ADVERTISEMENT

ശ്രീകണ്ഠപുരം∙ ആവേശക്കൊടുമുടിയിൽ ശ്രീകണ്ഠപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കലാശക്കൊട്ട്. എൽഡിഎഫ്, യുഡിഎഫ് മുന്നണി പ്രവർത്തകർ ബസ്‌സ്റ്റാന്റിലാണ് അണിനിരന്നത്. പൊലീസും നിലയുറപ്പിച്ചു. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവർത്തകർ അണിനിരന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകരും അണിനിരന്നു.  ഇരിക്കൂർ നിയോജകമണ്ഡലത്തിലെ വിവിധ ടൗണുകളിൽ മുന്നണികൾ പ്രാദേശികമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ബക്കളത്ത് എൽഡിഎഫ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്.
ബക്കളത്ത് എൽഡിഎഫ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്.

യുഡിവൈഎഫ്  ബൈക്ക് റാലി നടത്തി
ശ്രീകണ്ഠപുരം∙ യുഡിവൈഎഫ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു.  ഉദയഗിരിയിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ  ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എ.ഖലീൽ റഹ്മാൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി.ജോർജ്, യൂത്ത് ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജാഫർ സാദിഖ് എന്നിവർ ജാഥ നയിച്ചു. റാലി ഉളിക്കലിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി അംഗം ചാക്കോ പാലക്കാലോടി ഉദ്ഘാടനം ചെയ്തു. 

തളിപ്പറമ്പ് നിയോജക മണ്ഡലം യു‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നടത്തിയ മഹിളാ ന്യായ് റാലിയുടെ സമാപനത്തിൽ സ്ഥാനാർഥി കെ.സുധാകരൻ പങ്കെടുത്തപ്പോൾ.
തളിപ്പറമ്പ് നിയോജക മണ്ഡലം യു‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നടത്തിയ മഹിളാ ന്യായ് റാലിയുടെ സമാപനത്തിൽ സ്ഥാനാർഥി കെ.സുധാകരൻ പങ്കെടുത്തപ്പോൾ.

യുഡിഎഫ് വനിതാ ന്യായ് റാലി നടത്തി
തളിപ്പറമ്പ്∙ യു‍ഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി മഹിളാ ന്യായ് റാലി നടത്തി. ചിറവക്കിൽ നിന്ന് ആരംഭിച്ച് ടൗൺ സ്‌ക്വയറിൽ സമാപിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി.സജിത അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.സുധാകരൻ, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, രജനി രാമാനന്ദ്, ഒ.പി. ഇബ്രാഹിം കുട്ടി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.ജനാർദനൻ, വി.പി.അബ്ദുൽ റഷീദ്, പി.കെ.സരസ്വതി, മനോജ് കൂവേരി, കൊടിപ്പോയിൽ മുസ്തഫ, എ.ഡി.സാബൂസ്‌, സി.പി.വി.അബ്ദുല്ല, പി.മുഹമ്മദ് ഇക്ബാൽ, ടി.മോഹൻദാസ്, പി.സി.നസീർ, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.

ആവേശമായി കലാശക്കൊട്ട്
കൂത്തുപറമ്പ്∙നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷത്തെ കലാശക്കൊട്ട് കാണാൻ ജനങ്ങൾ തടിച്ച് കൂടിയെങ്കിലും എൽഡിഎഫ് പ്രവർത്തകർ മാത്രമാണ് സംഘടിതമായി ടൗണിൽ എത്തിച്ചേർന്നത്. എൽഡിഎഫ് പ്രവർത്തകർ വാഹനങ്ങളിൽ പതാക വീശിയും ഉച്ചഭാഷിണിയിലൂടെ അനൗൺസ്മെന്റ് ചെയ്തും പ്രകടനമായി എത്തിയും ബസ് സ്റ്റാൻഡ് പരിസരത്ത് നിറഞ്ഞപ്പോൾ യുഡിഎഫിന്റേതായി 2 പ്രചാരണ വാഹനങ്ങൾ മാത്രമാണ് നഗരത്തിൽ ഉണ്ടായത്.

