ADVERTISEMENT

കാസർകോട് ∙ ‌‌‌വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ മിനിലോറിയിൽ നിന്ന് 18 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ  ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. കുമ്പള ബന്തിയോട് ബൈത്തല സ്വദേശി അബ്ദുൽ ലത്തീഫ്, കൊച്ചി സ്വദേശി മനു എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ മൊബൈൽ ഫോണുകൾ വാഹനത്തിൽ നിന്നു കിട്ടിയിരുന്നു.

2019 ജൂണിൽ കുമ്പള പ്രതാപ് നഗർ പുളിക്കുത്തിയിലെ അൽത്താഫിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അബ്ദുൽ ലത്തീഫ് എന്നു പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ ഇടപ്പള്ളി ഉണിച്ചിറ തൈക്കാവിലെ ഫായിസ് അമീനെ(19) കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകിട്ട്  ഉളിയത്തടുക്കയ്ക്കു സമീപം ടൗൺ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാസർകോട് ഭാഗത്ത് നിന്ന് എത്തിയ മിനിലോറിയും ബൈക്കും നിർത്താതെ പോയത്. 

പൊലീസ് വാഹനത്തിൽ പിന്തുടർന്നപ്പോൾ ഡയറ്റ് കോംപൗണ്ടിലേക്ക്  മിനിലോറി ഓടിച്ചുകയറ്റുകയും മതിലിൽ ഇടിച്ച് നിൽക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന 2 പേരും ബൈക്കിലുണ്ടായിരുന്ന ഒരാളും ഓടിയെങ്കിലും ഫായിസിനെ മായിപ്പാടി കൊട്ടാരത്തിന്റെ സമീപത്ത് നിന്നു നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ‌

ബൈക്കിലുണ്ടായിരുന്നത് ഫായിസാണെന്ന്  ആദ്യം കരുതിയിരുന്നെങ്കിലും ലത്തീഫാണ് ബൈക്ക് ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. ലത്തീഫിന്റെ സ്വന്തം പേരിലുള്ളതാണ് ബൈക്ക്.  മനുവാണ് മിനിലോറി ഓടിച്ചിരുന്നത്. മിനിലോറിയിലെ മീൻ പെട്ടികൾക്കിടയിൽ നിന്നാണ് ഒളിപ്പിച്ചുവെച്ച 9 കഞ്ചാവ് പൊതികൾ പിടിച്ചെടുത്തത്.  ടൗൺ എസ്ഐ മെൽവിൻ ജോസാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.

മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് മീൻ കടത്തും; തിരിച്ച് കഞ്ചാവും

കഞ്ചാവ് കടത്തിന്റെ സൂത്രധാരൻ ലത്തീഫെന്ന് സംശയം. അറസ്റ്റിലായ ഫായിസിന്റെ മൊഴിയും വിരൽ ചൂണ്ടുന്നത് ലത്തീഫിന്റെ പങ്കിലേക്കാണ്. കഞ്ചാവ് സംഘടിപ്പിച്ചത് ലത്തീഫാണെന്നാണ് ഇയാൾ പറഞ്ഞത്. ഇടുക്കിയിൽ നിന്നാണ് ഇവർക്കു കഞ്ചാവ് ലഭിച്ചതെന്ന് പൊലീസ് കരുതുന്നു. 

മംഗളൂരുവിൽ നിന്ന് ഒട്ടേറെ മീൻ ലോറികൾ കൊച്ചിയിലേക്ക് പോകുന്നതിനാൽ ഇതിന്റെ മറവിൽ കഞ്ചാവ് കടത്തിയാലും പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. പിടിച്ചെടുത്ത മൊബൈൽ ഫോണിലെ കോൾ വിവരങ്ങൾ പരിശോധിച്ചാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ഫായിസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com