ADVERTISEMENT

ചപ്പാരപ്പടവ്∙ കാലവർഷവും വെള്ളപ്പൊക്കവും അടുത്തിരിക്കെ നിർമാണം നടക്കുന്ന മംഗര പാലത്തിന്റെ ബീമുകൾ നീരൊഴുക്കിന് തടസ്സമാവും വിധം വച്ചിരിക്കുന്നത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ‍ ഭീതിയിലുമാണ്. രണ്ടു മീറ്ററിലധികം ഉയരമുള്ള ഒൻപത് ബീമുകളാണ് പുഴയ്ക്കു കുറുകെ നിർമിച്ച് വച്ചിരിക്കുന്നത്. ഇവയ്ക്ക് 25 ഓളം മീറ്റർ നീളമുണ്ട്. പുഴയിൽ തടയണ പോലെയാണ് ഇവ നിലകൊള്ളുന്നത്.

ഇവയെല്ലാം ഉയർത്തി പില്ലറുകളിൽ സ്ഥാപിക്കേണ്ടതാണ്. എന്നാൽ ഇതിന് ആവശ്യമായ ക്രെയിൻ ലഭ്യമല്ലെന്ന് പറഞ്ഞാണ് ഇവ മാറ്റാതെ വച്ചിരിക്കുന്നത്. മഴക്കാലത്ത് വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്ന പുഴയാണിത്. ഇതിനു സമീപമാണ് മംഗര ടൗൺ സ്ഥിതി ചെയ്യുന്നത്.

സമീപത്ത് ഒട്ടേറെ വീടുകളും ഉണ്ട്. നീരൊഴുക്കിനു തടസ്സമുണ്ടാകുമ്പോൾ വെള്ളം സമീപ പ്രദേശത്തേക്കും അടുത്തുള്ള മെക്കാഡം റോഡിലേക്കും കയറും. വെള്ളം കയറുന്നതിനു പുറമേ കരയിടിച്ചിലും ഉണ്ടാവും. മഴക്കാലത്തിനു മുൻപേ ബീമുകൾ ഉയർത്തി പില്ലറുകളിൽ സ്ഥാപിക്കേണ്ടതാണെങ്കിലും കരാറുകാരുടെ അനാസ്ഥ മൂലം ചെയ്തില്ലെന്നാണ് ആക്ഷേപം.

മാസങ്ങൾക്കു മുൻപ് നിർമാണം തുടങ്ങിയ ബീമുകളാണ് ഇവ. അടുത്ത ദിവസം തന്നെ ക്രെയിൻ എത്തിച്ച് ബീമുകൾ ഉയർത്തി പില്ലറുകളിൽ സ്ഥാപിക്കുമെന്ന് കരാറുകാർ പറയുന്നുണ്ടെങ്കിലും മഴ തുടങ്ങിയതിനാൽ ഇത് അനിശ്ചിത്വത്തിലായി. ഇതിനിടെ പൊതുമാരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പത്തിലധികം മീറ്റർ ഉയരത്തിലും 125 മീറ്റർ നീളത്തിലുമുള്ള പാലമാണ് ഇവിടെ നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com