ADVERTISEMENT

കാസർകോട് ∙ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടിയിൽ നഷ്ടമായ ജില്ലാ പ‍ഞ്ചായത്ത് ഭരണം മുന്നണി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രനു ലഭിച്ച ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് തിരിച്ചു പിടിച്ചു. യുഡിഎഫും എൽഡിഎഫും 7 വീതം സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫ് സ്വതന്ത്രന് ഒരു ഡിവിഷനും ലഭിച്ചു. ബിജെപി 2 സീറ്റുകൾ നിലനിർത്തി. കോൺഗ്രസിൽ നിന്നു രാജിവെച്ച് എൽഡിഎഫ് പിന്തുണയോടെ ചെങ്കള ഡിവിഷനിൽ മത്സരിച്ച് വിജയിച്ച ഷാനവാസ് പാദൂരിന്റെ വിജയമാണ് എൽഡിഎഫിന് ഭരണം സമ്മാനിക്കുന്നത്.

കാറഡുക്ക ബ്ലോക്കിലെ വോട്ടെണ്ണൽ കേന്ദ്രമായ ബോവിക്കാനം ബിഎആർ ഹയർസെക്കൻഡറി സ്കൂളിൽ ആദ്യ ഫലം വന്ന മുളിയാർ പഞ്ചായത്തിലെ ഒന്നാം വാ‍ർഡിൽ നിന്നു വിജയിച്ച യുഡിഎഫിലെ പി.എസ്.അബ്ദുൽ ജുനൈദിനെ പ്രവർത്തകർ തോളിലേറ്റിയപ്പോൾ.

ഇത്തവണ ദേലംപാടി സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോൾ പിലിക്കോട്, ചെങ്കള ഡിവിഷനുകൾ എൽഡിഎഫിന്റെതായി. ദേലംപാടി ഡിവിഷനിൽ മുൻ മഞ്ചേശ്വരം എംഎൽഎ പരേതനായ പി.ബി. അബ്ദുൽറസാഖിന്റെ മകൻ പി.ബി.ഷെഫീഖ് ആണ് സിപിഎമ്മിലെ എ.പി.കുശലനെ തോൽപിച്ച് കന്നി മത്സരത്തിൽ ജില്ലാ പ‍ഞ്ചായത്തിലെത്തുന്നത്. യുഡിഎഫ് കഴിഞ്ഞ തവണ ജയിച്ച പിലിക്കോട് ഡിവിഷനിൽ ഇത്തവണ എൽജെഡി സ്ഥാനാർഥി മനുവിനിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു.

എടനീർ, പുത്തിഗെ ഡിവിഷനുകളിലാണ് ബിജെപി സീറ്റുകൾ നിലനിർത്തിയത്. മടിക്കൈ, കരിന്തളം, കള്ളാർ, ബേഡകം, പെരിയ, ചെറുവത്തൂർ ഡിവിഷനുകളിൽ എൽഡിഎഫ് സ്ഥാനാർഥികളും ചിറ്റാരിക്കാൽ, കുമ്പള, വോർക്കാടി, ഉദുമ, ദേലംപാടി,സിവിൽ സ്റ്റേഷൻ, മഞ്ചേശ്വരം എന്നീ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുമാണ് ജയിച്ചത്.

2015 സീറ്റ് നില:  

∙ എൽഡിഎഫ് 7
∙ യുഡിഎഫ് 8 
∙ ബിജെപി 2

നീലേശ്വരം നഗരസഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടിയ എൽഡിഎഫ് നീലേശ്വരം നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.

