ADVERTISEMENT

ചെറുപുഴ∙ ബൈപാസ് റോഡിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതുമൂലം ഗതാഗതതടസ്സം ഉണ്ടാകുന്നതായി പരാതി. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നു പയ്യന്നൂർ, തിരുമേനി, ആലക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ബൈപാസ് റോഡിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതാണു ഗതാഗത തടസ്സത്തിനു കാരണം.

ഇതുമൂലം ബസുകൾക്ക് സുഗമമായി പുറത്തേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണു നിലവിലുള്ളത്. ഇതിനു പുറമേ ബസ് സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേക്ക് പോകുന്ന ബൈപാസ് റോഡിലൂടെ തന്നെ പയ്യന്നൂർ ഭാഗത്തു നിന്നു വരുന്ന ചില ബസുകൾ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്നതും പതിവു സംഭവമാണ്. ഇതുമൂലം ബസുകൾ അപകടത്തിൽപ്പെടാനുള്ള  സാധ്യതയും ഏറെയാണ്. 

ദീർഘദൂര ബസുകൾ ഉൾപ്പെടെ 90 ലേറെ ബസുകളാണു ദിവസവും ചെറുപുഴ ബസ് സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. എന്നാൽ ഇവിടെ സ്ഥിരം  പൊലീസ് സംവിധാനമില്ലാത്തത്  യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വിശാലമായ ചെറുപുഴ ടൗണിൽ ഒരു ഹോംഗാർഡ് മാത്രമാണു ഡ്യൂട്ടിക്ക് ഉള്ളത്.

ഇതുമൂലം ടൗണിലെ മുഴുവൻ സ്ഥലങ്ങളിലും ഓടിയെത്താനാവില്ല. സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സ്റ്റാൻഡിനുള്ളിൽ വച്ചു തർക്കവും കയ്യാങ്കളിയും ഉണ്ടാകുന്നത് പതിവാണ്. എന്നാൽ ഹോം ഗാർഡുകൾക്ക് ഇവരെ നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ബസ് സ്റ്റാൻഡിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com