ADVERTISEMENT

ഇരിട്ടി∙ സ്വന്തം വീടും പുരയിടവും തീപിടിത്തം ഉണ്ടാകാതെ ഫയർ ബെൽറ്റ് ഒരുക്കി സംരക്ഷണം തീർത്ത ആദിവാസി വയോധികൻ അയൽവാസിയുടെ പറമ്പിലുണ്ടായ തീ കെടുത്തുന്നതിനിടെ വെന്തു മരിച്ചതിന്റെ നടുക്കത്തിൽ നാട്. ആറളം ഫാമിൽ മിക്കയിടത്തും വേനൽ ശക്തമായാൽ തീപിടിത്തം സ്ഥിരമാണ്. ദിവസേന എന്നോണം തീപടർന്നു കൃഷിയിടവും കാടുപിടിച്ച പ്രദേശങ്ങളും കത്തുന്നതും അഗ്നിരക്ഷാ സേന എത്തി തീ കെടുത്തുന്നത് പതിവുകാഴ്ച.  

വെന്തു മരിച്ച വേണുഗോപാലൻ വേനൽ ശക്തമായപ്പോൾ തന്നെ വീടിനു ചുറ്റും കാടും കരിയിലകളും നീക്കി ഫയർ ബെൽറ്റ് സ്ഥാപിച്ചിരുന്നു. വനത്തിൽ ഉൾപ്പെടെ കാട്ടുതീ നിയന്ത്രിക്കുന്നതിനായി നിശ്ചിത ദൂരത്തിൽ കാട് വെട്ടി നീക്കി തയാറാക്കുന്ന പാതയ്ക്കാണ് ഫയർ ബെൽറ്റ് എന്നു പറയുന്നത്.

വിളിപ്പാട് അകലെ മറ്റൊരാളുടെ പറമ്പിൽ തീ പടരുന്നതു കണ്ടു പ്രായത്തിന്റെ അവശതകൾ മറന്നു വേണുഗോപാലൻ തീ അണയ്ക്കുന്നതിനിടെയാണ് ദുരന്തത്തിൽ പെട്ടത്. പ്രദേശത്ത് എവിടെ തീപിടിത്തം ഉണ്ടായാലും കെടുത്താൻ വേണുഗോപാലൻ മുന്നിൽ ഉണ്ടാകുമെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായപ്പോഴും ആദ്യം എത്തിയത് വേണുഗോപാലായിരുന്നു. 

വേണുഗോപാൽ മികച്ച കർഷകൻ
തീപിടിത്തം പ്രതിരോധിക്കാൻ ഫയർ ബെൽറ്റ് സ്ഥാപിച്ചു മുന്നൊരുക്കം നടത്തിയതിനൊപ്പം കാട്ടാന ഉൾപ്പെടെ ഉള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ മരക്കമ്പുകൾ കൊണ്ടു വേലിയും സ്ഥാപിച്ച വേണുഗോപാലന്റെ പുരയിടം മികച്ച കർഷകനാണെന്നതിന്റെ സാക്ഷ്യം കൂടിയാണ്. ആഴമുള്ള കിണറ്റിൽ നിന്നു വെള്ളം കോരി നനച്ചു സംരക്ഷിക്കുന്ന കുരുമുളക് തോട്ടം ആണു വീടിനോടു ചേർന്നുള്ളത്. വേനൽ ഏൽക്കാതിരിക്കാൻ പുതയും ഇട്ടിട്ടുണ്ട്.

(1)വേണുഗോപാലന്റെ ഭാര്യ രാഗിണി. (2)വേണുഗോപാലൻ തന്റെ വീടിനും പുരയിടത്തിനും തീ പിടിക്കാതിരിക്കാൻ ഫയർ ബെൽറ്റ് ഒരുക്കി നടത്തിയ സംരക്ഷണം
(1)വേണുഗോപാലന്റെ ഭാര്യ രാഗിണി. (2)വേണുഗോപാലൻ തന്റെ വീടിനും പുരയിടത്തിനും തീ പിടിക്കാതിരിക്കാൻ ഫയർ ബെൽറ്റ് ഒരുക്കി നടത്തിയ സംരക്ഷണം

ഒറ്റയ്ക്കായി രാഗിണി
വേണുഗോപാലൻ ദുരന്തത്തിൽ പെട്ടതറിഞ്ഞു എത്തിയവർക്കെല്ലാം ഇവരുടെ വീട്ടിൽ സങ്കടം സഹിക്കാതെ വിതുമ്പുന്ന ഭാര്യ രാഗിണി സങ്കടക്കാഴ്ചയായി. മക്കൾ ആരും ഒപ്പം ഇല്ലാത്ത വീട്ടിൽ വേണുഗോപാലും ഭാര്യ രാഗിണിയും തനിച്ചായിരുന്നു താമസം. ഇന്നലെയും തീ പിടിത്തം ഉണ്ടായപ്പോഴും വീട്ടിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. രാഗിണിയോടു പറഞ്ഞിട്ടായിരുന്നു വേണുഗോപാൽ തീ കെടുത്താൻ പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com