ADVERTISEMENT

പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ടും ആത്മാർഥത കൊണ്ടും അതിജീവിച്ച വിജയം. കൊറോണ വൈറസ് പോസിറ്റീവായിരുന്ന  മെഡിക്കൽ വിദ്യാർഥി  ചികിത്സയ്ക്ക് ശേഷം ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ നിന്നു പുറത്തു വന്നപ്പോൾ ജില്ലയിലെ ആരോഗ്യ രംഗം കുറിച്ചതു ചരിത്ര നേട്ടം.

മെഡിക്കൽ കോളജ് പോലുമില്ലാതെ ചികിത്സാ രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ജില്ലയാണ് ഒത്തൊരുമിച്ചു നിന്നു കൊറോണ വൈറസിനു മേൽ വിജയം നേടിയത്. രാവും പകലുമില്ലാതെ കഴിഞ്ഞ 18 ദിവസവും ആശങ്കയുടെ മുൾമുനയിലൂടെയായിരുന്നു ഒരോരുത്തരുടെയും യാത്ര. ഞായറാഴ്ച വൈകുന്നേരം സാംപിൾ നെഗറ്റീവാണെന്ന വിവരമെത്തിയതോടെ ഈ ആശങ്ക സന്തോഷത്തിനു വഴിമാറുകയായിരുന്നു.

Kasargod News
കാസർകോട് ജില്ലാ ആശുപത്രിക്ക് മുൻപിൽ സ്ഥാപിച്ച കൊറോണ ഹെൽപ് ഡെസ്ക്.

ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്കു കൊറോണ പോസിറ്റീവെന്നു സ്ഥിരീകരിച്ചതോടെ ജില്ലാ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്ത് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ‘റിസ്ക്’ ഒഴിവാക്കാമായിരുന്നു. എന്നാൽ ആ റിസ്ക് ഏറ്റെടുത്തു രോഗിയെ പരിചരിക്കാനാണ് ഇവർ മുതിർന്നത്. രോഗിയെ പരിചരിക്കാൻ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും സ്റ്റാഫ് നഴ്സും നഴ്സിങ് അസിസ്റ്റന്റുമാരും മറ്റു ജീവനക്കാരും പൂർണ താൽപര്യത്തോടെ മുന്നോട്ട് വന്നതും നാടിന് അഭിമാന നേട്ടം.

സംശയം സത്യമായി

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ജില്ല സർവൈലൻസ് ഓഫിസർ ഡോ.എ.ടി.മനോജിന്റെ നേതൃത്വത്തിൽ ജില്ലയിലും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ജനുവരി 28 നാണു ജില്ലയിൽ കൊറോണ പോസിറ്റീവായ മെഡിക്കൽ വിദ്യാർഥി ചൈനയിലെ വുഹാനിൽ നിന്ന് എത്തിയത്. പിറ്റേന്നു തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. പിന്നീടു നിശ്ചിത ദിവസത്തിനുള്ളിൽ ചൈനയിൽ നിന്നെത്തിയവരോടു വീണ്ടും പരിശോധനയ്ക്കെത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

വീണ്ടും പരിശോധനയ്ക്കെത്തിയ വിദ്യാർഥിക്ക് ഈ സമയം നേരിയ ജലദോഷവും കണ്ടെത്തി. സംശയം തോന്നിയ അധികൃതർ അന്നു തന്നെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രത്യേക തയാറാക്കിയ ഐസലേഷൻ വാർഡിലേക്കു മാറ്റി. അന്നത്തെ സംശയം പിന്നീടു പോസിറ്റീവായി വന്നതോടെ കൂടുതൽ പേരിലേക്കു വൈറസ് പകരുന്നതു തടയാൻ ആരോഗ്യ വകുപ്പിനു കഴിഞ്ഞു. 

സിഐഡി ഫ്രം ആരോഗ്യ വകുപ്പ്

മെഡിക്കൽ വിദ്യാർഥിയിൽ കൊറോണ സ്ഥിരീകരിച്ചതോടെ നാടെങ്ങും ആശങ്ക പടർന്നു. ജില്ലാ ആശുപത്രിയിലേക്കെത്തുന്ന രോഗികളുടെ വരവിൽ വൻ കുറവു വന്നു. നിതാന്ത ജാഗ്രതയുമായി ആരോഗ്യ വകുപ്പ് ജീവനക്കാർ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. എ.വി.രാംദാസിന്റെ നേതൃത്വത്തിൽ രാവും പകലുമില്ലാതെ ജോലിക്കിറങ്ങി. ഇതിനിടെ കൊറോണ പോസിറ്റീവായ രോഗിയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

വുഹാനിൽ നിന്നു വിമാന മാർഗം കൊൽക്കത്തയിലേക്കും അവിടെ നിന്നു ബെംഗളൂരുവിലേക്കും പിന്നീടു കൊച്ചിയിലേക്കുമാണു വിദ്യാർഥി എത്തിയത്. കൊച്ചിയിൽ അങ്കമാലിയിലെ ഒരു ഹോട്ടലിൽ ഒരു ദിവസം തങ്ങി. പിറ്റേന്നു മംഗള എക്സ്പ്രസിൽ കാഞ്ഞങ്ങാട്ടെത്തി. ഈ യാത്രയിലെല്ലാം ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുക ഏറെ ശ്രമകരവും പ്രയാസവുമായിരുന്നു. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് തയാറായി. വിമാന മാർഗം കൂടെ സഞ്ചരിച്ച മുഴുവൻ പേരുടെയും വിവരം ശേഖരിച്ചു.

