ADVERTISEMENT

തൃക്കരിപ്പൂർ ∙ സിപിഎം പാർട്ടി ഗ്രാമത്തിൽ ചേരിതിരിഞ്ഞ് ഇരുവിഭാഗം ഏറ്റുമുട്ടി. 6 പേർ ആശുപത്രിയിൽ. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീട് കയ്യേറി. പടന്ന പഞ്ചായത്തിലെ തെക്കെക്കാട് പതിമൂന്നാം വാർഡിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്ക് വോട്ടു കുറഞ്ഞതിനെച്ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. സിപിഎം പ്രവർത്തകരായ പി.വി.സുധീഷ് (24) കെ.റീന (34) കെ.ദാസൻ (43) വിമത വിഭാഗത്തിൽ പെട്ട ജിനേഷ് നാരായണൻ (40) കെ.വി.തമ്പാൻ (58) എ.അനേഷ് (35) എന്നിവർക്കാണ് പരുക്ക്.

എല്ലാവരെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുമുന്നണിയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ കല്ലേറ് നടത്തിയതാണ് അക്രമത്തിനു തുടക്കമെന്നും വർഷങ്ങളായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരാണ് ഇതിനു പിന്നിലെന്നും ഔദ്യോഗിക വിഭാഗം ആരോപിച്ചു. അതേ സമയം പ്രകടനം നടത്തി തിരിച്ചുവരികയായിരുന്നവരിൽ ചിലർ സംഘടിതമായി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നും നേരത്തെ മുതൽ പ്രകോപനം സൃഷ്ടിച്ചുവെന്നും വിമത പക്ഷം കുറ്റപ്പെടുത്തി.

പ്രകടനക്കാരിൽ ചിലരാണ് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.പി.രവിയുടെ വീട് കയ്യേറിയത്. ജനൽചില്ലുകൾ അടിച്ചുടച്ചും മറ്റും നാശം വരുത്തി. സംഭവത്തിൽ രവിയുടെ ഭാര്യ പ്രീജ ചന്തേര പൊലീസിൽ കണ്ടാലറിയുന്ന സിപിഎം പ്രവർത്തകർക്കെതിരെ പരാതി നൽകി. പെരിയയിലെ കോൺഗ്രസ് രക്തസാക്ഷി കൃപേഷിന്റെ കുടുംബാംഗമാണ് പ്രീജ. ഇരുന്നൂറിൽ പരം വോട്ടിന്റെ ഭൂരിപക്ഷമുള്ള തെക്കെക്കാട് വാർഡിൽ സിപിഎം സ്ഥാനാർഥി കെ.വി.തമ്പായിക്ക് 29 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.

തമ്പായിക്ക് 567 വോട്ടും യുഡിഎഫിലെ എം.ഹാജിറക്ക് 538 വോട്ടുമാണ് ലഭിച്ചത്. പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ യുഡിഎഫുമായി ചേർന്ന് ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചവർക്ക് അതിനു കഴിയാതെ വന്നപ്പോൾ അക്രമിച്ചുവെന്നു സിപിഎം ഔദ്യോഗിക വിഭാഗവും പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് വോട്ടു ചോർച്ച തിരിച്ചടിയായപ്പോൾ അതിന്റെ രോഷം തീർക്കാൻ അക്രമം നടത്തിയെന്നു വിമത വിഭാഗവും പറഞ്ഞു.

വർഷങ്ങളായി ഇവിടെ വിഭാഗീയത നിലനിൽക്കുന്നുണ്ട്. പാർട്ടി കുടുംബങ്ങളിൽ ഛിദ്രമുണ്ടാക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ആത്മവീര്യം തകർക്കാമെന്നു മോഹിക്കരുതെന്നും സിപിഎം ഏരിയാ സെക്രട്ടറി കെ.സുധാകരൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ യുഡിഎഫുമായി കൈകോർത്തവരുടെ ഗൂഢനീക്കം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com