ADVERTISEMENT

മാഹി∙തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിൽ മാഹി ഉറങ്ങുകയാണ്. വടകര മണ്ഡലത്തിനു ഇടയിൽ ഒൻപതര ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മാഹിയിൽ എത്തുന്നവർ കൗതുകത്തോടെ ചോദിക്കും ഇവിടെ തിരഞ്ഞെടുപ്പില്ലേ ? പോളിങ്ങിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതുച്ചേരി മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങൾ ശക്തമായതിനാൽ പൊതു ഇടങ്ങളിൽ ബാനർ, പോസ്റ്റർ, ചുമരെഴുത്ത് എന്നിവ മാഹിയിൽ കാണില്ല.

സ്വീകരണ യോഗങ്ങൾക്കും ചെറു ജാഥകൾക്കും കർശന നിയന്ത്രണം. ഫലത്തിൽ മാഹിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണത്തിൽ ലക്ഷങ്ങൾ ആവശ്യമില്ല.  അപൂർവമായി മാത്രം വാഹനങ്ങളിൽ അനൗൺസ്മെന്റ്. ഒരാഴ്ചയായി മാഹിയിലെ തിരഞ്ഞെടുപ്പ് രംഗത്തിന്റെ നേർക്കാഴ്ചയാണ് ഇതൊക്കെ.

കോൺഗ്രസിന്റെ ഇന്ത്യ മുന്നണിയും ബിജെപിയുടെ എൻഡിഎയും നേർക്ക് പോരടിക്കുന്ന പുതുച്ചേരി ലോക്സഭ മണ്ഡലത്തിൽ നിലവിൽ എംപിയും മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുമായ വി.വൈത്തിലിംഗവും നിലവിൽ മന്ത്രിയായ ബിജെപിയുടെ നമശിവായവും ഏറ്റുമുട്ടുന്നു. സിപിഎം, മാഹിയിൽ യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (യുആർപിഐ) സ്ഥാനാർഥി പ്രഭുദേവനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വടകര മണ്ഡലത്തിൽ പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും മാഹിയിൽ ഇന്ത്യ മുന്നണിയുടെ പേരിൽ ഒരേ വേദിയിൽ എത്തുന്നതിന്റെ പ്രയാസം മറികടക്കാനാണ് സിപിഎം യുആർപിഐക്ക് പിന്തുണ നൽകുന്നത്. ബിജെപി പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമം ഇന്നലെ തുടങ്ങി.  കോൺഗ്രസ് പ്രചാരണം ചൂടാവുന്നേ ഉള്ളൂ. വീടുകയറി വോട്ടർമാരെ നേരിൽ കാണാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപിയും അടിത്തട്ടിൽ പ്രവർത്തനം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്. സിപിഎം പ്രവർത്തകർ വടകരയിലെ പ്രചാരണത്തിൽ ശ്രദ്ധിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com