ADVERTISEMENT

കാസർകോട് ∙  ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നു പിടിച്ചെടുത്ത് എൽഡിഎഫ്. ജില്ലയിലെ 6 ബ്ലോക്ക് പഞ്ചായത്തുകളിൽ 4 ഉം എൽഡിഎഫിന്. ജില്ലയിലെ 3 നഗരസഭകളിൽ 2 എണ്ണം എൽഡിഎഫും 1 യുഡിഎഫും നിലനിർത്തി. പുല്ലൂർ–പെരിയയിലും വെസ്റ്റ് ഏളേരിയിലും ഭരണം തിരിച്ച് പിടിക്കാനായതു മാത്രം യുഡിഎഫിന് നേട്ടം. 38 പഞ്ചായത്തുകളിൽ 12 ഇടത്ത് എൽഡിഎഫ് ഭരണം ഉറപ്പിച്ചു. 9 പഞ്ചായത്തുകളിൽ യുഡിഎഫും 2 പഞ്ചായത്തുകളിൽ എൻ‌ഡിഎയും ഭരിക്കും.

14 പഞ്ചായത്തുകളിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. പ്രതീക്ഷിച്ച വിജയം തെന്നിമാറിയപ്പോൾ പതറി യുഡിഎഫ്. പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാതെ ബിജെപി. കോൺഗ്രസ് വിമതരായ ഡിഡിഎഫിന്റെ ശക്തികേന്ദ്രമായ ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഭരണം നേടാനായില്ലെങ്കിലും 7 സീറ്റ് ലഭിച്ചത് കോൺഗ്രസിന് ആശ്വാസമായി. നഗരസഭ അടക്കം മുസ്‌ലിം ലീഗ് കോട്ടകളിൽ യുഡിഎഫിന് വലിയ ക്ഷീണമുണ്ടായില്ല.

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിൽ ഭരണത്തിലെത്തുമെന്ന കണക്കുകൂട്ടലിൽ മൽസരിച്ച യുഡിഎഫിന് ഇവിടെ ചെറിയ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജില്ലാ പ‍ഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞതും കാഞ്ഞങ്ങാടും നീലേശ്വരത്തും ഭരണം നിലനിർത്താൻ കഴിഞ്ഞതും എൽഡിഎഫിന് നേട്ടമായി. വലിയപറമ്പ്, കുറ്റിക്കോൽ, ഉദുമ പഞ്ചായത്തുകളിൽ ഭരണം തിരിച്ചുപിടിക്കാൻ  ഇടതിനായി. ഉദുമയിൽ ചരിത്രത്തിലാദ്യമായി 2 സീറ്റിൽ വിജയിക്കാൻ ബിജെപിക്കു കഴിഞ്ഞു.

അതേ സമയം കാറഡുക്ക, കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകളിൽ കൈവശമുണ്ടായിരുന്ന വാർഡുകൾ ബിജെപിക്കു നഷ്ടപ്പെട്ടു. നീലേശ്വരം,കാഞ്ഞങ്ങാട് എന്നീ നഗരസഭകളിൽ നല്ല മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും ഇവിടെ പ്രതീക്ഷിച്ച വിജയം നേടാൻ അവർക്കായില്ല. പലയിടങ്ങളിലും ബിജെപിക്കു വോട്ടുവിഹിതം വർധിച്ചിട്ടുണ്ട്. കയ്യൂർ–ചീമേനി, ബേഡഡുക്ക പഞ്ചായത്തുകളിൽ എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത ഭരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com