പാലക്കാട് ഡിവിഷൻ ഓഫിസുമായി ബന്ധപ്പെട്ട ട്രെയിനിൽ യാത്ര ചെയ്ത മുഴുവൻ പേരുടെയും വിവരം ശേഖരിച്ചു. ഇവരുമായി നേരിട്ടു സംസാരിച്ച് ഓരോരുത്തരുടെയും വിലാസം ശേഖരിച്ചു. രോഗിയുമായി സമ്പർക്കമുണ്ടായ ഇതര സംസ്ഥാനക്കാരുടെ വിവരം അതാതു സംസ്ഥാനങ്ങളെ കൃത്യമായി അറിയിച്ച് ഇവരെ നിരീക്ഷിക്കാനുള്ള സംവിധാനമേർപ്പെടുത്തി. ഹോട്ടലിൽ നിന്നു വിദ്യാർഥിയുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിച്ചു.

ട്രെയിനിൽ സഞ്ചരിച്ചവരുടെ മൊത്തം വിവരവും ആരോഗ്യ വകുപ്പ് ശേഖരിച്ചു. ഇതര ജില്ലകളിലുള്ളവരുടെ വിവരം കൃത്യമായി അതാതു ജില്ലാ നേതൃത്വത്തെ അറിയിച്ചു. വിദ്യാർഥിയുമായി അടുത്തു ബന്ധപ്പെട്ട 189 പേരെ കൃത്യമായി കണ്ടെത്താനായത് ആരോഗ്യ വകുപ്പിന്റെ നേട്ടമായി. വെറും നാലു ജീവനക്കാരെ വച്ചു രാവും പകലുമില്ലാതെ കഷ്ടപ്പെട്ടാണ് ഇവരുടെ വിവരം ശേഖരിച്ചതെന്നു പറയുമ്പോഴാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ അധ്വാനം തിരിച്ചറിയുക. മറ്റു ജില്ലകളിൽ ഇതിനായി 20 ജീവനക്കാരുണ്ടായിരുന്നെന്ന കാര്യം ഇതോടൊപ്പം ഓർക്കണം.

ദത്തെടുത്ത് ആശുപത്രി

കൊറോണ പോസിറ്റീവായതോടെ മെഡിക്കൽ വിദ്യാർഥിയുടെ പരിചരണം പൂർണമായി ജില്ലാ ആശുപത്രി അധികൃതർ ഏറ്റെടുത്തു. ഭക്ഷണവും വസ്ത്രവുമടക്കം ആശുപത്രി അധികൃതർ തന്നെ എത്തിച്ചു നൽകി. മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായി ഒഴിവാക്കാനായിരുന്നു ഇത്. എല്ലാ ദിവസവും കൗൺസലിങ് നൽകി.

ജില്ലാ ആശുപത്രിയിലെ 25 ജീവനക്കാർ രാവും പകലുമില്ലാതെ പരിചരണവുമായി കൂടെ നിന്നു. ഒരു വിധത്തിലുമുള്ള അസൗകര്യം വരാതെ നോക്കാൻ ആർഎംഒ ഡോ.റിജിത്ത് കൃഷ്ണൻ സദാസമയവും ജില്ലാ ആശുപത്രിയിൽ തന്നെ തങ്ങി. ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി.പ്രകാശ് വേണ്ട നിർദേശവും സഹായവുമായി കൂടെ നിന്നു. 

ആശങ്ക നീങ്ങുന്നു

കൊറോണ പോസിറ്റീവായ വിദ്യാർഥിയുടെ സാംപിൾ നെഗറ്റീവായതോടെ ജില്ലയിൽ കൊറോണ ആശങ്കയും നീങ്ങുന്നു. 110 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്നത്. 5 പേരെ ആശുപത്രി ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു നിരീക്ഷിച്ചു. 24 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇപ്പോൾ 77 പേർ മാത്രമാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. പോസിറ്റീവായ വിദ്യാർഥിയുടെ കൂടെ മുഴുവൻ സമയവും ഉണ്ടായിരുന്ന വിദ്യാർഥിയുടെ കാര്യത്തിൽ ആരോഗ്യ വകുപ്പിന് ഏറെ ആശങ്കയുണ്ടായിരുന്നു.

എന്നാൽ ഫലം നെഗറ്റീവായതോടെ ഏറെ ആശ്വാസമായി. ജില്ലാ ആരോഗ്യ വകുപ്പ് നൽകിയ സേവനം വിലമതിക്കാനാകാത്തതാണന്ന് ഈ വിദ്യാർഥിയുടെ മാതാവ് മനോരമയോട് പറഞ്ഞു. നിരീക്ഷത്തിലുള്ളവരെ എല്ലാ ദിവസവും കൃത്യമായി 2 നേരം ബന്ധപ്പെട്ടാനും അധികൃതർ ശ്രദ്ധിച്ചു. മെഡിക്കൽ വിദ്യാർഥിയെ പരിചരിച്ച ആശുപത്രി ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com