ADVERTISEMENT

തൃക്കരിപ്പൂർ∙ റെയിൽപാതയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലേക്കു കുട്ടികൾ പാളം മുറിച്ചു കടക്കുന്നതു തടയുന്നതിനു റെയിൽവേ നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയിൽ അജാനൂരിനു പുറമേ മറ്റിടങ്ങളിലും ‘അപായ വഴികൾ’ അടച്ചു തുടങ്ങി. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു വടക്കു ഭാഗത്ത് സെന്റ്പോൾസ് എയുപി സ്കൂളിനോടു ചേർന്നു കിടക്കുന്ന വഴി ഇന്നലെ അടച്ചു.

കുട്ടികൾ നടന്നു പോകുന്ന ഈ വഴിയിലൂടെ മറ്റുള്ളവർ ബൈക്കും സൈക്കിളും ഉൾപ്പെടെ പാളം കടത്തിക്കൊണ്ടു പോകുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നതു കൊണ്ടാണു വഴി അടച്ചു പൂട്ടുന്നതെന്നു റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ട്രെയിൻ വരുന്നതിനിടെ പാളത്തിനരികിൽ സൈക്കിൾ ഉപേക്ഷിച്ച് ഓടി മറഞ്ഞ സംഭവം അടുത്തിടെ ഉണ്ടായതായി അധികൃതർ വിശദീകരിച്ചു. എന്നാൽ ഈ വഴികളിലൂടെ നടന്നു വരാനുള്ള സൗകര്യം ഇപ്പോഴുമുണ്ട്. റെയിൽവേ സ്റ്റേഷന്റെ വടക്കേദിശയിലെ പ്ലാറ്റ് ഫോം ആരംഭിക്കുന്നിടത്താണ് അടച്ചു പൂട്ടിയ വഴി.

പേക്കടം മേഖലയിൽ നിന്ന് ഉൾപ്പെടെ കുട്ടികൾ പാളം കടന്നു വരുന്നുണ്ട്. സൗത്ത് തൃക്കരിപ്പൂരിലെ ഒളവറയിൽ റെയിൽപാതയും പയ്യന്നൂർ–തൃക്കരിപ്പൂർ റോഡും മുട്ടിയുരുമ്മി കടന്നു പോകുന്ന ഭാഗത്തു നേരത്തെ സ്ഥാപിച്ച ഇരുമ്പു വേലി ഇന്നലെ പുതുക്കി. തൃക്കരിപ്പൂർ പഞ്ചായത്തിൽ റെയിൽപാതയോടു ചേർന്നു കിടക്കുന്ന സെന്റ് പോൾസ്, ഒളവറ സങ്കേത എയുപി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്കു സമീപം നടന്നു പോകാനുള്ള മേൽപാലം പണിയണമെന്നു വർഷങ്ങളായി ആവശ്യമുന്നയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com