നഗരസഭകളിലും എൽഡിഎഫ്

ജില്ലയിലെ നഗരസഭകളിൽ ഉയർന്ന പോളിങ് (80.39%) നടന്ന നീലേശ്വരത്ത് എൽഡിഎഫിന് തുടർച്ചയായ മൂന്നാം വിജയം. കാൽനൂറ്റാണ്ടു നീളുന്ന ഭരണത്തുടർച്ചയ്ക്കു കൂടി ശിലയിടുന്നതാണ് ഈ വിജയം. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട 2 വാർഡുകൾ യുഡിഎഫിൽ നിന്ന് തിരിച്ചു പിടിച്ചു കൊണ്ടാണ് ഇക്കുറി എൽഡിഎഫ് മുന്നേറ്റം– വാർഡ് 16 തട്ടാച്ചേരിയും 23 കടിഞ്ഞിമൂലയും. 

കാഞ്ഞങ്ങാട് നഗരസഭയിൽ നേടിയ വിജയത്തെ തുടർന്നു എൽഡിഎഫ് നഗരത്തിൽ നടത്തിയ പ്രകടനം.

ഇരു വാർഡുകളിലും കഴിഞ്ഞ തവണത്തേതിലും യഥാക്രമം 169– 141 വോട്ടുകൾ അധികം നേടി. അതേസമയം, പൂവാലംകൈ, കുഞ്ഞിപ്പുളിക്കാൽ വാർഡുകളിൽ നേരിയ തോതിലാണെങ്കിലും വോട്ടു കുറഞ്ഞതും ചർച്ചയായി. യഥാക്രമം 57– 59 വോട്ടുകളുടെ കുറവാണ് ഇവിടങ്ങളിലുണ്ടായത്. പൂവാലംകൈയിൽ ബിജെപിയും കുഞ്ഞിപ്പുളിക്കാലിൽ യുഡിഎഫ്, ബിജെപി സ്ഥാനാർഥികളും നേട്ടമുണ്ടാക്കി. പൂവാലംകൈയിൽ യുഡിഎഫിനും വൻ തോതിൽ വോട്ടു ചോർച്ചയുണ്ടായി.

 ചാത്തമത്ത്, പൂവാലംകൈ, പടിഞ്ഞാറ്റംകൊഴുവൽ ഈസ്റ്റ് വാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബിജെപി അതിശയിപ്പിച്ച മുന്നേറ്റമുണ്ടാക്കിയത് പടിഞ്ഞാറ്റംകൊഴുവലിലാണ്. കോൺഗ്രസിനു നല്ല വോട്ടുള്ള ഇവിടെ വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണിയപ്പോൾ 3 വോട്ടിനു മുന്നിലായിരുന്ന ബിജെപി പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ ഇത്രയും വോട്ടിനു പരാജയപ്പെട്ടു.

തീരദേശത്തെ 4 വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച എസ്ഡിപിഐ ഇക്കുറി വാർഡ് 26 തൈക്കടപ്പുറം സെന്ററിൽ അക്കൗണ്ട് തുറന്നു. കോൺഗ്രസിന് ഒറ്റയ്ക്ക് ഉയർന്ന ഭൂരിപക്ഷമുള്ള വാർഡ് 3 കിഴക്കൻകൊഴുവലിൽ  വികസന കൂട്ടായ്മയുടെ പേരിൽ രംഗത്തിറങ്ങിയ കോൺഗ്രസ് റിബൽ 46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വോട്ടെടുപ്പിനു മുൻപ് ഇവരെയും പ്രചാരണത്തിനു ചുക്കാൻ പിടിച്ച കോൺഗ്രസ് നേതാക്കളെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. 

കാസർകോട് നഗരസഭ യുഡിഎഫിനൊപ്പം

കാസർകോട് നഗരസഭയിൽ കഴിഞ്ഞ 2 പതിറ്റാണ്ടുകാലം തുടർച്ചയായി ഭരണത്തിലുള്ള യുഡിഎഫ് വീണ്ടും വിജയക്കൊടി നാട്ടി. നഷ്ടപ്പെട്ട 2 വാർഡുകൾ യുഡിഎഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പിലൂടെ ഒരു സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ ആ സീറ്റ് നഷ്ടപ്പെടുത്തി.

