ADVERTISEMENT

തലശ്ശേരി∙ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ വടകര മണ്ഡലം ചെന്നു കൂടിയത് തലശ്ശേരിയിൽ. തലശ്ശേരിയിലെ ബസ് സ്റ്റാൻഡുകൾക്കായിരുന്നു സ്ഥാനാർഥികളെ കൂട്ടിയുള്ള അന്തിമാവേശം തോളിൽ വഹിക്കാൻ നിയോഗം. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കെ.കെ.ശൈലജയുടെയും നാരങ്ങാപ്പുറത്ത് പുതിയ സ്റ്റാൻഡിന്റെ തെക്കുവശത്ത് ഷാഫി പറമ്പിലിന്റെയും വടക്കുവശത്ത് പ്രഫുൽ കൃഷ്ണന്റെയും അവസാനവട്ട പ്രചാരണങ്ങളുടെ ആവേശ സംഗമം. ഇന്നിനി നിശ്ശബ്ദ പ്രചാരണം മാത്രമെന്ന തിരിച്ചറിവിൽ മുന്നണികളുടെ എല്ലാം മറന്നുള്ള കലാശക്കൊട്ട്. 
∙ യുവത്വത്തിന്റെ കടലിളകി വരുന്ന കാഴ്ചയായിരുന്നു ഷാഫിയുടെ വരവിന്. തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർഥിയോടു ചേർന്ന് വലതുവശത്ത് വി.ടി.ബൽറാമും ഇടതുവശത്ത് രാഹുൽ മാങ്കൂട്ടത്തിലും വാഹനത്തിനു മുകളിൽ നിന്നു പതാക വീശിയതോടെ താഴെ വീശിയടിച്ചത് ആവേശക്കാറ്റ്. പരസ്യപ്രചാരണത്തിന്റെ സമയപരിധി അവസാനിക്കാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഷാഫിയും സംഘവും ബസ് സ്റ്റാൻഡ് പരിസരത്തേക്ക് എത്തിയത്.രാവിലെ കുറ്റ്യാടി മരുതോങ്കരയിൽനിന്നു തുടങ്ങിയ പ്രചാരണം ചെക്യാട്, വാണിമേൽ, നാദാപുരം പഞ്ചായത്തുകളിലൂടെയാണ് തലശ്ശേരിയിൽ എത്തിയത്. പ്രചാരണത്തിന്റെ സമയം അവസാനിച്ച് മൈക്ക് ഓഫ് ചെയ്തിട്ടും പിരിഞ്ഞു പോകാതിരുന്ന ആളുകൾ ഷാഫിയുടെ കാർ സ്റ്റാൻഡിനു പുറത്തേക്കു പോകുമ്പോഴും പിന്തുടർ‍ന്നു. 
∙ പഴയ ബസ് സ്റ്റാൻഡ് പരിസരം എന്നല്ല തലശ്ശേരിയെത്തന്നെ ചെങ്കടലാക്കി ആയിരുന്നു ഇടതു മുന്നണിയുടെ കലാശക്കൊട്ട്. കൈകളുയർത്തി മുഷ്ടി ചുരുട്ടി, ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കുന്ന പ്രവർത്തകരുടെ ആവേശത്തിനിടയിലേക്ക് വടകരക്കാരുടെ സ്വന്തം ‘ശൈലജ ടീച്ചർ’ മുഖത്തെന്നുമുള്ള ആ പുഞ്ചിരിയുമായി വന്നിറങ്ങി. മൂന്നു മണിയോടെതന്നെ പ്രദേശത്ത് പ്രവർത്തകർ ചെങ്കൊടികളുമായി നിറഞ്ഞു കവിഞ്ഞിരുന്നു. പ്രചാരണ ഗാനങ്ങളും ഡിജെയുമായി ആളുകൾ ചുവടുവച്ചു തുടങ്ങിയതോടെ ആവേശം അണപൊട്ടി. പടക്കം പൊട്ടിച്ചും പ്രചാരണഗാനങ്ങൾ മുഴക്കിയും അണികൾ ‘ടീച്ചറെ’ വരവേറ്റു. 
∙ ആവേശം മാത്രമല്ല സ്ഥാനാർഥിയും ആകാശം തൊട്ടു എൻഡിഎ മുന്നണിയുടെ കലാശക്കൊട്ടിൽ. സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ ക്രെയിനിൽ കയറി ‘മാസ് എൻട്രി’ നടത്തുകയായിരുന്നു പ്രവർത്തകർക്കിടയിലേക്ക്. നേതാക്കൾ അടക്കമുള്ളവർ കാത്തിരുന്ന സമാപന വേദിയിലേക്ക് അഞ്ചേകാലോടെയാണ് പ്രഫുൽ കൃഷ്ണനും ബിജെപി കണ്ണൂർ ജില്ലാപ്രസിഡന്റ് എൻ.ഹരിദാസും ക്രെയിനിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു കടന്നുവന്നത്. രാവിലെ വടകരയിൽ നിന്ന് ആരംഭിച്ച പ്രചാരണ യാത്ര പയ്യോളി, കൊയിലാണ്ടി, മേപ്പയൂർ, പേരാമ്പ്ര, ആയഞ്ചേരി, വില്യാപ്പള്ളി, ഓർക്കാട്ടേരി, കുഞ്ഞിപ്പള്ളി, പാനൂർ എന്നിവിടങ്ങളിലൂടെ കടന്നാണ് തലശ്ശേരിയിൽ എത്തിയത്. ഇതിനിടെ എൻഡിഎക്ക് കലാശക്കൊട്ടിന് അനുവദിച്ച സ്ഥലത്തേക്കു പൊലീസ് കടത്തി വിട്ടില്ലെന്ന് ആരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് നിരത്തി പ്രവർത്തകരെ പൊലീസ് തടഞ്ഞു. 

