ADVERTISEMENT

പാനൂർ ∙ പൊലീസ് വലിച്ചുകെട്ടിയ നീല റിബണിനപ്പുറം കടന്നാലേ വീടിന് എന്തുപറ്റിയെന്ന് അറിയാൻ പറ്റൂ. അനുമതി ചോദിച്ച് രാവിലെ പതിനൊന്നു മുതൽ പൊരിവെയിലിൽ ഈ വഴിയിൽ കാത്തുനിൽക്കുകയാണ് തൊണ്ടുപാലൻ മനോഹരൻ. ആറുപത്തിയൊന്നു വയസ്സുണ്ട് കാൽനടയായി ലോട്ടറി വിൽക്കുന്ന ഈ തൊഴിലാളിക്ക്. ജീവിതസായാഹ്നത്തിലെങ്കിലും അടച്ചുറപ്പുള്ളൊരു വീട്ടിൽ കിടന്നുറങ്ങണമന്ന ആഗ്രഹമാണ് കഴിഞ്ഞ രാത്രിയിൽ വീടിന്റെ ടെറസിൽ നിന്നു പൊട്ടിയ ബോംബ് ഉലച്ചുകളഞ്ഞത്.

ഭാര്യ രാധയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമിയിൽ കുന്നോത്തുപറമ്പ് പഞ്ചായത്ത് വഴി ലൈഫ് പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് വീട് നിർമാണം തുടങ്ങിയത്. മൂന്നു ഗഡുക്കളായി ഇതുവരെ 1,40,000 രൂപയേ കിട്ടിയുള്ളൂ. അതുകൊണ്ട് ചുമരുവരെ കെട്ടി നിർത്തി. എൽഐസിയിൽ നിക്ഷേപമായുണ്ടായിരുന്ന തുക കാലാവധിയെത്തും മുൻപേ പിൻവലിച്ചാണ് കോൺക്രീറ്റ് ചെയ്തത്. വാതിലും ജനലും പിടിപ്പിക്കാനോ നിലം ശരിയാക്കാനോ കയ്യിൽ പണമില്ല. ഏക മകന്റെ ചികിത്സയ്ക്കും വേണം മാസം രണ്ടായിരം രൂപയിലധികം.

ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നിർമാണത്തിലിരിക്കുന്ന വീട് പരിശോധിച്ച് മടങ്ങുന്ന ഡിഐജി തോംസൺ ജോസ്. വീടിനുമുകളിൽ പരിശോധന നടത്തുന്ന ഫൊറൻസിക് ഉദ്യോഗസ്ഥരെയും കാണാം.
ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നിർമാണത്തിലിരിക്കുന്ന വീട് പരിശോധിച്ച് മടങ്ങുന്ന ഡിഐജി തോംസൺ ജോസ്. വീടിനുമുകളിൽ പരിശോധന നടത്തുന്ന ഫൊറൻസിക് ഉദ്യോഗസ്ഥരെയും കാണാം.

അടുത്ത ഗഡു കിട്ടാത്തതിനാൽ പണി തീർത്ത് താമസം തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്നു രണ്ടു കിലോമീറ്ററോളം അകലെ ഭാര്യാസഹോദരന്റെ വീട്ടിലാണ് തൽക്കാലം താമസിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുവരെ മനോഹരൻ ഇവിടെയുണ്ടായിരുന്നു. കശുവണ്ടി പെറുക്കി ബക്കറ്റിൽ വച്ചു മടങ്ങുമ്പോൾ, വിനീഷിനെ കണ്ടിരുന്നു. 500 രൂപ നൽകി 13 ലോട്ടറി ടിക്കറ്റുകൾ വിനീഷ് എടുക്കുകയും ചെയ്തു. 

സ്ഫോടനമുണ്ടായ വീടിനു സമീപം സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ. ചിത്രം: മനോരമ
സ്ഫോടനമുണ്ടായ വീടിനു സമീപം സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ. ചിത്രം: മനോരമ

ഇന്നലെ രാവിലെ പത്തുമണിയോടെ ലോട്ടറി വാങ്ങാൻ കൂത്തുപറമ്പിലെ ഏജൻസിയിൽ എത്തിയപ്പോഴായിരുന്നു സുഹൃത്തുക്കളിലൊരാൾ വിളിച്ച് വീട്ടിൽ എന്തോ സംഭവിച്ചുവെന്നു പറഞ്ഞത്. ഉടൻ ഇങ്ങോട്ടു പോന്നു. പതിനൊന്നു മണിയോടെ ഇവിടെയെത്തി. നിറയെ പൊലീസുകാരായിരുന്നു. അങ്ങോട്ടു കടത്തിവിട്ടില്ല. വീടിന് എന്തെങ്കിലും പറ്റിയോ എന്നറിയില്ല. ഒരു കുപ്പി വെള്ളം മാത്രമാണ് കയ്യിലുള്ളത്. വൈകിട്ടുവരെ ഭക്ഷണം കഴിച്ചിട്ടില്ല. കഴിക്കാൻ തോന്നുന്നില്ല. വീട്ടിലും പരിസരത്തും പരിശോധനകൾ നടത്തി തിരിച്ചുവരുന്ന ഉദ്യോഗസ്ഥരിൽ പലരോടും വീടിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു മനോഹരൻ ചോദിക്കുന്നുണ്ടായിരുന്നു. ഭാര്യ രാധ പേടിച്ചിട്ട് ഇങ്ങോട്ടു വന്നിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നെല്ലാം ഇടയ്ക്കു മൊബൈലിൽ വിളിച്ചു ചോദിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com