കഴിഞ്ഞ തവണ 13 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ അതു 14 ആക്കി നില മെച്ചപ്പെടുത്തി. ഇടതു മുന്നണി പിന്തുണ നൽകിയ 20, 21 വാർഡുകളിൽ കഴിഞ്ഞ തവണത്തെ പോലെ മുസ്‍ലിം ലീഗ് റിബൽ ഉൾപ്പെടെയുള്ള 2 സ്വതന്ത്രരും ജയിച്ചു. 17ാം വാർഡ് സിപിഎം നിലനിലർത്തി.

ഫലം പുറത്തു വന്നു തുടങ്ങിയപ്പോൾ 20, 21 വാർഡുകളിൽ പരാജയം ആവർത്തിക്കുമെന്ന് തോന്നിച്ചുവെങ്കിലും കഴിഞ്ഞ തവണ പരാജയപ്പെട്ട ഈ 2 വാർഡുകൾ തിരിച്ചു പിടിച്ചു മുന്നേറുകയായിരുന്നു യുഡിഎഫ്. കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ ജയിച്ച 3 (അടുക്കത്ത്ബയൽ), 35(പള്ളം) വാർഡുകൾ തിരിച്ചു പിടിച്ചായിരുന്നു ഈ മുന്നേറ്റം. യുഡിഎഫിൽ കോൺഗ്രസ് ജയിച്ച 36 കടപ്പുറം സൗത്ത് വാർഡ് തിരിച്ചു പിടിച്ചാണ് ബിജെപി 13ൽ നിന്നു സീറ്റ് നില 14 ആയി ഉയർത്തിയത്.

നഗരസഭാധ്യക്ഷ പദവിയിലേക്കു വി.എം.മുനീർ, അബ്ബാസ് ബീഗം, മുഹമ്മദുകുഞ്ഞി തായലങ്ങാടി തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. അബ്ബാസ് ബീഗം 2010ലും മുനീർ 2015 ലും സ്ഥിരം സമിതി അധ്യക്ഷരായിരുന്നു. 2000–2005, 2010–2015 വർഷങ്ങളിലും നഗരസഭ അംഗമായിരുന്നു 3 ാം തവണയാണ് മുഹമ്മദുകുഞ്ഞി തായലങ്ങാടി നഗരസഭാംഗമാകുന്നത്.

കാഞ്ഞങ്ങാട്ട് എൽഡിഎഫിന് ഭരണ തുടർച്ച

കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണ തുടർച്ച നേടി എൽഡിഎഫ്. 43 സീറ്റിൽ 24 സീറ്റ് നേടിയാണ് ഇടതുമുന്നണി ഭരണം ഉറപ്പിച്ചത്. ഇതിൽ സിപിഎം 19, ഐഎൻഎൽ 3, സിപിഐ 1, ലോക് താന്ത്രിക് ജനതാദൾ 1 സീറ്റും നേടി. 29, 33, 35 എന്നീ 3 വാർഡുകൾ യുഡിഎഫിൽ നിന്നു എൽഡിഎഫ് പിടിച്ചെടുത്തു. അതേ സമയം എൽഡിഎഫിൽ നിന്നു 12, 38, 39 എന്നീ വാർഡുകൾ യുഡിഎഫും തിരിച്ചു പിടിച്ചു.

പാർട്ടി ഗ്രാമമായ അതിയാമ്പൂരിൽ സിപിഎമ്മിന്റെ സ്ഥാനാർഥിക്ക് ഭീഷണിയായി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം മത്സരിച്ചിരുന്നു. പി.ലീലയാണ് സിപിഎം സ്ഥാനാർഥി കെ.വി.സുജാതയ്ക്കെതിരെ മത്സരിച്ചത്. കെ.സുജാത 469 വോട്ടും ലീല 221 വോട്ടും നേടി. 2015 ൽ സിപിഎം ഇവിടെ 524 വോട്ട് നേടിയിരുന്നു. ഇത്തവണ 55 വോട്ട് ഇവിടെ കുറഞ്ഞു. പല വാർഡുകളിലും കോൺഗ്രസ് വോട്ടുകൾ വൻതോതിൽ കുറഞ്ഞു.

