ADVERTISEMENT

കണ്ണൂർ ∙ ജില്ലാ പഞ്ചായത്തിന്റെ 2022–23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത് ഒട്ടേറെ പിഴവുകൾ. ജില്ലാ പഞ്ചായത്ത് ഓഫിസിലും ജില്ലാ പഞ്ചായത്തിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലുമായി ധനവിനിയോഗവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ അപാകതകൾ സംബന്ധിച്ച് ഓഡിറ്റ് ചുമതലയുള്ളവർ നൽകിയത് 89 അന്വേഷണക്കുറിപ്പുകളാണ്. ഇതിൽ 24 എണ്ണത്തിനു മാത്രമാണ് മറുപടി ലഭിച്ചതെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 

സ്കൂളുകളിൽ ജില്ലാ പഞ്ചായത്ത് നടത്തുന്ന നിർമാണ പ്രവൃത്തികളുടെ വിശദാംശങ്ങൾ സ്കൂൾ അധികൃതർക്കോ പിടിഎ കമ്മിറ്റിക്കോ അറിയില്ല. വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാൻ 83.1 ലക്ഷം രൂപ ചെലവിട്ടെങ്കിലും പദ്ധതി ലക്ഷ്യംകണ്ടില്ല. ഫർണിച്ചർ വാങ്ങാൻ വിവിധ പദ്ധതികളിലായി ഒരു കോടി രൂപയിലേറെയും കൗൺസലിങ് സെന്ററുകൾ സജ്ജമാക്കാൻ 13.8 ലക്ഷം രൂപയും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിക്കായി 9.94 ലക്ഷം രൂപയും സമഗ്രവിദ്യാഭ്യാസ പദ്ധതിക്കായി 7.38 ലക്ഷം രൂപയും ചെലവിട്ടെങ്കിലും രേഖകൾ ലഭ്യമാക്കിയില്ല. സംസ്ഥാന കായികമേളയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് 2.11 ലക്ഷം രൂപ ചെലവിട്ട് ജഴ്സി വാങ്ങിയതിലും അപാകതയുണ്ട്. 

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ന്യായവില മെഡിക്കൽ സ്റ്റോറിന്റെ നടത്തിപ്പ് സംബന്ധിച്ച് ഗുരുതര പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. വഴിയില്ലാത്തിടത്ത് കവാടം നിർമിച്ച് 5 ലക്ഷത്തോളം രൂപ പാഴാക്കി. ജില്ലാ ആശുപത്രി കന്റീൻ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആശുപത്രികളിലെ കന്റീനുകളിൽ നിന്നു വാടക ഇനത്തിൽ ലഭിക്കേണ്ട തുക ജില്ലാ പഞ്ചായത്തിലേക്ക് അടയ്ക്കുന്നില്ലെന്നും ഇത് ഈടാക്കി തനത് ഫണ്ടിലേക്ക് മുതൽക്കൂട്ടണമെന്നും നിർദേശിച്ചു. ജില്ലാ ആശുപത്രിയിൽ അമ്മയും കുഞ്ഞും വാർഡ് നവീകരിക്കാൻ 1.36 ലക്ഷം രൂപ അധികം അനുവദിച്ചുവെന്നും ഇതു തിരിച്ചുപിടിക്കണമെന്നും നിർദേശിച്ചു. ജില്ലാ ആശുപത്രി വികസന ഫണ്ട് വിനിയോഗത്തിൽ സർക്കാർ നിർദേശം പാലിച്ചിട്ടില്ല. 

കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് തൈകളും വിത്തുകളും വിതരണം ചെയ്ത വകയിൽ 42.37 ലക്ഷം രൂപ വിവിധ കൃഷിഭവനുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാനുണ്ട്. വാഹനം വിളിച്ചതിലും തൈകൾ, ചാണകപ്പൊടി എന്നിവ വാങ്ങിയതിനും ക്വട്ടേഷൻ വിളിച്ചിട്ടില്ലെന്നും കണ്ടെത്തി. ജില്ലാ ആശുപത്രിക്ക് സമീപം വനിതകൾക്ക് താമസ സൗകര്യം ഒരുക്കാൻ 2.4 കോടി രൂപ ചെലവിട്ട് 49 സെന്റ് ഭൂമി വാങ്ങിയതിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധ വകുപ്പിന്റെയും പുരാവസ്തു വകുപ്പിന്റെയും ഭൂമിയോട് ചേർന്നു കിടക്കുന്നതിനാൽ തീരദേശ അനുമതി ലഭിച്ചാലും ഈ വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാലേ നിർമാണം സാധ്യമാകൂ. 

ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നൽകിയ കത്തിന് മറുപടി നൽകിയിട്ടില്ലെന്നും ഇക്കാരണങ്ങളാൽ തുക ചെലവഴിക്കുന്നത് തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴോം പഞ്ചായത്തിലെ മലബാർ കൈപ്പാട് ഏരിയ ഡവലപ്മെന്റ് സൊസൈറ്റിക്ക് വികസന ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സഹകരണ സംഘം നിയമപ്രകാരം റജിസ്റ്റർ ചെയ്ത സംഘത്തിനു മാത്രമാണ് തുക നൽകാൻ കഴിയുകയെന്നും സൊസൈറ്റി ഇതുവരെ റജിസ്ട്രേഷൻ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും തുക കൈപ്പറ്റിയ രശീതി നൽകിയിട്ടില്ലെന്നും കണ്ടെത്തി. വിവിധ പദ്ധതികളുടെ വിനിയോഗ രേഖകൾ ഹാജരാക്കിയിട്ടില്ല. 

സ്കൂളുകളിൽ കുടുംബശ്രീ കിയോസ്ക്കുകൾ സ്ഥാപിക്കാൻ 36.5 ലക്ഷം രൂപ ചെലവിട്ടത് മാനദണ്ഡം പാലിക്കാതെയാണ്. കുറുമാത്തൂരിൽ വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത കെട്ടിടത്തിൽ എയർകണ്ടീഷനർ ഉൾപ്പെടെ സ്ഥാപിച്ച് കുടുംബശ്രീ പരിശീലന കേന്ദ്രം ഒരുക്കിയെന്നും ഇതിനായി ചെലവിട്ട 13.8 ലക്ഷം രൂപ തടസ്സപ്പെടുത്തുന്നായും റിപ്പോർട്ട് പറയുന്നു. സ്ത്രീകൾക്ക് ഫിറ്റ്നസ് സെന്ററിനായി 12.92 ലക്ഷം രൂപ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും സെന്റർ ആരംഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കൊമ്മേരി ആട് ഫാമിൽ 17.84 ലക്ഷം രൂപ ചെലവിൽ കെട്ടിട നവീകരണം നടത്തിയെങ്കിലും കെട്ടിടം ഉപയോഗിക്കാതെ നശിക്കുകയാണ്.  കമ്യൂണിറ്റി കിച്ചൺ പദ്ധതിക്ക് 9.5 ലക്ഷം രൂപ, വനിതകൾക്ക് ആടു വളർത്താൻ 10 ലക്ഷം രൂപ എന്നിവ ചെലവിട്ടതിലും അപാകതയുണ്ട്. 

ബഡ്സ് സ്കൂളുകൾക്ക് ധനസഹായമായി 45 ലക്ഷം രൂപ, ഭിന്നശേഷിക്കാരുടെ ബ്ലോക്ക്തല സംഗമത്തിന് 4.31 ലക്ഷം രൂപ എന്നിവ ചെലവിട്ടതിലും മാനദണ്ഡം പാലിച്ചിട്ടില്ല. പട്ടിക വിഭാഗങ്ങൾക്കായി ചെലവിടുന്ന തുക ലക്ഷ്യം കാണുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  കല്യാശ്ശേരി സിവിൽസർവീസ് അക്കാദമിയിലെ ഡിജിറ്റൽ ലൈബ്രറിക്കായി 18.62 ലക്ഷം രൂപ ചെലവിട്ടതിൽ അപാകതയുണ്ട്. ആയുർവേദ ആശുപത്രിയിൽ നവീകരണത്തിനായി നിർമിതിക്ക് 9,654 രൂപ അധികം അനുവദിച്ചത് തിരിച്ചുപിടിക്കണം.  6.26 ലക്ഷം രൂപ മുൻകൂർ അടച്ചിട്ടും മരുന്ന് ലഭ്യമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈഫ് പദ്ധതിക്ക് മാച്ചിങ് ഗ്രാന്റ് ഇനത്തിൽ 7.8 കോടി രൂപ നൽകിയതിന് വിനിയോഗ രേഖയും സാക്ഷ്യപത്രവും ഹാജരാക്കിയിട്ടില്ല. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ നിർവഹണം നടത്തിയ പദ്ധതികളിൽ 5.5 ലക്ഷം രൂപ ചെലവിട്ടതിൽ അപാകതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com