ADVERTISEMENT

ചെറുപുഴ∙ ചൂരപ്പടവ് കരിങ്കൽ ക്വാറിയിൽ നിന്നു പിടികൂടിയ വൻസ്ഫോടകശേഖരം നിർവീര്യമാക്കി. സ്ഫോടക വിദഗ്ധർ, അഗ്നിശമന സേന, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയാണു സ്ഫോടകവസ്തു ശേഖരം നിർവീര്യമാക്കിയത്. ചെറുപുഴ പഞ്ചായത്തിലെ 11-ാം വാർഡിൽപെട്ട ചൂരപ്പടവ് ക്വാറിയിൽ നിന്നു പിടികൂടിയ സ്ഫോടകശേഖരമാണു 14-ാം വാർഡിലെ എയ്യൻകല്ല് ക്വാറിയിൽ വച്ചു പ്രദേശവാസികളെ പോലും അറിയിക്കാതെ അധികൃതർ നിർവീര്യമാക്കിയത്. 

പ്രദേശവാസികളെ ഞെട്ടിച്ചു കൊണ്ടുള്ള സ്ഫോടനമാണു ക്വാറിയിൽ നടന്നതെന്നു നാട്ടുകാർ പറയുന്നു. അവിചാരിതമായി ക്വാറിയിൽ നടന്ന സ്ഫോടനം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. സ്ഫോടനത്തിൽ വീടുകളുടെ ജനലുകളും വാതിലുകളും വിറകൊള്ളുകയും ആളുകൾ പരിഭ്രാന്തിയിലാവുകയും ചെയ്തു. സ്ഫോടന വിവരം നാട്ടുകാരെ മുൻകൂട്ടി അറിയിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി.

 ചൂരപ്പടവ് ക്വാറിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുശേഖരം ഫെബ്രുവരി 18 നാണു പഞ്ചായത്ത്അംഗം കെ.പി.സുനിതയും നാട്ടുകാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തുടർന്നു പിറ്റേദിവസം ചെറുപുഴ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. 2850 ഡിറ്റനേറ്ററും 700 ജലറ്റിൻ സ്റ്റിക്കുമാണു പിടികൂടിയത്. 

തുടർന്നു ക്വാറിയുടമയുടെ പേരിൽ കേസെടുക്കുകയും കോടതി നിർദേശപ്രകാരം സ്ഫോടക വസ്തുക്കൾ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു. ഈ സ്ഫോടകവസ്തു ശേഖരമാണ് അധികൃതർ എയ്യൻകല്ല് ക്വാറിയിൽ വച്ചു നിർവീര്യമാക്കിയത്. എയ്യൻകല്ല് ക്വാറി പ്രക്ഷോഭത്തെ തുടർന്നു ഏറെ നാളായി അടഞ്ഞുകിടക്കുകയാണ്. സ്ഫോടകവസ്തുക്കൾ പിടികൂടിയ ചൂരപ്പടവ് ക്വാറിയും ഇപ്പോൾ അടച്ചിട്ട നിലയിലാണ്. ഇതിനിടെ മറ്റു പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നു പിടികൂടിയ സ്ഫോടകവസ്തുക്കളും എയ്യൻകല്ല് ക്വാറിയിൽ നിർവീര്യമാക്കിയതിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com