ADVERTISEMENT

ചെറുപുഴ∙130 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ജലജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിയുടെ ആദ്യഘട്ടത്തിനു ചെറുപുഴ പഞ്ചായത്തിൽ തുടക്കം. പദ്ധതി നടപ്പാകുന്നതോടെ മലയോര മേഖലയിലെ ശുദ്ധജലക്ഷാമത്തിനു ശാശ്വത പരിഹാരമാകുമെന്നാണു പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും പഞ്ചായത്തിന്റെയും വിഹിതത്തിനു പുറമേ ഉപഭോക്തൃ വിഹിതവും ചേർത്താണു പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 61 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 

പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ജോസ്ഗിരിയിലും തട്ടുമ്മലിലും രണ്ടു വാട്ടർ ടാങ്കുകൾ നിർമിച്ച്, റോഡുകളുടെ അരികിലൂടെ കുഴിയെടുത്തു പൈപ്പിടും. ഇതിനായി ചെറുപുഴ പഞ്ചായത്തിലെ ഒന്നാം വാർഡായ കൊല്ലാടയിൽ പൈപ്പിടുന്ന പ്രവൃത്തി ആരംഭിച്ചു. 18 വാർഡുകളിലും പൈപ്പിട്ടതിനു ശേഷം ആവശ്യമായ സ്ഥലങ്ങളിലെല്ലാം ചെറിയ ടാങ്കുകൾ സ്ഥാപിക്കും. 

kannur-cheruppuzha-jalajeevan-project-pies-2
ജലജീവൻ മിഷൻ പദ്ധതിയ്ക്ക് വേണ്ടി മഞ്ഞക്കാട് ഇറക്കിയ പൈപ്പുകൾ.

പഴശ്ശി പദ്ധതിയിൽ നിന്നുള്ള വെള്ളമാണു വീടുകളിൽ എത്തിക്കുക. ഒരു വീട്ടിലെ ഒരാൾക്കു ദിവസവും 55 ലീറ്റർ വെള്ളം വീതം വിതരണം ചെയ്യാനാണു തീരുമാനം.ലീറ്ററിന് 15 പൈസ നിരക്കിലാണ് ഉപഭോക്താക്കൾ നൽകേണ്ടത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഉയർന്ന ഉദ്യോഗസ്ഥസംഘം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു വിദഗ്ധ പഠനം നടത്തിയിരുന്നു.

കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പദ്ധതി വഴി മൂന്നു വർഷംകൊണ്ടു പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വെള്ളം എത്തിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. ചെറുപുഴ പഞ്ചായത്തിനു പുറമേ, മലയോര പഞ്ചായത്തായി പെരിങ്ങോം-വയക്കര, ആലക്കോട്, ഉദയഗിരി, നടുവിൽ തുടങ്ങിയ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com