ADVERTISEMENT

കണ്ണൂർ ∙ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മാവോയിസ്റ്റ് നേതാവ് ചിക്കമഗളൂരു സ്വദേശി സുരേഷിന്റെ (പ്രദീപ് –49) കീഴടങ്ങൽ പൊലീസ് രേഖപ്പെടുത്തി. മാവോയിസ്റ്റ് ആശയങ്ങൾക്കു പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞാണു കീഴടങ്ങുന്നതെന്ന് സുരേഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദമുള്ള സുരേഷ് 23 വർഷം മുൻപാണ് മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായത്. ഇത്രയും കാലം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും കീഴടങ്ങണമെന്ന ചിന്ത ഏറെനാളായി ഉണ്ടായിരുന്നെന്നും സുരേഷ് പറഞ്ഞു. കാഞ്ഞിരക്കൊല്ലി ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സുരേഷിനെ ഫെബ്രുവരി 16ന് ആണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയിലെത്തിച്ചു കടന്നത്. വാരിയെല്ലുകൾക്കും കാലിനും ക്ഷതമേറ്റിരുന്നു.

പ്രത്യേക സുരക്ഷാസംവിധാനത്തിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും  ചികിത്സ നൽകി. ഇതിനിടെ, സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേട്ട് മൊഴിയെടുക്കുകയും ചെയ്തു. കീഴടങ്ങൽ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കലക്ടർ അരുൺ കെ.വിജയൻ സുരേഷുമായി സംസാരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ നയത്തിന്റെ ഭാഗമായി ഇയാൾക്കു വീടുവയ്ക്കാനും ഉപജീവന മാർഗം കണ്ടെത്താനും സഹായം നൽകും. ഇതിനായി കലക്ടർ ചെയർമാനായും റൂറൽ എസ്പി നോഡൽ ഓഫിസറായും പ്രത്യേക സ്ക്രീനിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് റൂറൽ എസ്പി എം.ഹേമലത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com