ബിജെപിയുടെ ഒരു പ്രചാരണ വാഹനവും ഇടവിട്ട സമയങ്ങളിൽ കടന്നു പോയെങ്കിലും ആവേശ പ്രകടനം ഏകപക്ഷീയമായിരുന്നു.  മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. എൽഡിഎഫ് നേതാക്കളും പൊലീസും ടൗണിൽ നിലയുറപ്പിച്ചതിനാൽ നിശ്ചിത സമയത്തിനകം ആവേശ പ്രകടനം നടത്തി പ്രവർത്തകർ പിരിഞ്ഞു പോവുകയായിരുന്നു. കോട്ടയം പഞ്ചായത്തിലെ കിണവക്കൽ ക്രേന്ദ്രീകരിച്ച് യുഡിഎഫ് പ്രവർത്തകർ കൊട്ടിക്കലാശം നടത്തി. എൽഡിഎഫിന്റെ പ്രകടനവുമുണ്ടായി. 

കലാശക്കൊട്ടില്ലാതെ പാനൂരിൽ‌ സമാപനം
പാനൂർ∙കലാശക്കൊട്ടില്ലാതെ പാനൂർ, കൊളവല്ലൂർ സ്റ്റേഷൻ പരിധികളിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ശാന്തമായി സമാപിച്ചു. രണ്ടു സ്റ്റേഷനുകളിലും സർവകക്ഷി ധാരണയിൽ പ്രചാരണ പരിപാടികൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതു കാരണം ഒരിടത്തും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. സമാപന സമയത്ത് പാനൂർ ടൗണിൽ വാഹന ഗതാഗതം പോലും സാധാരണ നിലയിലായിരുന്നു. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പൊതുയോഗം നടത്തിയാണ് പ്രചാരണം സമാപിച്ചത്. 

യുഡിഎഫ് പൊതുയോഗത്തിൽ കൺവീനർ പി.പി.എ.സലാം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം വി.സുരേന്ദ്രൻ, പി.കെ.ഷാഹുൽ ഹമീദ്, ഹരിദാസ് മൊകേരി, കെ.രമേശൻ, സന്തോഷ് കണ്ണംവെള്ളി എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് പൊതുയോഗം ആർജെഡി സംസ്ഥാന ജന.സെക്രട്ടറി പി.കെ.പ്രവീൺ ഉദ്ഘാടനം ചെയ്തു. പി.റഷീദ് അധ്യക്ഷത വഹിച്ചു.

കെ.പി.മോഹനൻ എംഎൽഎ, എ.പ്രദീപൻ, കെ.കെ.സുധീർകുമാർ, ഇ.മഹമ്മൂദ്, കിരൺ കരുണാകരൻ, കെ.പി.യൂസഫ് എന്നിവർ പ്രസംഗിച്ചു.  എൻഡിഎ പൊതുയോഗത്തിൽ എം.രത്നാകരൻ അധ്യക്ഷത വഹിച്ചു. പി.സത്യപ്രകാശ്, രാജേഷ് കൊച്ചിയങ്ങാടി, ജി.ഷിജിലാൽ, വി.പി.ഷാജി, എം.കെ.രാജീവൻ, കെ.സി.വിഷ്ണു, കെ.പി.സുജാത, കെ.കാർത്തിക, കെ.സഹജ എന്നിവർ പ്രസംഗിച്ചു.

കലാശക്കൊട്ട് ഇല്ലാതെ തളിപ്പറമ്പ് നഗരം
തളിപ്പറമ്പ്∙ പതിവുപോലെ ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടില്ലാതെ തളിപ്പറമ്പ് ടൗണിൽ പ്രചാരണത്തിന് സമാപനം. ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളും പരിഗണിച്ചാണ് ഏതാനും തിരഞ്ഞെടുപ്പുകളിലായി തളിപ്പറമ്പ് ടൗണിൽ കലാശക്കൊട്ട് ഒഴിവാക്കിയത്. 

ഇത്തവണയും ഡിവൈഎസ്പി: പി.പ്രമോദിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കളെ വിളിച്ചുചേർത്ത് നഗരത്തിൽ കലാശക്കൊട്ട് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.രാവിലെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മഹിളാ ന്യായ് റാലിക്ക് ശേഷം ടൗണിൽ അപൂർവമായി ചില പ്രചാരണ വാഹനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

മലപ്പട്ടത്ത് സുരക്ഷ വേണം: യുഡിഎഫ്
ഇരിക്കൂർ ∙ മലപ്പട്ടത്ത് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. എല്ലാ തിരഞ്ഞെടുപ്പിലും മലപ്പട്ടത്ത് സിപിഎം അക്രമം അഴിച്ചുവിട്ട് ബൂത്ത് പിടിച്ചെടുക്കാറുണ്ട്. യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് സുരക്ഷയൊരുക്കണമെന്നും കള്ളവോട്ട് തടയാൻ നടപടിയുണ്ടാകണമെന്നും കൺവീനർ എം.പി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com