ADVERTISEMENT

ശാന്തിഗിരി ∙േകളകം പഞ്ചായത്തിലെ ശാന്തിഗിരിയിൽ കാട്ടാന കൃഷി നശിപ്പിക്കുകയും ഭീതി പരത്തി വീട്ടുമുറ്റത്ത് എത്തുകയും ചെയ്തു. മൂഴിക്കുളത്ത് ജോമോന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച രാത്രി രണ്ട് മണിയോടെ കാട്ടാന എത്തിയത്. കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം വീടിനുനേരേ എത്തിയെങ്കിലും പിന്നീടു മടങ്ങി പോയി. രാത്രിയിൽ നായ്ക്കളുടെ കുര കേട്ട് ഉണർന്നെങ്കിലും അപകടം ഉണ്ടാകുമെന്ന ഭീതിയാൽ പുറത്തിറങ്ങിയില്ല. ജോമോന്റെ കൃഷിയിടത്തിലെ കുലയ്ക്കാറായ ഏത്തവാഴകളെല്ലാം കാട്ടാന നശിപ്പിച്ചു. 

ശാന്തിഗിരി മേഖലയിൽ മറ്റ് പലയിടങ്ങളിലും കാട്ടാനകൾ ഇടയ്ക്ക് എത്താറുണ്ടായിരുന്നു എങ്കിലും ടൗണിന് കൂടുതൽ സമീപത്തേക്കു കാട്ടാന എത്തുന്നത് ആദ്യമാണ്. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തേക്കുള്ള റോഡിലാണു കാട്ടാന എത്തിയത്. ഇക്കോ ടൂറിസം മേഖലയിൽ, കടുവയുടെയും പുലിയുടെയും സാന്നിധ്യം മുൻപുതന്നെ കണ്ടെത്തിയിരുന്നു‌. പാലുകാച്ചിയോട് ചേർന്നുള്ള കൊട്ടിയൂർ പഞ്ചായത്തിലെ കൃഷിയിടങ്ങളിലും കാട്ടാനകൾ ഇടയ്ക്ക് എത്താറുള്ളതാണ്. ഇക്കോ ടൂറിസം മേഖലയിലേക്കുള്ള റോഡിലൂടെ നടന്നാണ് കാട്ടാന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

1. ആനപ്പാറയിൽ ജനവാസ കേന്ദ്രത്തിൽനിന്നു കാട്ടിലേക്ക് തുരത്തിയ ആന രാത്രിയോടെ വീണ്ടും തിരികെയെത്തിയപ്പോൾ, നാട്ടുകാർ തീകൂട്ടി കാവലിരിക്കുന്നു. 2. കേളകം ശാന്തിഗിരിയിൽ മൂഴിക്കുളം ജോമോന്റെ നേന്ത്രവാഴത്തോട്ടം കാട്ടാന നശിപ്പിച്ച നിലയിൽ.
1. ആനപ്പാറയിൽ ജനവാസ കേന്ദ്രത്തിൽനിന്നു കാട്ടിലേക്ക് തുരത്തിയ ആന രാത്രിയോടെ വീണ്ടും തിരികെയെത്തിയപ്പോൾ, നാട്ടുകാർ തീകൂട്ടി കാവലിരിക്കുന്നു. 2. കേളകം ശാന്തിഗിരിയിൽ മൂഴിക്കുളം ജോമോന്റെ നേന്ത്രവാഴത്തോട്ടം കാട്ടാന നശിപ്പിച്ച നിലയിൽ.

ഉളിക്കൽ ∙ മണിക്കടവ് ആനപ്പാറയിൽ ആനയിറങ്ങുന്നത് വാർത്തയല്ലാതായിട്ടു നാളേറെയായി. ഇപ്പോൾ ആനയിറങ്ങാത്ത ദിവസങ്ങൾ മാത്രമാണ് പ്രദേശവാസികളുടെ ഓർമയിൽ നിൽക്കുന്നത്. ആനക്കൂട്ടങ്ങളെയും രണ്ടാനയുടെ വലിപ്പമുള്ള മോഴയാനയെയും ഇവിടെ കൊച്ചു കുട്ടികൾക്കുവരെ പരിചയമായി. കേരള അതിർത്തിയിൽ സോളർ വേലിയില്ലാത്ത ഒരു കിലോമീറ്റർ ദൂരംവഴി കർണാടക വനത്തിൽനിന്നാണു ആനക്കൂട്ടം സ്ഥിരമായി ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. കാർഷിക വിളളെന്നു പറയാൻ ഒന്നും അവശേഷിപ്പിക്കാതെ ആനക്കൂട്ടം തിന്നുതീർത്തു. സോളർ വേലിക്കുള്ള കരാർ നൽകിയെന്നും നൽകില്ലെന്നും പണി തുടങ്ങുമെന്നും തിരഞ്ഞെടുപ്പ് കഴിയെട്ടെയെന്നും തരാതരം പോലെ അധികൃതർക്ക് ഉറപ്പ് നൽകിക്കൊണ്ടിയിരിക്കുന്നു. ആനപ്പിണ്ടത്തിന്റെ വിലപോലും ഇല്ലാത്ത ഉറപ്പ് പ്രദേശവാസികൾക്കും മടുത്തു. അധികൃതർക്കും ആനയ്ക്കും സംഭവം തമാശയാണെങ്കിലും ഉറക്കമിളച്ചും ജോലി ഉപേക്ഷിച്ചും ജീവൻ രക്ഷിക്കാൻ പാടുപെടുന്ന പ്രദേശവാസികൾക്ക് മാത്രം ആനയുടെ നാട്ടിലിറങ്ങിയുള്ള തമാശ കളി അത്ര സുഖമുള്ള കാര്യമല്ല.

ഇന്നലെ വൈകീട്ട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ മോഴയാന ജനവാസ കേന്ദ്രത്തിലും വീട്ടുമുറ്റത്തും ഏറെ നേരം ചുറ്റി നടന്നു. ശേഷം പതിവു പോലെ പ്രദേശവാസികളും വനപാലകരും ചേർന്നു കാട്ടിലേക്കു തുരത്തി. രാത്രി തിരിച്ചു വരില്ലെന്നു യാതൊരു ഉറപ്പുമില്ലത്തതിനാൽ ജനങ്ങൾ ഉറക്കമിളച്ച് കാത്തിരിക്കുകയേ രക്ഷയുള്ളു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ സന്ധ്യയോടെ കാട്ടിലേക്ക് തുരത്തിയെങ്കിലും രാത്രിയോടെ വീണ്ടും ജനവാസ കേന്ദ്രത്തിൽ തിരികെയെത്തി. വനപാലകരും നാട്ടുകാരും പടക്കം പൊട്ടിച്ചും തീയിട്ടും ആനയെ തുരത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ആന കാട്ടിലേക്ക് തിരികെ പോകാൻ കൂട്ടാക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com