ADVERTISEMENT

ചക്കരക്കൽ ∙ ചൂട് കനത്തതോടെ ചക്കരക്കൽ മേഖലയിൽ ജലക്ഷാമം രൂക്ഷം. കാപ്പാട് തട്ടുപറമ്പ്, മുഴപ്പാല, കോളിൻമൂല കോളനി, കണ്ണാടിവെളിച്ചം, മുണ്ടേരി കോളനി ഭാഗങ്ങളിലാണ് ജലക്ഷാമം നേരിടുന്നത്. നരിക്കോട് യുപി സ്കൂൾ–മുഴപ്പാല ബിഎഡ് കോളജ് റോഡിൽ ഏതാനും വീടുകളിൽ പൈപ്പ് വെള്ളം ലഭിക്കുന്നില്ല. സ്വന്തമായി കിണർ ഇല്ലാത്ത കുടുംബങ്ങൾ ഏറെ പ്രയാസത്തിലാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാണ് പൈപ്പിൽ വെള്ളം ലഭിക്കുന്നത്. അതും അർധരാത്രിയിലും മറ്റും. വീട്ടുകാർ പലപ്പോഴും ഇത് മുൻകൂട്ടി അറിയാത്ത സ്ഥിതിയാണ്. കാപ്പാട് തട്ടുപറമ്പിൽ പെരിക്കാട് കുന്നിലെ പത്തോളം വീട്ടുകാരാണ് പൈപ്പ് വെള്ളത്തിനു വേണ്ടി കാത്തിരിക്കുന്നത്. കണ്ണൂർ കോർപറേഷൻ ചേലോറ സോണിൽ വാർഡ് 20ൽ ഉൾപ്പെടുന്ന പ്രദേശമാണിത്. പെരിക്കാട് കുന്നിൽ വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിൽ വെള്ളം ഉണ്ടെങ്കിലും ഉയർന്ന പ്രദേശത്ത് വെള്ളം എത്തുന്നില്ലെന്നാണ് പരാതി. 

മുണ്ടേരി കോളിൻമൂല കോളനിയിൽ ഒട്ടേറെ കുടുംബങ്ങളാണ് ജലക്ഷാമം നേരിടുന്നത്. ഇവിടെ പൊതുകിണർ ഉണ്ടെങ്കിലും കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കൂടുതൽ സംവിധാനം വേണമെന്നാണ്  ആവശ്യം. ചക്കരക്കൽ ടാക്സി സ്റ്റാൻഡിലെ കിണർ വറ്റുകയും കുഴൽക്കിണർ വഴി വെള്ളം ലഭിക്കാതിരിക്കുകയും ചെയ്തതോടെ കോംപ്ലക്സിലെ ജലവിതരണം പൂർണമായും നിലച്ചു. ശുചിമുറികളിൽ വെള്ളം ലഭ്യമാകാത്തതിനാൽ കട ഉടമകളും ഇവിടത്തെ  ജീവനക്കാരും ദുരിതത്തിലായി. വീടുകളിൽനിന്ന് കന്നാസിൽ വെള്ളം കൊണ്ടുവരേണ്ട സ്ഥിതിയാണെന്ന് കട ഉടമകളും ജീവനക്കാരും പറഞ്ഞു. ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com