ADVERTISEMENT

കാസർകോട് ∙ 2001ലാണ് ഒരുമാസത്തിലധികം നീണ്ട ഖനനത്തിലൂടെ ബേക്കൽ കോട്ടയിൽ ഇക്കേരി രാജവംശത്തിന്റെയും ടിപ്പുസുൽത്താന്റെയും ഉൾപ്പെടെയുള്ള ചരിത്ര സ്മൃതികൾ കണ്ടെത്തിയത്. ഇവ സന്ദർശകർക്കു കാണാൻ അവസരം ഒരുക്കി ബേക്കൽ കോട്ടയോടു ചേർന്ന് ചരിത്ര മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല.കോട്ടയിൽ കിഴക്കു ഭാഗത്ത് ഇക്കേരി രാജ വംശത്തിന്റെയും പടിഞ്ഞാറു ഭാഗത്തു നിന്നു ടിപ്പുസുൽത്താൻ ഭരണകാലത്തെ നിർമിതികളായിരുന്നു  കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഖനനത്തിൽ കിട്ടിയത്. ഇവ ഇപ്പോൾ തൃശൂരിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കസ്റ്റഡിയിലാണുള്ളത്.

ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലെ മുന്നൂറോളം നാണയങ്ങളും അച്ചുകളും അന്നു കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇവിടെ നാണയ മുദ്രണശാലയുണ്ടായിരുന്നുവെന്നതിന്റെ തെളിവായിരുന്നു അത്. നാണയങ്ങൾ പല വലുപ്പത്തിലുള്ളതും ചെമ്പു കൊണ്ട് ഉണ്ടാക്കിയവയുമായിരുന്നുവെന്നും മുദ്രണം ചെയ്ത വിവരങ്ങൾ പേർഷ്യൻ ലിപി ആയിരുന്നുവെന്നും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര അധ്യാപകനായിരുന്ന ‍ഡോ.സി.ബാലൻ‍ പറയുന്നു.ടെറാക്കോട്ടയിലും ചെമ്പിലും ഉണ്ടാക്കിയ 2 അച്ചുകൾ, 2 വെള്ളി നാണയം, ചെമ്പു നാണയങ്ങൾ തയാറാക്കാനുള്ള ഒട്ടേറെ ചെമ്പു കട്ടകൾ, നാലുകെട്ട് മാതൃകയിലുള്ള ഒരു കെട്ടിടം, അടുക്കള, അടുപ്പുകൾ, ധാന്യം പൊടിക്കാൻ ഉപയോഗിക്കുന്ന കരിങ്കല്ലിൽ ഉണ്ടാക്കിയ അരകല്ല് തുടങ്ങിയവയും കണ്ടെത്തി. 

2 കിണറുകൾക്കു നടുവിൽ ഉള്ള വീട് നാണയ മുദ്രണശാലയുടെ മേൽനോട്ടക്കാരന്റേതും സമീപ വീടുകൾ നാണയ മുദ്രണ ശാലയിലെ തൊഴിലാളികളുടേതുമായിരിക്കാമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ. കമ്മൽ, വളകളുടെ കഷണങ്ങൾ, മൺകുടങ്ങൾ, പാത്രങ്ങൾ, ക്ഷേത്രങ്ങളിൽ വഴിപാടായി നൽകാറുള്ള ആൾ രൂപങ്ങൾ, സ്വർണ രൂപങ്ങൾ തുടങ്ങിയവയെല്ലാം അന്നു കിട്ടിയവയിൽ ഉൾപ്പെടും. മൈസൂരു രാജവംശം, സുൽത്താന്മാർ, ഇക്കേരി രാജവംശം തുടങ്ങിയ കാലഘട്ടത്തിലെ പാത്രങ്ങളും നാണയങ്ങളും മറ്റുമാണു പ്രധാനമായും കിട്ടിയിട്ടുള്ളത്. 

ബേക്കലിൽ നിന്നു കണ്ടെടുത്തവ അവിടെ തന്നെ സൂക്ഷിക്കണം

ബേക്കൽ കോട്ടയിൽ നിന്നും ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തവ ഉൾപ്പെടെയുള്ള ചരിത്ര ശേഷിപ്പുകൾ ബേക്കലിൽ തന്നെ  ദിവസവും  കാണാൻ സൗകര്യം ഒരുക്കുന്നതു സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും. ബേക്കലിന്റെ രാജ്യാന്തര പ്രാധാന്യവും വർധിപ്പിക്കും.  ഈ ആവശ്യം ഉന്നയിച്ച് ഡോ.സി.ബാലനും ടൂറിസം വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടത്തിനും പുരാവസ്തു വകുപ്പിനും കത്തെഴുതിയിരുന്നു. ബേക്കൽ കോട്ടയ്ക്കു പുറത്തു സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ലഭ്യമാക്കി സൗകര്യങ്ങൾ വിപുലപ്പെടുത്തി മ്യൂസിയം സ്ഥാപിക്കണമെന്നാണ് ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com