ADVERTISEMENT

കാഞ്ഞങ്ങാട് ∙ സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിച്ചതോടെ വിദ്യാർഥികൾ പാളം കടക്കുന്ന വഴി റെയിൽവേ അടച്ചു. അജാനൂർ ഗവ.മാപ്പിള എൽപി സ്കൂളിലെ കുട്ടികൾ റെയിൽപാളം കടക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അധ്യാപകരുടെയും പിടിഎ കമ്മിറ്റിയുടെയും അനാസ്ഥയെന്ന പേരിൽ പ്രചരിച്ച വിഡിയോ സ്കൂൾ അധികൃതര്‍ക്കെതിരെ ഏറെ വിമര്‍ശനത്തിന് ഇടയാക്കി. സംഭവം ശ്രദ്ധയിൽ പെട്ടതോടെയാണു കുട്ടികളുടെ സുരക്ഷ മുൻനിർത്തി റെയിൽവേ ഇന്നലെ ഈ വഴി അടച്ചത്. 

ഇതോടെ വിദ്യാർഥികൾക്ക് ഇനി സ്കൂളിലെത്തണമെങ്കിൽ 3 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. ഇവിടെ നടപ്പാലം പണിതു തരണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിരുന്നു. എന്നാൽ അന്നൊക്കെ നിസംഗതയോടെ പ്രതികരിച്ച അധികൃതരാണു വിഡിയോ വൈറലായതോടെ വഴി മുഴുവനായി അടച്ചുകളഞ്ഞത്.   പാലക്കാട് ഡിവിഷന്റെ നിർദേശ പ്രകാരമാണു റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ രജ്ഞിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാളത്തിലെ വഴി ക്രോസ് ബാർ വച്ച് അടച്ചത്. ആർപിഎഫും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. 

കുട്ടികളുടെ ഉത്തരവാദിത്വം  ആരെങ്കിലും ഏറ്റെടുത്താൻ വഴി തുറക്കാമെന്നാണു റെയിൽവേയുടെ നിലപാട്. കുട്ടികൾ കടന്നു വരാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകളും നീക്കം ചെയ്തു. നൂറു കണക്കിന് ആളുകളും ഇതുവഴി പാളം കടന്നാണു കാഞ്ഞങ്ങാട് നഗരത്തിലേക്കു വന്നിരുന്നത്.    വിഡിയോ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വരെ വിവരം തിരക്കി വിളിയെത്തി. എന്നാൽ എല്ലാ ദിവസവും കൃത്യമായി നാല് അധ്യാപകർ രാവിലെയും വൈകിട്ടും കുട്ടികളെ പാളം മുറിച്ചു കടത്താൻ സഹായിക്കാറുണ്ടായിരുന്നു. 

ഇതിനായി അധ്യാപകരുടെ ഡ്യൂട്ടി ചാർട്ട് വരെ സ്കൂളിൽ തയാറാക്കിയിരുന്നു.ഇട്ടമ്മൽ, കൊളവയൽ ഭാഗങ്ങളിലെ കുട്ടികളാണു സ്കൂൾ പഠിക്കുന്നവരിലധികവും. കാൽനടയായും വാഹനങ്ങളിലുമാണു കുട്ടികൾ സ്കൂളിലെത്തുന്നത്. പാളത്തിന് അപ്പുറം വരെ വാഹനത്തിലെത്തി അവിടെ നിന്നു പാളം കടന്നാണു കുട്ടികള്‍ സ്കൂളിലെത്തുന്നത്. ആകെയുള്ള 240 കുട്ടികളിൽ 140 കുട്ടികളും പാളം കടന്നാണു സ്കൂളിലെത്തുന്നത്.  

ഇവിടേക്ക് സ്കൂൾ മാറ്റിയിട്ട് 20 വർഷമായി. നടപ്പാലം വേണമെന്ന ആവശ്യത്തിനും ഇത്രയും കാലത്തെ പഴക്കമുണ്ട്. എന്നാല്‍ ആവശ്യം നിവേദനങ്ങളില്‍ ഒതുങ്ങിയെന്നു മാത്രം. ഇതിനിടെ സത്യം വളച്ചൊടിച്ചു ചിത്രീകരിച്ചതാണ് ഇത്രയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് സ്കൂൾ അധികൃതരും നാട്ടുകാരും പറയുന്നു. വിഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകാനാണു സ്കൂൾ അധികൃതരുടെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com