യുഡിഎഫിന് ഇത്തവണ ഒരു സീറ്റ് കുറഞ്ഞു. കഴിഞ്ഞ തവണ 14 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. മുസ്‌ലിം ലീഗ് ഒരു സീറ്റ് അധികം നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് നഷ്ടമായി. 2015 ൽ 3 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഇത്തവണ അത് രണ്ടിൽ ഒതുങ്ങി. കെപിസിസി സെക്രട്ടറി എം.അസിനാർ കരുവളം വാർഡിൽ തോറ്റത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. കിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ച മധുരംങ്കൈ, മരക്കാപ്പ് കടപ്പുറം എന്നിവ നഷ്ടപ്പെട്ടതും കോൺഗ്രസിന് ഇരുട്ടടിയായി.

നിലാങ്കര വാർഡ് എൽഡിഎഫ് നിലനിർത്തിയതും യുഡിഎഫിന് പ്രതികൂലമായി. 29 വോട്ടിനാണ് ഈ സീറ്റ് യുഡിഎഫിന് നഷ്ടമായത്. എന്നാൽ യുഡിഎഫ് വിമതനായി മത്സരിച്ച കെ.കെ.ഇസ്മായിൽ ഇവിടെ 39 വോട്ട് നേടി. 25 വർഷത്തിന് ശേഷം നഗരസഭയിൽ ആദ്യമായി സിപിഐ തങ്ങളുടെ അക്കൗണ്ട് തുറന്നതും ശ്രദ്ധേമായി. നഗരസഭാധ്യക്ഷനായിരുന്ന വി.വി.രമേശൻ മാതോത്ത് വാർഡിൽ നിന്നു ജയിച്ചു. 

അതേ സമയം എൽഡിഎഫ് പക്ഷത്തെ നഗരസഭ ഉപാധ്യക്ഷയായിരുന്ന എൽ.സുലൈഖ, സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മഹ്മൂദ് മുറിയനാവി എന്നിവരുടെ പരാജയം തിരിച്ചടിയായി. 2015 ൽ എൽഡിഎഫ് 16312 വോട്ടാണ് നേടിയത്. എന്നാൽ ഇത്തവണ 20372 വോട്ട് ഇടതു മുന്നണി നേടി. ബിജെപി നിലവിലുളള സ്ഥിതി നില നിർത്തി. 5 സീറ്റുകളിൽ ബിജെപി വിജയം കൊയ്തു. ബിജെപി പിന്തുണയോടെ മുനിസിപ്പൽ വാർഡിൽ സ്വതന്ത്രയായി മത്സരിച്ച വന്ദനയും വിജയം നേടി. 

കാൽ നൂറ്റാണ്ടിന് ശേഷം കാഞ്ഞങ്ങാട്ട് സിപിഐ

കാൽ നൂറ്റാണ്ടിന് ശേഷം കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഐയ്ക്ക് വിജയം. 1988 ൽ സി.കെ.കുഞ്ഞിരാമൻ ആയിരുന്നു സിപിഐ സ്ഥാനാർഥിയായി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനു ശേഷം 2020 ലാണ് സിപിഐ സ്ഥാനാർഥി വിജയം നേടുന്നത്. കാഞ്ഞങ്ങാട് സൗത്തിൽ നിന്നു വിജയിച്ച കെ.പ്രഭാവതിയാണ് നഗരസഭയിലെ സിപിഐയുടെ ഇത്തവണത്തെ പ്രതിനിധി. 78 വോട്ടിന് കോൺഗ്രസിലെ എൻ.പ്രീതയെയാണ് പ്രഭാവതി പരാജയപ്പെടുത്തിയത്. 488 വോട്ട് പ്രഭാവതിയും 410 വോട്ട് പ്രീതയും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com