ADVERTISEMENT

കണ്ണൂർ∙ ഇടവേളയ്ക്ക് ശേഷം നഗരം കീഴടക്കി വീണ്ടും അലഞ്ഞു തിരിയുന്ന നാൽക്കാലികൾ.  നഗരത്തിൽ കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരു പോലെ പ്രയാസമുണ്ടാക്കുന്ന നാൽക്കാലികൾ അക്രമാസക്തമാകുന്ന സ്ഥിതിയുമുണ്ട്. രാത്രിയിൽ കൂട്ടത്തോടെ റോഡിലിറങ്ങുന്ന നാൽക്കാലികൾ വാഹനാപകടങ്ങൾക്കും ഇടയാക്കുകയാണ്. കണ്ണൂർ നഗരത്തിനു പുറമേ ജില്ലാ ആശുപത്രി പരിസരം, കണ്ണൂർ സിറ്റി, അറക്കൽ, റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം എന്നിവയെല്ലാം അലയുന്ന കന്നുകാലികളുടെ കേന്ദ്രമാണ്.

റോഡുകൾ കീഴടക്കുമ്പോൾ ഗതാഗതം സ്തംഭിക്കുന്നുമുണ്ട്. കടകളിൽ നിന്നു റോഡരികിൽ തള്ളുന്ന പഴകിയ പഴം– പച്ചക്കറിയാണ് ഇവയുടെ ഭക്ഷണം. ഉടമസ്ഥർ പശുക്കളെ രാവിലെ കെട്ട് അഴിച്ചു വിടുകയാണെന്നാണ് ആക്ഷേപം. ഇവ പിന്നീട് നഗരം ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തും. അല്ലാത്തവ റോഡിൽ തന്നെ തമ്പടിക്കും. ഇത്തരത്തിൽ ഒരു ചെലവുമില്ലാതെ നാൽക്കാലികളെ വളർത്തുന്നവർക്ക് കോർപറേഷന്റെ മൗനാനുവാദം സഹായമാകുന്നതായാണു പരാതി. 

ദുരിതം, അപകടം
അലഞ്ഞു തിരിയുന്ന നാൽക്കാലികൾ കടുത്ത പ്രയാസമാണ് ഉണ്ടാക്കുന്നത്. രാവിലെ കട തുറക്കാൻ എത്തുമ്പോഴേക്കും കടകൾക്ക് മുന്നിൽ ചാണകവും പശുവിന്റെ മൂത്രവും കാണേണ്ട ഗതികേടാണ്. ഇവ വൃത്തിയാക്കി വേണം വ്യാപാരികൾക്ക് കട തുറക്കാൻ.  തെരുവ് വിളക്കുകളില്ലാത്ത ഭാഗങ്ങളിൽ വാഹനങ്ങൾ   എത്തുമ്പോഴാണ് തൊട്ടുമുന്നിൽ  റോഡിൽ കിടക്കുന്ന നാൽക്കാലികളെ ഡ്രൈവർമാർ കാണുന്നത്. വാഹനം വെട്ടിക്കുന്നതിനിടെ അപകടത്തിൽപ്പെടാ‍ൻ സാധ്യതയുണ്ട്. 

മേയർ  അറിയുന്നുണ്ടോ? 
നഗര നിരത്തുകൾ കീഴടക്കി നാൽക്കാലികൾ വിലസുമ്പോഴും ഇവയെ പിടിച്ചു കെട്ടാനുള്ള നടപടി കടലാസിൽ ഒതുങ്ങുകയാണ്. അലയുന്ന നാൽക്കാലികളെ പാർപ്പിക്കാൻ പാറക്കണ്ടിയിൽ കാറ്റിൽ പൗണ്ട് കോർപറേഷൻ നിർമിച്ചിട്ടുണ്ട്. നിർമിച്ച കാലത്ത് 2 നാൽക്കാലികളെ പിടിച്ചു കെട്ടി ഉടമയിൽ നിന്ന് പിഴ ഈടാക്കിയെങ്കിലും പിന്നീട് നടപടിയെല്ലാം നിലച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു.  നഗരത്തിൽ അലഞ്ഞുതിരിയുന്ന നാൽക്കാലികളെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്നും അലയാൻ വിടുന്ന നാൽക്കാലികളുടെ ഉടമകൾക്കെതിരെ പിഴ ചുമത്തുന്നത് കർശനമാക്കുമെന്നും ചുമതലയേറ്റ പുതിയ മേയർ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com