ഡെങ്കിപ്പനി: ഹെൽത്ത് സ്‌ക്വാഡ് പരിശോധന തുടങ്ങി

Mail This Article
ചെറുപുഴ∙ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച ഹെൽത്ത് സ്‌ക്വാഡ് ഡെങ്കി ഹോട്ട്സ്പോട്ട് മേഖലകളിൽ പരിശോധന തുടങ്ങി. പഞ്ചായത്തിലെ 5-ാം വാർഡിൽപെട്ട പാലന്തടം, പുളിങ്ങോം മേഖലയിലും, 19-ാം വാർഡിലെ മച്ചിയിൽ, കുണ്ടംതടം മേഖലയിലുമാണു പരിശോധന നടത്തിയത്. പുളിങ്ങോം ഹെൽത്ത് ഇൻസ്‌പെക്ടർ വി.മുഹമ്മദ് ഷെരീഫ്, എം.എൽ.മനീഷ എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണു പരിശോധന നടത്തിയത്.
15 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പരിശോധന നടത്തും. 2020 മുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത മേഖലകളാണ് ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ പരിശോധനയിൽ കണ്ടെത്തി.ശുദ്ധജലത്തിലാണു കൂടുതൽ ലാർവകളെ കണ്ടെത്തിയത്.
വീടിനുള്ളിലെ ഇൻഡോർ ചെടികൾ, ഫ്രിജ്, വീടിനു പുറത്തുള്ള പാത്രങ്ങൾ, വിറകുമൂടി ഇടുന്ന ടാർപ്പോളിൻ, മഴവെള്ള സംഭരണി,റബർ തോട്ടങ്ങളിലെ ചിരട്ട, കമുകിൻതോട്ടങ്ങളിലെ പാള എന്നിവിടങ്ങളാണു കൊതുകുകളുടെ ഉറവിടമായി കണ്ടെത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും കൊതുക് ഉറവിടങ്ങൾ നശിപ്പിക്കാത്ത 3 പേർക്ക് ഹെൽത്ത് സ്‌ക്വാഡ് നോട്ടിസ് നൽകി. രോഗ കാരണമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും, കൊതുക് വളരാനുള്ള സാഹചര്യം ഒരുക്കുന്നവർക്ക് എതിരെ പൊതുജനാരോഗ്യ നിയമം പ്രകാരം 10,000 രൂപ വരെ പിഴ ചുമത്തുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.