തലശ്ശേരിയിൽ നടത്തിയ കലാശക്കൊട്ടിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പാർട്ടി പതാക വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. പി.വി.അൻവർ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ എന്നിവർ സമീപം.
തലശ്ശേരിയിൽ നടത്തിയ കലാശക്കൊട്ടിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പാർട്ടി പതാക വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. പി.വി.അൻവർ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ എന്നിവർ സമീപം.

ഉപതിരഞ്ഞെടുപ്പ് പാലക്കാടു തന്നെ  നടക്കും: ഷാഫി പറമ്പിൽ
തലശ്ശേരി∙ഉപതിരഞ്ഞെടുപ്പു പാലക്കാടു തന്നെ നടക്കുമെന്ന് വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. അഹങ്കാരത്തോടെ പറയുകയല്ല, വടകരയിലെ ജനങ്ങൾ തന്ന സ്നേഹവും ഇഷ്ടവും കൊണ്ടുള്ള ആത്മവിശ്വാസം കൊണ്ടു പറയുന്നതാണ്. വടകര തന്നത് നിറഞ്ഞ സ്നേഹമാണ്. ജയിക്കാൻ കഴിയും. അവർ തന്ന സ്നേഹത്തിനു വാക്കുകളിലൂടെ നന്ദി പറയുന്നില്ല, പ്രവൃത്തിയിലൂടെ കാണിക്കും.

തലശ്ശേരിയിൽ നടത്തിയ കലാശക്കൊട്ടിൽ വടകര മണ്ഡലം എൻഡിഎ സ്ഥാനാർഥി അഭിവാദ്യം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് സമീപം
തലശ്ശേരിയിൽ നടത്തിയ കലാശക്കൊട്ടിൽ വടകര മണ്ഡലം എൻഡിഎ സ്ഥാനാർഥി അഭിവാദ്യം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് സമീപം

കേന്ദ്രത്തിനെതിരെയും കേരളത്തിനെതിരെയുമുള്ള ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ ചെയ്യേണ്ട ആവശ്യം എനിക്കില്ല. അത് ഒരുതരത്തിലും എനിക്കു ഗുണകരമല്ല. ആക്ഷേപ വഴിയിലൂടെ രാഷ്ട്രീയത്തിൽ നടന്നയാളല്ല ഞാൻ. നടക്കുകയുമില്ല. അതുകൊണ്ടു തന്നെ ചെയ്യാത്ത കുറ്റത്തിനു മാപ്പുപറയേണ്ട ആവശ്യവും എനിക്കില്ല–ഷാഫി പറമ്പിൽ പറഞ്ഞു.

തലശ്ശേരിയിൽ നടത്തിയ കലാശക്കൊട്ടിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പാർട്ടി പതാക വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. പി.വി.അൻവർ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ എന്നിവർ സമീപം.
തലശ്ശേരിയിൽ നടത്തിയ കലാശക്കൊട്ടിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പാർട്ടി പതാക വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. പി.വി.അൻവർ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ എന്നിവർ സമീപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com