പിഎസ്സി അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നൽകാത്തതിനാൽ ആഴ്ചകളോളം ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കൂത്തുപറമ്പ് ചെറുവാഞ്ചേരി വേളായി സ്വദേശി എൻ.സൗമ്യ നാണു ഒടുവിൽ സർക്കാർ ജോലിക്കാരിയായി. ജോലി ക്രമീകരണത്തിന്റെ ഭാഗമായി ‘ആയ’ തസ്തികയിൽ ജില്ലാ ഓഫിസിലാണു നിയമനം. അർഹതപ്പെട്ട ജോലി ലഭിക്കാനായി പട്ടികജാതി വികസന വകുപ്പ് ഓഫിസിനു മുന്നിൽ സമരത്തിൽ കഴിഞ്ഞ സൗമ്യയെക്കുറിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം ജനുവരി 4നാണ് പെരിങ്ങോത്ത് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ‘ആയ’ ഒഴിവിലേക്കു സൗമ്യയ്ക്കു പിഎസ്സി നിയമന ഉത്തരവ് നൽകുന്നത്. എന്നാൽ പിന്നീട് ഈ തസ്തകയിൽ ഒഴിവില്ല എന്ന് ജില്ലാ പട്ടികജാതി ഓഫിസ് മറുപടി നൽകിയതോടെയാണ് സൗമ്യ സമരത്തിലേക്ക് നീങ്ങിയത്. പെരിങ്ങോത്ത് സ്കൂൾ പ്രവർത്തനം നടത്താത്തതിനാൽ സ്കൂൾ കെട്ടിടം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നതിനായി പട്ടിക വർഗവികസന വകുപ്പിന് കൈമാറിയിരുന്നു. ഇതോടെയാണ് ഒന്നാം റാങ്കുകാരിയായ സൗമ്യയ്ക്ക് ജോലിക്ക് ലഭിക്കാതായത്.